കടവില്‍ തിരുമേനി: വിശുദ്ധ ജീവിതങ്ങളുടെ വഴികാട്ടി / ജോയ്സ് തോട്ടയ്ക്കാട്
പാമ്പാടി വലിയപള്ളിക്കു സമീപത്തായി ബാലന്മാര്‍ കന്നുകാലികളെ മേയ്ക്കുക പതിവായിരുന്നു. കൂട്ടുകാരുമൊത്ത് കുറിയാക്കോസ് എന്ന ബാലനും അവിടെ കന്നുകാലികളെ മേയിച്ചിരുന്നു. അന്നൊക്കെ നാട്ടിന്‍പുറത്തുള്ള സാധാരണക്കാര്‍ പാള കൊണ്ടുണ്ടാക്കിയ തൊപ്പി ധരിച്ചുകൊണ്ടായിരുന്നു പുരയിടങ്ങളില്‍ പണിയെടുത്തിരുന്നത്. കുറിയാക്കോസും കൂട്ടുകാരും പാളത്തൊപ്പി ധരിച്ചിരുന്നു. ഒരു മെത്രാപ്പോലീത്താ പാമ്പാടി വലിയപള്ളിയില്‍ എഴുന്നള്ളിയിരിക്കുന്ന കാലം. പാളത്തൊപ്പി ധരിച്ച ബാലന്മാര്‍ കന്നുകാലികളെയും കൊണ്ട് കടന്നുപോകുന്നു. മെത്രാപ്പോലീത്താ അവരെ വീക്ഷിക്കുന്നു. അതു ബാലന്മാര്‍ അറിയുന്നില്ല. ഒരു പശുവിന്‍റെ കുറെ ചാണകം പള്ളിമുറ്റത്തു വീണു. ബാലന്മാര്‍ അതു ശ്രദ്ധിച്ചതേയില്ല. എന്നാല്‍ ഒരു ബാലന്‍ പെട്ടെന്ന് മടങ്ങിവന്ന് ചാണകം മുഴുവന്‍ രണ്ടു കൈകൊണ്ടും വാരിയെടുത്ത് പള്ളിവക ഒരു തെങ്ങിന്‍റെ മൂട്ടില്‍ കൊണ്ടുചെന്ന് ഇട്ടു. ഈ രംഗം മെത്രാപ്പോലീത്തായുടെ ഹൃദയത്തെ സ്പര്‍ശിച്ചു. 'ബാലന്‍ പള്ളിപരിസരത്തോട് ആദരവ് കാണിക്കുക മാത്രമല്ല ചെയ്തത്; ചാണകം പ്രയോജനപ്രദമായ രീതിയില്‍ നിക്ഷേപിക്കുക കൂടി ചെയ്തിരിക്കുന്നു. ഇവന്‍ കന്നുകാലികളെ മേയിക്കേണ്ടവനല്ല...