കടവില്‍ തിരുമേനി: വിശുദ്ധ ജീവിതങ്ങളുടെ വഴികാട്ടി / ജോയ്സ് തോട്ടയ്ക്കാട്



പാമ്പാടി വലിയപള്ളിക്കു സമീപത്തായി ബാലന്മാര്‍ കന്നുകാലികളെ മേയ്ക്കുക പതിവായിരുന്നു. കൂട്ടുകാരുമൊത്ത് കുറിയാക്കോസ് എന്ന ബാലനും അവിടെ കന്നുകാലികളെ മേയിച്ചിരുന്നു. അന്നൊക്കെ നാട്ടിന്‍പുറത്തുള്ള സാധാരണക്കാര്‍ പാള കൊണ്ടുണ്ടാക്കിയ തൊപ്പി ധരിച്ചുകൊണ്ടായിരുന്നു പുരയിടങ്ങളില്‍ പണിയെടുത്തിരുന്നത്. കുറിയാക്കോസും കൂട്ടുകാരും പാളത്തൊപ്പി ധരിച്ചിരുന്നു. ഒരു മെത്രാപ്പോലീത്താ പാമ്പാടി വലിയപള്ളിയില്‍ എഴുന്നള്ളിയിരിക്കുന്ന കാലം. പാളത്തൊപ്പി ധരിച്ച ബാലന്മാര്‍ കന്നുകാലികളെയും കൊണ്ട് കടന്നുപോകുന്നു. മെത്രാപ്പോലീത്താ അവരെ വീക്ഷിക്കുന്നു. അതു ബാലന്മാര്‍ അറിയുന്നില്ല. ഒരു പശുവിന്‍റെ കുറെ ചാണകം പള്ളിമുറ്റത്തു വീണു. ബാലന്മാര്‍ അതു ശ്രദ്ധിച്ചതേയില്ല. എന്നാല്‍ ഒരു ബാലന്‍ പെട്ടെന്ന് മടങ്ങിവന്ന് ചാണകം മുഴുവന്‍ രണ്ടു കൈകൊണ്ടും വാരിയെടുത്ത് പള്ളിവക ഒരു തെങ്ങിന്‍റെ മൂട്ടില്‍ കൊണ്ടുചെന്ന് ഇട്ടു. ഈ രംഗം മെത്രാപ്പോലീത്തായുടെ ഹൃദയത്തെ സ്പര്‍ശിച്ചു. 'ബാലന്‍ പള്ളിപരിസരത്തോട് ആദരവ് കാണിക്കുക മാത്രമല്ല ചെയ്തത്; ചാണകം പ്രയോജനപ്രദമായ രീതിയില്‍ നിക്ഷേപിക്കുക കൂടി ചെയ്തിരിക്കുന്നു. ഇവന്‍ കന്നുകാലികളെ മേയിക്കേണ്ടവനല്ല; മലങ്കരസഭാമക്കളെ മേയിക്കേണ്ടവനാണ്. പാളത്തൊപ്പിയണിയേണ്ട ശിരസല്ല ഇവന്‍റേത്; പ്രത്യുത മഹത്വത്തിന്‍റെ കിരീടമാണ് അണിയേണ്ടത്' എന്നിങ്ങനെയുള്ള ചിന്തകള്‍ മെത്രാപ്പോലീത്തായുടെ മനസില്‍ കൂടി മിന്നല്‍ പോലെ കടന്നുപോയിരിക്കാം. അദ്ദേഹം ചാടിഎഴുന്നേറ്റ് കൈകൊട്ടി ബാലനെ വിളിച്ചു. ചാണകം പുരണ്ട കൈകള്‍ കഴുകി വരുവാന്‍ കല്പിച്ചു.

ബാലന്‍ അപ്രകാരം ചെയ്തു. പാളത്തൊപ്പി തലയില്‍ നിന്നും എടുത്തു കൈയില്‍ പിടിച്ചുകൊണ്ട് ആദരവോടും വിനയത്തോടും കൂടി ബാലന്‍ നിലകൊണ്ടു. മെത്രാപ്പോലീത്താ ബാലനോട് അവനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. വീട്ടില്‍ ചെന്ന് അപ്പനെ വിളിച്ചുകൊണ്ടുവരുവാന്‍ കല്പിച്ചു. ബാലന്‍ അപ്രകാരം ചെയ്തു. അപ്പന്‍ വന്ന് മെത്രാപ്പോലീത്തായുടെ കൈമുത്തിയശേഷം സാദരം നിലയുറപ്പിച്ചു. "ഈ മോനു പട്ടം കൊടുക്കണം. തടസമൊന്നും പറയരുത്." മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനതകള്‍ ഉണ്ടായിരുന്ന ചാക്കോച്ചന്‍ സമ്മതിക്കാതെ ഒഴിവുകഴിവു പറഞ്ഞ് മടങ്ങിപ്പോയി. മെത്രാപ്പോലീത്തായ്ക്ക് നിരാശ തോന്നി. എന്നാല്‍ ദൈവവിളിക്കു വിധേയനായി മകനെ സമര്‍പ്പിക്കാഞ്ഞതുമൂലമായിരിക്കാം ചാക്കോച്ചന്‍റെ വീട്ടില്‍ പല കുഴപ്പങ്ങളും സംഭവിച്ചു. പിന്നീട് ഒട്ടും താമസിച്ചില്ല; മെത്രാപ്പോലീത്തായെ ചെന്നു കണ്ട് കുറിയാക്കോസിന് പട്ടം കൊടുക്കുന്നതിന് സമ്മതമാണെന്ന് അറിയിച്ചു. പാവപ്പെട്ട ഒരു ഇടയച്ചെറുക്കന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ജനസഹസ്രങ്ങളുടെ ഇടയനായി മാറുന്നതിന്‍റെ പ്രാരംഭമായിരുന്നു ഈ സംഭവം.

ഈ കുറിയാക്കോസാണ് പിന്നീട് പ. പാമ്പാടി തിരുമേനി എന്ന പേരില്‍ പ്രസിദ്ധനായ മെത്രാപ്പോലീത്താ ആയിത്തീര്‍ന്നത്. വെറുമൊരു ഇടയച്ചെറുക്കനില്‍ ഭാവിയിലെ ഒരു പരിശുദ്ധനെ ദര്‍ശിച്ച ദാര്‍ശനികനായ മെത്രാപ്പോലീത്താ കടവില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് ആയിരുന്നു. മലങ്കരസഭയിലെ നാലു പരിശുദ്ധ പിതാക്കന്മാര്‍ക്ക് പൗരോഹിത്യത്തിന്‍റെ ആദ്യപടിയായ 'കോറൂയോ' പട്ടം കൊടുക്കുന്നതിനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ച പരിശുദ്ധ പിതാവാണിദ്ദേഹം.

കോട്ടയം - അങ്കമാലി ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായും, ആലുവാ തൃക്കുന്നത്ത് സെമിനാരിയുടെ സ്ഥാപകനുമായ മഹാനുഭാവനാണ് കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ. ഇദ്ദേഹം പറവൂര്‍ ഇടവകയില്‍ 'കടവില്‍' എന്ന പ്രസിദ്ധ കുടുംബത്തില്‍ 1833 വൃശ്ചികം 12 ന് ജനിച്ചു. നാട്ടുഭാഷയും അകപ്പറമ്പില്‍ ചക്കരയകത്ത് ഇട്ടൂപ്പു മല്പാനില്‍ നിന്ന് സുറിയാനിഭാഷയും അഭ്യസിച്ച് അവയില്‍ വേണ്ടത്ര പാണ്ഡിത്യം സമ്പാദിച്ചു. ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശുപട്ടവും 1022-ാമാണ്ട് കേരളത്തില്‍ വന്ന മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായില്‍ നിന്ന് കത്തനാരുപട്ടവും ഏറ്റു. അനന്തരം വളരെക്കാലം കോട്ടയത്ത് പഴയസെമിനാരിയില്‍ സുറിയാനി മല്പാനായി പ്രവര്‍ത്തിക്കുകയും ആ വിഷയത്തില്‍ അത്യന്തം ഖ്യാതി നേടുകയും ചെയ്തു. പൗലോസ് മല്പാന് മലയാളത്തിലും സുറിയാനിയിലും ആവശ്യമായ പാണ്ഡിത്യം ഉണ്ടായിരുന്നതിനും പുറമേ ഇംഗ്ലീഷിലും സംസ്കൃതത്തിലും സാമാന്യമായ പരിജ്ഞാനം ഉണ്ടായിരുന്നു.

മെത്രാന്‍ സ്ഥാനത്തേയ്ക്ക്


1875-ല്‍ കേരളത്തില്‍ വന്ന പത്രോസ് പാത്രിയര്‍ക്കീസ് ബാവായാണ് 1876 ഡിസംബര്‍ 3-ന് ഇദ്ദേഹത്തെ പൗലോസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മെത്രാനായി അഭിഷേകം ചെയ്തത്. മെത്രാന്‍പട്ടം സ്വീകരിച്ചതു കൊണ്ട്, മല്പാന്‍ സ്ഥാനം ഉപേക്ഷിക്കേണ്ടതായി വന്നു എങ്കിലും, പഴയസെമിനാരിയിലെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളില്‍ തിരുമേനി പ്രത്യേകമായി മനസു വയ്ക്കുകയും അവിടെ പല പരിഷ്ക്കാരങ്ങള്‍ വരുത്തുകയും ചെയ്തു.

തിരുമേനി ജനോപകാരാര്‍ത്ഥം സുറിയാനി ഭാഷയില്‍ നിന്നും മഖാബിയര്‍, രൂഥ്, തൂബിദ്, മസുമൂര്‍ മുതലായ അനേകം പുസ്തകങ്ങള്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. കോട്ടയം ഇടവകയുടെ മാത്രം മെത്രാപ്പോലീത്തായായിരുന്ന തിരുമേനിക്ക് അങ്കമാലി ഇടവകയുടെ മാര്‍ കൂറിലോസ് കാലം ചെയ്തതോടെ (1891 മാര്‍ച്ച്) ആ മെത്രാസനത്തിന്‍റെ ചുമതല കൂടെ ഏറ്റെടുക്കേണ്ടി വന്നു.

വടക്കന്‍ പ്രദേശങ്ങളിലുള്ള സുറിയാനി ക്രിസ്ത്യാനികള്‍ വിദ്യാഭ്യാസ വിഷയത്തില്‍ വളരെ പിന്നോക്കമാണ് എന്നുള്ള കുറവ് പരിഹരിക്കാനായി തിരുമേനി വളരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലുവായില്‍ ഒരു സുറിയാനി സെമിനാരി സ്ഥാപിച്ചതു കൂടാതെ ഏകദേശം പന്തീരായിരം രൂപയ്ക്കുള്ള വസ്തുക്കള്‍ ആലുവാ സെമിനാരിക്കും ഏതാനും വസ്തുക്കള്‍ പറവൂര്‍ പള്ളിക്കും സമ്പാദിച്ചു കൊടുത്തിട്ടുണ്ട്. പ്രസംഗപാടവത്തിലും മറ്റുള്ളവരെ യഥായോഗ്യം ബഹുമാനിക്കുന്നതിലും മെത്രാപ്പോലീത്തായ്ക്കുണ്ടായിരുന്ന കഴിവും സാമര്‍ത്ഥ്യവും ഒന്നു വേറെ തന്നെയായിരുന്നു.

പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ (വള്ളിക്കാട്ട് ബാവാ)


1883 തുലാമാസം 30-ാം തീയതി ഇടവക സന്ദര്‍ശനാര്‍ത്ഥം വാകത്താനം വലിയപള്ളിയില്‍ എത്തിയിരുന്ന കടവില്‍ അത്താനാസ്യോസ് തിരുമേനിയുടെ മുമ്പാകെ വന്ന് വാകത്താനം വലിയപള്ളി വികാരി കളപ്പുരയ്ക്കല്‍ പൗലൂസ് കത്തനാര്‍, കൈമുത്തി തന്‍റെ വലിയ ഒരു ആഗ്രഹം അറിയിച്ചു. തന്‍റെ പിന്‍ഗാമിയായി കുടുംബത്തില്‍പെട്ട ഒരാളിന് പട്ടം കൊടുക്കണം. യോഗ്യനായ ഒരാളെ കണ്ടുപിടിച്ചാല്‍ അതില്‍ വിരോധമില്ലായെന്ന് തിരുമേനി മറുപടി പറഞ്ഞു.

ഉടന്‍ തന്നെ അച്ചന്‍ ദൈവവേലയ്ക്കായി സ്വന്തം മകനെ സമര്‍പ്പിച്ചിരുന്ന കാരുചിറ പുന്നച്ചനെ വിവരമറിയിച്ചു. പുന്നച്ചന്‍റെ മകന്‍ ഗീവറുഗീസിനെ പള്ളിയില്‍ വരുത്തി. ഗീവറുഗീസിന്‍റെ വിനയവും സ്വരമാധുരിയും പക്വമായ പെരുമാറ്റവും തിരുമേനിയെ ആകര്‍ഷിച്ചു. ഉടന്‍ ബാലനെ പള്ളിനടയില്‍ നിര്‍ത്തി അനുഗ്രഹാശീര്‍വാദങ്ങളോടെ സുറിയാനിയുടെ ആദ്യാക്ഷരങ്ങള്‍ അവന് ചൊല്ലിക്കൊടുത്തു. സുറിയാനി പഠിപ്പിക്കുവാനുള്ള ചുമതല കളപ്പുരയ്ക്കലച്ചനെ ഏല്പിക്കുകയും ചെയ്തു.

1886 മിഥുനം 1-ാം തീയതി പെന്തിക്കോസ്തി ഞായറാഴ്ച ആയിരുന്നു. പെന്തിക്കോസ്തി ശുശ്രൂഷ നടത്തുന്നതിനായി അന്ന് കടവില്‍ അത്താനാസ്യോസ് തിരുമേനി വാകത്താനം പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു. വാകത്താനം നിവാസികള്‍ അന്നൊരു ഉത്സവതിമിര്‍പ്പോടെ പള്ളിയിലെത്തി. ഗീവറുഗീസ് എന്ന ബാലനെ വൈദികനാക്കുവാന്‍ ഇടവകക്കാര്‍ ഒന്നടങ്കം സമ്മതിച്ച് രേഖപ്പെടുത്തിയ ദേശകുറി വികാരി അഭിവന്ദ്യ തിരുമേനിയെ ഏല്പിച്ചു. നേരത്തേ തന്നെ തനിക്ക് പ്രിയംകരനായിരുന്ന ബാലന് വൈദികപട്ടം കൊടുക്കുന്നതില്‍ തിരുമേനി സന്തുഷ്ടി പ്രകടിപ്പിച്ചു.
വൈദികപദവിയുടെ ആദ്യപടിയായി 'കോറൂയോ' പട്ടം നല്കി. അങ്ങനെ പില്ക്കാലത്ത് മലങ്കരസഭയുടെ മഹാപുരോഹിതനായിത്തീര്‍ന്ന ഗീവര്‍ഗ്ഗീസ് പ്രഥമന്‍ ബാവാ പൗരോഹിത്യ പാതയിലേക്ക് പ്രവേശിക്കപ്പെട്ടു.

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ


1889-ാമാണ്ട് വാകത്താനം വലിയപള്ളിയില്‍ എഴുന്നള്ളിയ കടവില്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ഗീവറുഗീസ് ശെമ്മാശനെ തന്‍റെ സെക്രട്ടറിയായി നിയമിച്ചു. 1890 ഇടവ മാസത്തില്‍ ഇടവകസന്ദര്‍ശനാര്‍ത്ഥം കടവില്‍ തിരുമേനി കുറിച്ചി വലിയപള്ളിയില്‍ എഴുന്നള്ളി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ഒരാഴ്ചയോളം തിരുമനസ്സുകൊണ്ട് പള്ളിയില്‍ താമസിക്കുന്നതിന് ഇടയായി. ഈ താമസത്തിനിടയില്‍ ഇടവകയിലെ ഒരു ബാലനില്‍ തിരുമനസ്സു കൊണ്ട് ആകൃഷ്ടനായി. ഉടന്‍ തന്നെ ഗീവര്‍ഗീസ് ശെമ്മാശനെ വിളിച്ച് ആ ബാലനെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിപ്പാനും അവന്‍റെ മാതാപിതാക്കളെ ആളയച്ചു വരുത്തുവാനും കല്പിച്ചു.

ഈ കുട്ടി പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയോടൊപ്പം വളരെ നാള്‍ താമസിച്ചതാണെന്നും സുറിയാനി ആദ്യ പാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചതാണെന്നും കല്ലാശ്ശേരില്‍ ഉലഹന്നാന്‍ എന്ന ആളിന്‍റെ മകനാണെന്നും മനസ്സിലാക്കി. അവനു വൈദികപട്ടം നല്കുവാനുള്ള തന്‍റെ ആഗ്രഹം പിതാവായ ഉലഹന്നാനെ അറിയിച്ചു. തിരുമനസ്സിലെ ആഗ്രഹമെന്തും ശിരസ്സാ വഹിക്കുവാന്‍ സന്നദ്ധനാണെന്ന് ഉലഹന്നാന്‍ സമ്മതിച്ചു. അതിന്‍പ്രകാരം 1890 ഇടവമാസം 20-ാം തീയതി പൂന്നൂസ് എന്ന ഈ കുട്ടിക്ക് വൈദികപദവിയുടെ ആദ്യപടിയായി 'കോറൂയോ' പട്ടം നല്കി. ഒപ്പം തിരുമനസ്സിലെ സെക്രട്ടറിയായ ഗീവറുഗീസ് ശെമ്മാശന് 'യൗഫ്പദിയോക്കിനോ' പട്ടവും. കടവില്‍ മാര്‍ അത്താനാസ്യോസ് തിരുമനസ്സിലെ ദൈവികമായ കരങ്ങളില്‍ നിന്ന് പരിശുദ്ധാത്മ നല്‍വരങ്ങള്‍ ഏറ്റുവാങ്ങിയ ഈ ബാലന്മാര്‍, പില്ക്കാലത്ത് മലങ്കരസഭയെ നയിക്കുവാനുള്ള രണ്ടു കാതോലിക്കാമാരാകുമെന്ന് ആരും അന്ന് നിരൂപിച്ചു കാണുകയില്ല.

സിലോണ്‍ യാത്ര


മലങ്കരസഭയുടെ ശാഖകള്‍ വിദേശങ്ങളില്‍ സ്ഥാപിക്കുവാനും കടവില്‍ തിരുമേനിക്ക് ഭാഗ്യം സിദ്ധിച്ചു. 

1888-ാമാണ്ട് റോമന്‍ കത്തോലിക്കാ സഭയില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയില്‍ ചേര്‍ന്നവരുടെ നേതാവായ ഗോവാക്കാരന്‍ ഫാ. അല്‍വാറീസിനെ മറ്റു മെത്രാപ്പോലീത്തന്മാരോട് ചേര്‍ന്ന് 1889-ാം ആണ്ടില്‍ അല്‍വാറീസ് മാര്‍ യൂലിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്തു.
അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും സുറിയാനി സഭയില്‍ ചേര്‍ന്ന ആളുകളുടെ മെത്രാപ്പോലീത്തായായി അവരില്‍ ഒരാളായ റെനി വിലാത്തി എന്ന ഓള്‍ഡ് കാതലിക് സഭയില്‍പെട്ട ഫ്രഞ്ചു പാതിരിയെ വാഴിക്കുന്നതിന് പത്രോസ് പാത്രിയര്‍ക്കീസ് ബാവാ തീരുമാനിച്ചു. ഇതിനായിട്ടു, കടവില്‍ തിരുമേനി, പരുമല തിരുമേനി, അല്‍വാറീസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തന്മാര്‍ 1892 ഇടവം 3-ന് സിലോണിലേക്ക് യാത്രയായി. യാത്രാസംഘത്തില്‍ കാരുചിറ ഗീവറുഗീസ് ശെമ്മാശനും മറ്റും ഉണ്ടായിരുന്നു. യാത്രാമദ്ധ്യേ പല അപകടങ്ങളും റോമാക്കാരുടെ ഉപദ്രവങ്ങളും ഉണ്ടായി എങ്കിലും ആ ഗൂഢാലോചനകളില്‍ നിന്നൊക്കെയും ദൈവകരുണയാല്‍ മെത്രാപ്പോലീത്തന്മാര്‍ രക്ഷപ്പെട്ടു. മെത്രാപ്പോലീത്തന്മാരെ അനേകായിരം ജനങ്ങള്‍ ചേര്‍ന്ന് എതിരേറ്റു. 16-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം ഫാ. റെനി വിലാത്തിക്ക് റമ്പാന്‍ സ്ഥാനവും 17-ന് (1892 മെയ്) മൂന്ന് മെത്രാപ്പോലീത്തന്മാരും കൂടി മെത്രാന്‍ സ്ഥാനവും നല്‍കി. തീമോത്തിയോസ് എന്ന സ്ഥാനപ്പേരില്‍ അമേരിക്കായുടെ മെത്രാപ്പോലീത്താ ആയിട്ടാണ് അദ്ദേഹത്തെ അവരോധിച്ചത്. പുതുതായി വാഴിക്കപ്പെട്ട മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ഉത്സാഹത്താല്‍ കടവില്‍ തിരുമേനിക്കും പരുമല തിരുമേനിക്കും അമേരിക്കയിലുള്ള ഒരു പ്രധാന സംഘത്തില്‍ നിന്നും 'കമാന്‍ഡര്‍ ഓഫ് ദി ക്രൗണ്‍ ഓഫ് തോണ്‍സ്' എന്ന ബഹുമതി ലഭിച്ചു.

അന്നത്തെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ പൗരോഹിത്യ കനകജൂബിലി ആഘോഷം മലങ്കരസഭാമക്കളില്‍ ആവേശം പകര്‍ന്ന ഒരു സംഭവമായിരുന്നു. നവീകരണക്കാരുമായുള്ള പോരാട്ടത്തില്‍ ധീരമായ വിജയം കൈവരിച്ച സമയമായിരുന്നതിനാല്‍ ആവേശോജ്ജ്വലമായ പരിപാടികള്‍ക്കാണ് രൂപംകൊടുത്തത്. 1902 വൃശ്ചികം 12 നു നടന്ന ഈ ആഘോഷപരിപാടികള്‍ക്ക് മാത്രം ആയിരംപറ അരിയുടെ സദ്യ നടത്തി എന്നു പറയുമ്പോള്‍ എത്ര വിപുലമായിരുന്നു അന്നത്തെ പരിപാടികള്‍ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജൂബിലി ആഘോഷകമ്മറ്റിയുടെ അദ്ധ്യക്ഷനായിരുന്ന് ഈ പരിപാടികള്‍ വിജയപ്രദമായി നടത്തുവാന്‍ ചുക്കാന്‍ പിടിച്ചത് കടവില്‍ തിരുമേനിയായിരുന്നു.

പ. പരുമല തിരുമേനിയും കടവില്‍ തിരുമേനിയും തമ്മില്‍ സൃദൃഢമായ സ്നേഹബന്ധമാണുണ്ടായിരുന്നത്. പരുമല തിരുമേനിയുടെ ഊര്‍ശ്ലേം യാത്രയില്‍ ദ്രവ്യസഹായത്താല്‍ കടവില്‍ തിരുമേനി സഹായിച്ചതായി ഊര്‍ശ്ലേം യാത്രാ വിവരണത്തില്‍ പരുമല തിരുമേനി പ്രത്യേകം എഴുതിയിട്ടുണ്ട്.

തൃക്കുന്നത്തു സെമിനാരി


കടവില്‍ തിരുമേനി വാര്‍ദ്ധക്യസഹജമായ രോഗത്താല്‍ പരിക്ഷീണിതനായി. തന്‍റെ ജീവിതത്തില്‍ പൂര്‍ത്തിയാകാത്ത ആഗ്രഹം ആയിരുന്നു സ്ഥിരമായ ഒരു ആസ്ഥാനം ആലുവാ കേന്ദ്രമാക്കി ഉണ്ടാകണം എന്നത്. തിരുമനസ്സിലെ ഈ ആഗ്രഹം വളരെ നേരത്തെ തന്നെ സെക്രട്ടറിയായിരുന്ന ഗീവറുഗീസ് റമ്പാച്ചന്‍ മനസിലാക്കിയിരുന്നു. തന്നെ വാത്സല്യപൂര്‍വ്വം സ്നേഹിച്ചിരുന്ന തിരുമേനിയുടെ ആഗ്രഹം എന്തു ത്യാഗം സഹിച്ചും പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി തിരുമനസിന്‍റെ കല്പനപ്രകാരം അങ്കമാലി മെത്രാസനത്തിലെ പള്ളി പ്രതിപുരുഷയോഗം വടക്കന്‍പറവൂര്‍ പള്ളിയില്‍ സമ്മേളിച്ചു. അഭിവന്ദ്യ തിരുമനസ്സിലെ സാന്നിദ്ധ്യത്തില്‍ റമ്പാച്ചന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു. ഒരു സ്ഥിരമായ മെത്രാസന ആസ്ഥാനത്തിന്‍റെ ആവശ്യകതയെപ്പറ്റി പ്രസംഗിച്ചു.  ജനം ഒന്നടങ്കം ആ ആവശ്യം അംഗീകരിച്ചു. അരമന പണിയുടെ നടത്തിപ്പിനായി ഗീവറുഗീസ് റമ്പാന്‍ പ്രസിഡണ്ടായി 25 പേരുള്ള ഒരു കമ്മറ്റിയും രൂപീകരിച്ചു. 1905 കുംഭമാസം 1-ാം തീയതി കടവില്‍ തിരുമേനി കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി. തുടര്‍ന്ന് അങ്കമാലിയിലെയും കോട്ടയത്തെയും മിക്ക പള്ളികളും റമ്പാച്ചന്‍ സന്ദര്‍ശിക്കുകയും അരമന പണിക്കാവശ്യമായ പണം സമ്പാദിക്കയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം ക്ലേശങ്ങളും ത്യാഗങ്ങളും സഹിച്ച് റമ്പാച്ചന്‍റെ നേതൃത്വത്തില്‍ അരമനപണി പൂര്‍ത്തിയാക്കി. സന്തുഷ്ടനായ തിരുമനസ്സുകൊണ്ട് അരമനയുടെ കൂദാശ നിര്‍വ്വഹിച്ചു. അങ്ങനെ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന്‍റെ സഫലീകരണത്തില്‍ ഹൃദയം നിറഞ്ഞു സന്തോഷിച്ചു. മൂന്നു നാലു മാസങ്ങള്‍ മാത്രമേ പുതിയ അരമനയില്‍ താമസിക്കുവാന്‍ തിരുമേനിക്കു സാധിച്ചുള്ളുവെങ്കിലും അത്രയും നാള്‍ സന്തോഷത്തിന്‍റെ തിരത്തള്ളലില്‍ തന്നെ കഴിച്ചുകൂട്ടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

1907 നവംബര്‍ 2-ാം തീയതി ശനിയാഴ്ച പകല്‍ പത്തുമണിക്ക് 75-ാം വയസ്സില്‍ മലങ്കര മുഴുവന്‍ പ്രകാശം ചൊരിഞ്ഞു നിന്ന ആ പുണ്യദീപം പൊലിഞ്ഞു. "മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പു തന്നെ മെത്രാപ്പോലീത്താ അവര്‍കള്‍ തന്‍റെ മരണസമയത്തെപ്പറ്റി പ്രസ്താവിക്കുകയും അതിന്‍പ്രകാരം ആ സമയത്തു തന്നെ കാലം ചെയ്യുകയുമാണ് ചെയ്തിട്ടുള്ളത്. സ്വതേ ഭക്തനായ ഇദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഇപ്രകാരം സംഭവിച്ചതില്‍ ഒട്ടും തന്നെ അതിശയിക്കാനില്ല" എന്ന് മലയാള മനോരമയുടെ ലേഖകന്‍ തിരുമേനിയുടെ ശവസംസ്ക്കാര റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നു (1907 നവംബര്‍ 9 ശനിയാഴ്ചത്തെ പത്രത്തില്‍).

മരണസമയത്ത് കണ്ടനാട് ഇടവകയുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും (പിന്നീട് ഒന്നാം കാതോലിക്കാ), പ്രിയ ശിഷ്യനും സെക്രട്ടറിയുമായിരുന്ന കാരുചിറ ഗീവര്‍ഗീസ് റമ്പാനും (പിന്നീട് രണ്ടാം കാതോലിക്കാ) പ്രിയ ശിഷ്യനായിരുന്ന കുറ്റിക്കാട്ടില്‍ പൗലൂസ് റമ്പാനും അനേകം പട്ടക്കാരും തിരുമേനിയുടെ സമീപത്ത് ഉണ്ടായിരുന്നു. മെത്രാപ്പോലീത്തായുടെ ആജ്ഞപ്രകാരവും, പ്ലാന്‍ അനുസരിച്ചും പള്ളിയുടെ വടക്കു വശത്തു വളരെ മുമ്പേതന്നെ പണിയിച്ചിരുന്ന കബറില്‍ അടക്കം ചെയ്യുകയും ചെയ്തു.

ഈ പരിശുദ്ധന്‍റെ ഓര്‍മ്മ ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ നവംബര്‍ 2-ാം തീയതി കൊണ്ടാടി വരുന്നു.

കടപ്പാട്:

1. ഡോ. കെ. പി. ജോര്‍ജ്ജ് (കടവില്‍ ) സമ്പാദനം ചെയ്ത 1907 നവം. 2, നവം. 6, നവം. 9, ഡിസം. 18 എന്നീ തീയതികളിലെ മലയാളമനോരമ ദിനപത്രത്തിലെ തിരുമേനിയെക്കുറിച്ചുള്ള വിവരങ്ങള്‍.
2. പാമ്പാടി തിരുമേനി, കെ. എം. കുറിയാക്കോസ്.
3. മലങ്കരയിലെ രണ്ടാം കാതോലിക്കാ, കെ. കുറിയാക്കോസ്.
4. മലങ്കര നസ്രാണികള്‍ (വാല്യം 3), ഇസ്സഡ് എം. പാറേട്ട്.
5. പരുമല കൊച്ചുതിരുമേനി, ഫാ. ഇ. ജെ. ഏബ്രഹാം.
6. പവിത്രരചനകള്‍, ഡോ. സാമുവല്‍ ചന്ദനപ്പള്ളി.
7. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, ഫാ. റ്റി. ജി. സഖറിയാ.

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം