സുരാസു: അസംബന്ധങ്ങളുടെ പ്രിയ പ്രേയസി


കൂടണയും മുമ്പ്

കോട്ടയത്തെ ഒരു ഹോട്ടല്‍ മുറി. പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടനും ഏതാനും സുഹൃത്തുക്കളും സംഭാഷണത്തിലാണ്. നിത്യവൃത്തിക്ക് വകയുണ്ടാക്കാന്‍, താടിയുമുപേക്ഷിച്ച് കോട്ടയത്ത് വന്നിറങ്ങിയ സുരാസുവും അക്കൂട്ടത്തിലുണ്ട്. മുഴിഞ്ഞ ഒരു കടലാസില്‍ കുത്തിക്കുറിച്ച ഒരു കവിത സുരാസു കാക്കനാടന്‍റെ കൈയ്യില്‍ കൊടുത്തു. അദ്ദേഹമത് വായിച്ചു. അഭിപ്രായവും പറഞ്ഞു. സുരാസുവും പത്രപ്രവര്‍ത്തകനായ കുര്യനും പോകാനൊരുങ്ങി. 'കാശ് വല്ലതും വേണമോ?' എന്ന് കാക്കനാടന്‍ സ്നേഹപൂര്‍വ്വം സുരാസുവിനോടു ചോദിച്ചു. 'വേണ്ട' എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍ സുരാസു കുര്യനോട് സങ്കടം പറഞ്ഞു: "അവശ കലാകാരന്‍മാര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടുന്നുണ്ടായിരുന്നു. കുറെ നാളായി അതും കിട്ടുന്നില്ല." കുര്യന്‍ പോക്കറ്റ് തപ്പി അമ്പത് രൂപാ എടുത്തു കൊടുത്തു. സുരാസു അത് വാങ്ങി.

2

കോട്ടയത്തെ ദേശാഭിമാനി തീയറ്റേഴ്സിന്‍റെ പ്രവര്‍ത്തകരെ തപ്പി സുരാസു ഓഫീസിലെത്തി. പണ്ടെങ്ങോ, ഒരു നാടകം എഴുതിക്കൊടുക്കാമെന്ന് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനം ഓര്‍മ്മിച്ച് ചെന്നതായിരുന്നു അദ്ദേഹം. നാടക സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തകരെ കണ്ടെത്താന്‍ കഴിയാതെ അദ്ദേഹം മടങ്ങി.

3

'ഭാഷാപോഷിണി' മാസികയുടെ ഓഫീസ്. കാവി മുണ്ടുടുത്ത്, കാവി ഷാള്‍ പുതച്ച് പ്രവാസിയെപ്പോലെ മരണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് സുരാസു അവിടേക്ക് കയറിച്ചെന്നു. 'ഭാഷാപോഷിണി' എഡിറ്റര്‍-ഇന്‍-ചാര്‍ജ്ജ് സി. രാധാകൃഷ്ണനെയാണ് ആദ്യമായി അന്വേഷിച്ചത്. അദ്ദേഹം അവധിയിലാണെന്നറിഞ്ഞപ്പോള്‍ ഭാഷാപോഷിണിക്കായി തന്‍റെ 'വിളയാത്തവ' എന്ന അവസാന കവിത നീട്ടി.

കവിത സന്തോഷപൂര്‍വ്വം സ്വീകരിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന കണ്ണുകളില്‍ ഒരു നിമിഷത്തെ  പകപ്പ്: "ഇത് കവിതയോ ഭ്രാന്തോ?"

സുരാസുവിന്‍റെ ചോദ്യം ശരിയായിരുന്നു. പകുതി കവിതയും പകുതി ഭ്രാന്തും കലര്‍ത്തിയ നാടകീയ ശില്‍പമായിരുന്നു അത്. എന്നാല്‍ ജീവിതത്തിന്‍റെ നിസ്സഹായതയും നിരാലംബതയും ആ വരികളില്‍ തുടിച്ചു നിന്നു. 

സ്വന്തം സൃഷ്ടിയായ 'മൊഴിയാട്ട'ത്തിനുതകും വിധം "ആരുമില്ല- ഹോ ഹോയ്!, ആരുമുണ്ടാകില്ല- ഹോ ഹോയ്!, എന്നിങ്ങനെ കവിത വിടരുന്നു. 

'ആരുമുണ്ടാകണ്ട' എന്ന നിഷേധത്തിന്‍റെ ദുരന്തഫലം പോലെ ആരും തിരിച്ചറിയാതെ കുറെനേരം കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അദ്ദേഹം കിടന്നു. ഒരിടത്തും സ്ഥിരമായി തങ്ങാറില്ലായിരുന്ന സുരാസു അവസാന താവളവും വിട്ടു.

(കോട്ടയം റയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സിനിമാ-നാടക നടനും കവിയുമായിരുന്ന സുരാസുവിനെക്കുറിച്ച് 1998-ല്‍ എഴുതിയ ഒരു കുറിപ്പ്) 

Comments

  1. Ha..... ആറുമാവാതെ കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞ ഒരു വലിയ ജന്മം

    ReplyDelete

Post a Comment

Popular posts from this blog

മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്

Books by Joice Thottackad

ഹൃദയശൂന്യരാകുന്ന നസ്രാണികള്‍!