പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം
പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ എല്ലാ അര്‍ത്ഥത്തിലും ഒരു വിപ്ലവകാരിയായിരുന്നു. കേരളത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ ഗണത്തില്‍ പെടുത്താവുന്ന ഈ വിപ്ലവകാരിയുടെ നാമം, അദ്ദേഹം ഒരു മെത്രാപ്പോലീത്താ ആയിപ്പോയതുകൊണ്ടു മാത്രം കേരള സാംസ്കാരിക ചരിത്രത്തില്‍ ഇനിയും വന്നിട്ടില്ല.
വി. കുര്‍ബ്ബാന തക്സാ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചുകൊണ്ട് മലങ്കരസഭയില്‍ ഒരു വിപ്ലവത്തിന് അദ്ദേഹം തുടക്കമിട്ടു. ഏതെണ്ടെല്ലാ ആരാധനാക്രമങ്ങളും മലയാളത്തില്‍ ലഭ്യമായ ഇന്ന്, ഒരു ഫാഷന്‍ പോലെ സുറിയാനിപദങ്ങളും വാക്യങ്ങളും വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന വൈദികരുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ഞാന്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയെ ഓര്‍ക്കും. അദ്ദേഹത്തിന്‍റെ ആത്മാവു പോലും ഇവരോട് പൊറുക്കില്ലെന്ന് ആരു പറഞ്ഞു കൊടുക്കാന്‍! നമ്മുടെ വൈദികസെമിനാരികളില്‍ മലങ്കരസഭയുടെ കാലം ചെയ്ത മെത്രാപ്പോലീത്തന്മാരുടെ ജീവിതവും സംഭാവനകളും പഠിപ്പിക്കാന്‍ എന്നാണാവോ നാം തുടക്കം കുറിക്കുക!!
പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ നടക്കാതെ പോയൊരു മോഹം, മുമ്പ് അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ ഞാന്‍ വായിച്ചത് വീണ്ടും കഴിഞ്ഞ ദിവസം വായിക്കാനിടയായി; പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാന പ്രക്ഷേപണം ചെയ്യണം. പത്തറുപതു വര്‍ഷം മുമ്പ് അദ്ദേഹം ആഗ്രഹിച്ചതാണിത്. വിപ്ലവകരമായ ആഗ്രഹം തന്നെ.
മലയാളത്തിലാക്കിയ വി. കുര്‍ബ്ബാന തക്സാ പരുമലയില്‍ വില്‍ക്കാന്‍ ചെന്ന കുന്നംകുളംകാരനെ ഓടിച്ച ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാലത്തായിരിക്കണം മാര്‍ ഒസ്താത്തിയോസ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്! എങ്ങനെ നടക്കാനാ?
കാലം മാറി. നമ്മുടെ അച്ചന്മാര്‍ വി. കുര്‍ബ്ബാന സ്റ്റുഡിയോയില്‍ പോയി റിക്കോര്‍ഡ് ചെയ്ത് കാസറ്റിലാക്കിയും സി. ഡി. യിലാക്കിയും വിറ്റു കാശാക്കി. ടെക്നോളജി വികസിച്ചു. ഓണ്‍ലൈനില്‍ നിന്നു വി. കുര്‍ബ്ബാനയുടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്തു കാണാവുന്ന തരത്തില്‍ കാലം മാറി. പക്ഷേ, ഒസ്താത്തിയോസ് തിരുമേനിയുടെ മോഹം മാത്രം ഇപ്പോഴും ബാക്കി.
ജോയ്സ് തോട്ടയ്ക്കാട്
തോട്ടയ്ക്കാട്
ജനുവരി 23, 2008
Comments
Post a Comment