ചിരിപ്പിച്ചും കരയിച്ചും മക്കാറിയോസ് തിരുമേനി


ഒരു അഭിമുഖവും ചോദിക്കപ്പെടാതെ പോയ ഒരു ചോദ്യവും

1995-ലാണെന്നു തോന്നുന്നു മക്കാറിയോസ് തിരുമേനിയുമായി രണ്ടു മണിക്കൂറോളം ഞാന്‍ അഭിമുഖ സംഭാഷണം നടത്തുകയുണ്ടായി. എം. ഒ. ജോണച്ചന്‍ അഭിമുഖത്തിനായി എന്നെ വിളിച്ചുകൊണ്ടു പോകുകയായിരുന്നു. കോട്ടയത്തെ ഹോട്ടല്‍ അഞ്ജലിയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. തിരുമേനിയുടെ ജീവിതാനുഭവങ്ങളാണ് ഏറെയും അദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ ഭദ്രാസന പ്രശ്നത്തെ സംബന്ധിച്ചും ചിലതെല്ലാം പറഞ്ഞു (ഈ അഭിമുഖം റിക്കോര്‍ഡു ചെയ്ത കാസറ്റുകള്‍ എം. ഒ. ജോണച്ചന്‍ വാങ്ങി. ഈ അഭിമുഖം എവിടെയും പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല). അമേരിക്കന്‍ ഭദ്രാസനത്തിലെ ഗ്രൂപ്പുകളിയില്‍ തിരുമേനിയുടെ മറുവിഭാഗം അദ്ദേഹത്തെക്കുറിച്ച് വ്യക്തിഹത്യാപരമായ ചില പരാമര്‍ശനങ്ങളും നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സന്യാസിമാരായ മെത്രാന്മാരെക്കുറിച്ച് സ്ത്രീകളുമായി ബന്ധപ്പെടുത്തി കഥയുണ്ടാക്കുന്നത് നസ്രാണികളുടെ ഒരസുഖമാണ്. ഒരു വശം തളര്‍ന്ന് പരസഹായത്തോടെ ജീവിച്ചിരുന്ന എഴുപതു കഴിഞ്ഞ ഒരു മെത്രാനെക്കുറിച്ചു വരെ അദ്ദേഹത്തിന്‍റെ 'പ്രിന്‍സിപ്പല്‍ സെക്രട്ടറി'യായിരുന്നു എന്ന് പില്‍ക്കാലത്ത് അവകാശപ്പെടുന്ന ചിലര്‍ ഇത്തരം കഥകള്‍ പ്രചരിപ്പിച്ചിരുന്നു. മക്കാറിയോസ് തിരുമേനി അമേരിക്കയില്‍ ജീവിച്ചിരുന്നതുകൊണ്ട്, അദ്ദേഹം അവിടെ 'സുഖ'മായി ജീവിക്കുകയാണെന്നാണ് പല സാദാ നസ്രാണികളുടെയും ഇപ്പോഴത്തെയും ധാരണ (പാവം ബര്‍ണബാസ് തിരുമേനിയുടെ കാര്യത്തില്‍ ഇവരുടെ വിചാരം എന്താണാവോ?). മേല്‍പറഞ്ഞ അഭിമുഖത്തിലെ എന്‍റെ അവസാന ചോദ്യം ഇതെക്കുറിച്ചായിരുന്നു. എന്‍റെ മനസ്സിലുണ്ടായ ഒരു സംശയം പെട്ടെന്ന് ഞാന്‍ ചോദിക്കുകയായിരുന്നു. എം. ഒ. ജോണ്‍ അച്ചന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരിക്കുകയില്ല. തിരുമേനി ആ ചോദ്യം കേട്ട് പ്രകോപിതനായില്ല. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നുവെന്നാണ് എന്‍റെ വിശ്വാസം. അദ്ദേഹം ശാന്തനായി അതിനു മറുപടി പറഞ്ഞു. നിങ്ങള്‍ കാണുന്നതില്‍ നിന്നു വ്യത്യസ്തമായി ഒരു പ്രാര്‍ത്ഥനാജീവിതം എനിക്കുണ്ടെന്നും, പ്രകടനാത്മകമായി അത് ഞാന്‍ പ്രദര്‍ശിപ്പിക്കാറില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു മനസ്സിലാക്കിത്തരുവാന്‍ ശ്രമിച്ചത്. ഇത്തരം ആരോപണങ്ങള്‍ സഭയിലെ ഒരു മെത്രാപ്പോലീത്തായെക്കുറിച്ച് ഉന്നയിച്ചാല്‍, അത് മെത്രാപ്പോലീത്തന്മാരുടെ തന്നെ വിലയിടിയാന്‍ ഇടയാക്കുമെന്ന് മനസ്സിലാക്കുവാന്‍, ആരോപണമുന്നയിച്ചവര്‍ക്ക് സാധിക്കുന്നില്ലല്ലൊ എന്ന് അദ്ദേഹം പരിതപിക്കുകയും ചെയ്തു.

ആ അഭിമുഖത്തിനു ശേഷം തിരുമേനിയുമായി പിന്നീട് അടുക്കുവാനോ സംഭാഷണം നടത്തുവാനോ ഇടയായിട്ടില്ല. ഞാന്‍, പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുമായി അടുപ്പമുള്ള ഒരാളായി പോയതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. ഗ്രീഗോറിയോസ് തിരുമേനിക്ക്, മക്കാറിയോസ് തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. മൂന്ന് തവണയായി അഞ്ചു മണിക്കൂറിലേറെ ഗ്രീഗോറിയോസ് തിരുമേനിയുമായി ഞാന്‍ അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. "ചോദ്യങ്ങള്‍ തീര്‍ന്നില്ലേ?" എന്നും "ചോദ്യങ്ങള്‍ ഇനിയുമുണ്ടോ?" എന്നുമൊക്കെയാണ് ഓരോ അഭിമുഖത്തിനൊടുവിലും അദ്ദേഹം ചോദിച്ചത്. ആ അഭിമുഖങ്ങളിലൊന്നും ചോദിക്കുവാന്‍ മറന്നുപോയ ഒരു ചോദ്യം മക്കാറിയോസ് തിരുമേനിയെക്കുറിച്ചുള്ളതായിരുന്നു. അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ മൂലകാരണം ഗ്രീഗോറിയോസ് തിരുമേനിയില്‍ നിന്നു തന്നെ കേള്‍ക്കാന്‍ ഇടയായില്ല. മക്കാറിയോസ് തിരുമേനിയുമായുള്ള അഭിമുഖത്തില്‍ ഞാന്‍ ഈ വിഷയം ചോദിച്ചിരുന്നു. ഡല്‍ഹി ഭദ്രാസനത്തിനു വേണ്ടി താന്‍ ആഗ്രഹിച്ചുവെങ്കിലും, ഗ്രീഗോറിയോസ് തിരുമേനി ഡല്‍ഹി ആവശ്യപ്പെട്ടതിനാല്‍ അത് അദ്ദേഹത്തിന് നല്‍കുകയും, തനിക്ക് ബോംബെ ഭദ്രാസനം നല്‍കുകയും ചെയ്തുവെന്നും മറ്റുമുള്ള ചില കഥകള്‍ അദ്ദേഹം പറഞ്ഞുവെങ്കിലും ആ അഭിപ്രായവ്യത്യാസത്തിന്‍റെ പൂര്‍ണ്ണരൂപം ലഭിച്ചില്ല. 

ഗ്രീഗോറിയോസ് തിരുമേനി കാലംചെയ്തതിനു ശേഷമുള്ള സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട വി. സി. ശമുവേല്‍ അച്ചന്‍റെ ആത്മകഥയില്‍ തിരുമേനിയെ സംബന്ധിച്ച് ചില മോശമായ പരാമര്‍ശനങ്ങള്‍ വന്നിരുന്നു. ഇതിനെ സംബന്ധിച്ചുണ്ടായ ഒരു സംവാദത്തില്‍ "ഇവര്‍ പരസ്പരം മനസ്സിലാക്കിയിരുന്നെങ്കില്‍" എന്ന പേരില്‍ ഒരു കത്ത് 'ചര്‍ച്ച് വീക്ക്ലി'യില്‍ ഞാന്‍ എഴുതിയത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഗ്രീഗോറിയോസ് തിരുമേനിയുടെയും മക്കാറിയോസ് തിരുമേനിയുടെയും കാര്യത്തിലും ഈ ശീര്‍ഷകം യോജിക്കും. അവര്‍ പരസ്പരം ശരിയായി മനസ്സിലാക്കാതെ പോയതും, അവരുടെ കഴിവുകളെ ശരിയായി ഉപയോഗപ്പെടുത്താന്‍ മലങ്കരസഭയ്ക്ക് സാധിക്കാതെ പോയതും ഒരു വലിയ നഷ്ടമാണ്. 'വലിയ മനുഷ്യരുടെ' ചെറിയ പിണക്കങ്ങള്‍ മാറ്റാന്‍ സഹായിക്കുന്നതിനു പകരം, മുറിവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ പുരോഹിതന്മാരുടെയും അല്‍മായക്കാരുടെയും സ്വഭാവം വരുത്തി വയ്ക്കുന്ന ഭവിഷ്യത്തുകള്‍ എന്ന് അവസാനിക്കുമോ ആവോ?

ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം

2007 ഓഗസ്റ്റ് മാസത്തിലാണ് മക്കാറിയോസ് തിരുമേനി അവസാനമായി കേരളത്തിലെത്തിയത്. പ. സുന്നഹദോസില്‍ പങ്കെടുക്കാനാണ് അദ്ദേഹം വന്നത്. യൂറോപ്പിലെ അന്ത്യോഖ്യന്‍ വംശജരായ ക്രിസ്ത്യാനികള്‍ക്ക് ഒരു മെത്രാനെ വാഴിച്ചു കൊടുക്കണമെന്നുള്ള അപേക്ഷ ഈ സുന്നഹദോസില്‍ പാസ്സാക്കാനുള്ള ഒരു പ്രധാന കാരണം തിരുമേനിയായിരുന്നു. ഈ വാഴ്ച നടത്തിക്കൊടുക്കണമെന്ന് ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കളംമറിഞ്ഞത്. വീണ്ടും ആ തീരുമാനം മാറ്റിവയ്പ്പിക്കാനായി ഉടക്കുകള്‍ പറഞ്ഞപ്പോള്‍, ആ സമയത്ത് സുന്നഹദോസില്‍ സന്നിഹിതനല്ലായിരുന്ന മക്കാറിയോസ് തിരുമേനിയോടു കൂടി ഇക്കാര്യത്തില്‍ അഭിപ്രായം തേടാന്‍ ഗബ്രിയേല്‍ തിരുമേനി നിര്‍ദ്ദേശിക്കുകയായിരുന്നു. മക്കാറിയോസ് തിരുമേനി പിറ്റേന്ന് അതിനെ ശക്തമായി അനുകൂലിച്ച് നിലപാടെടുത്തതുകൊണ്ടാണ് ഐകകണ്ഠേന ആ തീരുമാനം പാസ്സാക്കിയത്.

2007 ഓഗസ്റ്റ് 5-ന് ഞായറാഴ്ച പഴയസെമിനാരിയിലാണ് വി. കുര്‍ബാനയില്‍ ഞാന്‍ പങ്കെടുത്തത്. വി. കുര്‍ബാന ആരംഭിച്ചപ്പോള്‍ ആദ്യഭാഗങ്ങള്‍ മക്കാറിയോസ് തിരുമേനിയായിരുന്നു ചൊല്ലിയത്. പിന്നീട് എം. പി. ജോര്‍ജ്ജ് അച്ചന്‍ വി. കുര്‍ബാന ചൊല്ലിത്തീര്‍ക്കുകയായിരുന്നു. വി. കുര്‍ബാനയ്ക്കു ശേഷം ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം അദ്ദേഹം നടത്തി. ഔഗേന്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനി കാലം ചെയ്തതിനു ശേഷം ആദ്യമായി നാട്ടില്‍ വന്ന മക്കാറിയോസ് തിരുമേനി, വള്ളിക്കാട്ടെ കബറിടത്തിലെത്തിയപ്പോള്‍ ഉണ്ടായ ചിന്തകളാണ് പങ്കു വച്ചത്. ഞാനുടനെ എന്‍റെ എം. പി. ത്രീ. റിക്കോര്‍ഡര്‍ ഓണാക്കി. ചില ഫോട്ടോകളുമെടുത്തു. നിര്‍ഭാഗ്യവശാല്‍ ആ പ്രസംഗം വ്യക്തമായി റിക്കോര്‍ഡ് ചെയ്യപ്പെട്ടില്ല. തിരുമേനി വളരെ വൈകാരികമായാണ് ആ പ്രസംഗം പറഞ്ഞത്. എന്നെപ്പോലെയുള്ള വയസ്സന്മാര്‍ ഇരിക്കുമ്പോള്‍ ചെറുപ്പക്കാരനായ മെത്രാച്ചനെ എന്തിനാണ് തിരികെ വിളിച്ചതെന്ന് അദ്ദേഹം പരിതപിച്ചു. ദൈവം അതേപോലെയുള്ള ഒരു മരണം തന്നെ നല്‍കി മക്കാറിയോസ് തിരുമേനിയെയും വിളിക്കുമെന്ന് ആ പ്രസംഗം കേട്ടു കരഞ്ഞപ്പോള്‍ ആരും പ്രതീക്ഷിച്ചിരിക്കാനിടയില്ല.

അമ്മായിയമ്മയെ വിശുദ്ധനാട്ടില്‍ അടക്കാന്‍ പേടിച്ച മരുമകന്‍റെ കഥ

വി. കുര്‍ബാനയ്ക്കു ശേഷം സോഫിയാ സെന്‍ററില്‍ ശ്രുതിയുടെ ആഭിമുഖ്യത്തില്‍ നടന്ന മ്യൂസിക് തെറാപ്പി സെമിനാര്‍ ഉദ്ഘാടനം ചെയ്തത് മക്കാറിയോസ് തിരുമേനിയായിരുന്നു. മുന്‍കൂട്ടി അദ്ദേഹത്തെ സെമിനാര്‍ ഉദ്ഘാടനത്തിനു വിളിച്ചിരുന്നതല്ല. എം. പി. ജോര്‍ജ്ജ് അച്ചന്‍ അപ്പോള്‍ ക്ഷണിച്ചതനുസരിച്ച് അദ്ദേഹം വന്നതായിരുന്നു. അതിനെക്കുറിച്ച് രസകരമായി പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. പിന്നീട് മറ്റൊരു കഥ പറഞ്ഞു. അമേരിക്കയില്‍ താമസിക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവും കൂടി വിശുദ്ധനാട് സന്ദര്‍ശനത്തിനു പോകാനൊരുങ്ങിയപ്പോള്‍, അമ്മായിയമ്മയും തന്നെ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിച്ചതനുസരിച്ച് ഒടുവില്‍ അവരെയും കൂട്ടി വിശുദ്ധനാട്ടിലെത്തി. അവിടെവച്ച് അമ്മായിയമ്മ മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി അടക്കണമെന്ന് മരുമകന് നിര്‍ബന്ധം. വിശുദ്ധനാട്ടില്‍ തന്നെ അടക്കാം; പുണ്യഭൂമിയല്ലേ എന്നു ചോദിച്ചിട്ട് അദ്ദേഹത്തിനു സമ്മതമല്ല. ഞാന്‍ കാശു മുടക്കി നാട്ടില്‍ കൊണ്ടുപോയി അടക്കിക്കൊള്ളാമെന്നാണ് കക്ഷി പറയുന്നത്. ഒടുവില്‍ ചോദിച്ചു പിടിച്ചു വന്നപ്പോള്‍ മരുമകന്‍ പറഞ്ഞു: "ഒരാളെ ഇവിടെ അടക്കി. അദ്ദേഹം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു. ഇവരെ ഇവിടെ അടക്കി ഭാഗ്യപരീക്ഷണത്തിനു ഞാന്‍ തയ്യാറല്ല."

കേള്‍വിക്കാരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഈ കഥ പറഞ്ഞ് അതിന്‍റെ ഗുണപാഠവും വിശദീകരിച്ച് അദ്ദേഹം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സഭാചരിത്ര ഗവേഷകനായ വിപിന്‍ കെ. വര്‍ഗ്ഗീസ് തിരുമേനിയെ കണ്ട് ഒരു അഭിമുഖത്തിന് സമയം ചോദിച്ചു; സൗത്ത് പാമ്പാടി പള്ളിയുടെ 'ദക്ഷിണധ്വനി' എന്ന പ്രസിദ്ധീകരണത്തിനായി. വൈകുന്നേരങ്ങളില്‍ വന്നാല്‍ ഞാന്‍ സെമിനാരിയില്‍ കാണുമെന്ന് മറുപടി പറഞ്ഞു. വികാരിയച്ചന്‍ വേണ്ടെന്നു പറഞ്ഞതിനാല്‍ ആ അഭിമുഖം പിന്നീട് നടന്നില്ല. അന്നായിരുന്നു മക്കാറിയോസ് തിരുമേനിയെ അവസാനമായി കണ്ടത്.

വാത്സല്യനിധികളോടൊത്ത് അന്ത്യവിശ്രമം

മക്കാറിയോസ് തിരുമേനിയെ ദേവലോകത്ത് കബറടക്കിയത് രസിക്കാത്ത ചില നസ്രാണികളെങ്കിലും ഉണ്ടാകാന്‍ വഴിയുണ്ട്. ചാപ്പലിന് വടക്കു വശത്തു കിടക്കുന്ന മൂന്ന് പരിശുദ്ധ പിതാക്കന്മാരോട് മക്കാറിയോസ് തിരുമേനിക്കുണ്ടായിരുന്ന ബന്ധം അറിയാവുന്ന ആര്‍ക്കും, തിരുമേനി ദേവലോകത്ത് കബറടങ്ങണമെന്ന് ആവശ്യപ്പെട്ടതില്‍ തെറ്റു പറയാന്‍ സാധിക്കുകയില്ല. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പ. ഔഗേന്‍ ബാവാ, പ. മാത്യൂസ് പ്രഥമന്‍ ബാവാ എന്നിവര്‍ മക്കാറിയോസ് തിരുമേനിയോട് അതിരറ്റ വാത്സല്യമുള്ള പിതാക്കന്മാരായിരുന്നു. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കയ്യാല്‍ രോഗസൗഖ്യം പ്രാപിക്കുവാനുള്ള അത്യപൂര്‍വ്വ ഭാഗ്യവും തിരുമേനിക്കുണ്ടായി. ഔഗേന്‍ ബാവായും മാത്യൂസ് പ്രഥമന്‍ ബാവായും കെ. സി. തോമസ് അച്ചന്‍ മെത്രാനാകണമെന്ന് ആഗ്രഹിച്ചവരായിരുന്നു. ഗുരുക്കന്മാരും വാത്സല്യനിധികളുമായ ആ പിതാക്കന്മാരോടൊത്ത് അന്ത്യ വിശ്രമം കൊള്ളുവാനുള്ള അപൂര്‍വ്വ ഭാഗ്യമാണ്, ദേവലോകം അരമന വാങ്ങിക്കുന്നതിലും ചെറുതല്ലാത്ത പങ്ക് വഹിച്ച മക്കാറിയോസ് തിരുമേനിക്ക് ലഭിച്ചത്. 

നാലു കബറുകളാണ് ചാപ്പലിനു തെക്കുവശത്ത് തയ്യാറാക്കിയിരിക്കുന്നത്. ബാക്കി മൂന്ന് കബറുകളില്‍ അന്ത്യ വിശ്രമം കൊള്ളുവാന്‍ ആര്‍ക്കാണാവോ ഭാഗ്യം ലഭിക്കുക?

ജോയ്സ് തോട്ടയ്ക്കാട്

കോട്ടയം
മാര്‍ച്ച് 4, 2008

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം