മികച്ചതാവട്ടെ നമ്മുടെ സൈബര്‍ ഇടങ്ങള്‍ / ജോയ്സ് തോട്ടയ്ക്കാട്


വിരല്‍ത്തുമ്പില്‍ അറിവും വിജ്ഞാനവും, ആവശ്യമുള്ളതും ആവശ്യമില്ലാത്തതും ലഭ്യമാകുന്ന സൈബര്‍ യുഗത്തില്‍ ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അതിന്‍റെ സൈബര്‍ ഇടപെടല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു സമുദായത്തിന്‍റെ ചരിത്രം, ദര്‍ശനം, സ്ഥിതിവിവര കണക്കുകള്‍, സമകാലിക വാര്‍ത്തകള്‍ എന്നിവ സമുദായാംഗങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും സന്നിവേശിപ്പിക്കുക എന്നതാണ് സമുദായ സംബന്ധമായ ഒരു വെബ്സൈറ്റിന്‍റെ പ്രധാന കര്‍ത്തവ്യം. വൈകിയാണെങ്കിലും ഇത് തിരിച്ചറിഞ്ഞ് മലങ്കര ഓര്‍ത്തഡോക്സ് സഭ 2007-ല്‍ അതിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങി (mosc.in). പിന്നീട് ഔദ്യോഗികം എന്ന ലേബലില്‍ വാര്‍ത്താ സൈറ്റ്, വെബ് ടി. വി., വെബ് റേഡിയോ, മാട്രിമോണിയല്‍ സൈറ്റ് എന്നിവ ആരംഭിച്ചു. 1999 മുതല്‍ അനൗദ്യോഗികമായി ഒട്ടേറെ സൈറ്റുകള്‍ സഭാസംബന്ധമായ അറിവുകളും വാര്‍ത്തകളും നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 

മലങ്കരസഭാ സംബന്ധമായ സൈറ്റുകളെ ഒരു മികവ് പരിശോധനയ്ക്കു വിധേയമാക്കിയാല്‍ അവ വേണ്ടത്ര മികവ് പുലര്‍ത്തുന്നവയല്ല എന്ന് ബോധ്യമാകും. മലയാള ഭാഷാപത്രങ്ങളുടെ വെബ്സൈറ്റുകളുടെ നിലവാരമെങ്കിലുമുള്ളവ ഒന്നുംതന്നെയില്ല എന്നതാണു സത്യം. ഔദ്യോഗിക സൈറ്റ് മറ്റൊരു പ്രമുഖ സഭയുടെ വെബ് സൈറ്റിന്‍റെ ഡിസൈന്‍റെ അനുകരണമായിരുന്നത് അടുത്തയിടെ മാറ്റി എന്നത് ശുഭോദര്‍ക്കമാണ്. ദീര്‍ഘകാലമായി പുതുക്കപ്പെടാതെ കിടന്ന ഈ സൈറ്റ് ഇപ്പോള്‍ പുതുക്കിയിട്ടുണ്ടെങ്കിലും മുമ്പെന്നപോലെ പ. കാതോലിക്കാ ബാവായുടെ കല്പനകള്‍ മാത്രമാണ് ഇതില്‍ പുതുതായി ലഭ്യമാകുന്നത്. പുതിയ വാര്‍ത്തകള്‍ നിരന്തരമായി കൊടുക്കുന്നില്ല എന്നതുകൊണ്ട് ഔദ്യോഗിക സൈറ്റുകളുടെ പൂമുഖങ്ങളില്‍ എപ്പോഴും പഴഞ്ചന്‍ വാര്‍ത്തകളാണ് കാണപ്പെടുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി കാണപ്പെടുന്ന ഒരു സൈറ്റ് മലങ്കര ഓര്‍ത്തഡോക്സ് ടി.വി. എന്ന അനൗദ്യോഗിക സൈറ്റ് മാത്രമാണ്. പുതിയ വാര്‍ത്തകള്‍ ക്രമമായി കൊടുത്തുകൊണ്ടിരിക്കുന്ന ഈ സൈറ്റ് 2007 മുതല്‍ സജീവമായി രംഗത്തുണ്ട്. ആരാധനാഗാനങ്ങളും സഭാസംബന്ധമായ ഗ്രന്ഥങ്ങളും സഭാ പിതാക്കന്മാരുടെ അച്ചടിനിലവാരമുള്ള ഫോട്ടോകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഈ സൈറ്റിലുണ്ട്. ഓര്‍ത്തഡോക്സ് ഹെറാള്‍ഡ്, ഓര്‍ത്തഡോക്സ് ടി.വി. എന്നീ വെബ്സൈറ്റുകളും കുറെ വര്‍ഷങ്ങളായി രംഗത്തുണ്ട്. 

മലയാള ഭാഷാപത്രങ്ങള്‍ മലങ്കര സഭാസംബന്ധമായ വാര്‍ത്തകള്‍ പ്രാദേശിക പേജുകളിലേക്ക് ഒതുക്കിയിരിക്കുന്ന സാഹചര്യത്തില്‍, ലോകമെമ്പാടും പരന്നുകിടക്കുന്ന സഭാംഗങ്ങളെ അവ അറിയിക്കുവാന്‍ വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയാകള്‍ എന്നിവയെ വിദഗ്ദ്ധമായി ഉപയോഗിക്കാവുന്നതാണ്. അതിനുള്ള പരിശ്രമങ്ങള്‍ കുറെയൊക്കെ ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര മികവ് അക്കാര്യത്തില്‍ പുലര്‍ത്തുവാന്‍ കഴിയേണ്ടിയിരിക്കുന്നു. 

അഞ്ചക്ക ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചു നടത്തുന്ന ഔദ്യോഗിക സൈറ്റുകള്‍ക്ക് സാമ്പത്തിക ദാരിദ്ര്യമല്ല, ആശയ ദാരിദ്ര്യമാണുള്ളതെന്നു തോന്നുന്നു. ഭാവനാശേഷിയുള്ള, ഐ.ടി. രംഗത്തു പഠനം പൂര്‍ത്തീകരിച്ചിട്ടുള്ളവരെ കണ്ടെത്തി ചുമതലയേല്‍പ്പിക്കുകയും, വിവര സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളായ നിസ്വാര്‍ത്ഥരായ യുവാക്കളെ വോളണ്ടിയേഴ്സ് ആയി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയുമാണ് പ്രായോഗികമായി ചെയ്യുവാന്‍ സാധിക്കുന്ന ഒരു കാര്യം. 

അഞ്ചു വയസ്സുകാരനു വരെ സ്വന്തമായി സ്മാര്‍ട്ട്ഫോണുള്ള ഈ കാലത്ത് പുതിയ തലമുറയെ സഭയ്ക്കു നഷ്ടപ്പെടാതിരിക്കുവാന്‍ സൈബര്‍ലോകത്തെ സഭയുടെ ഇടപെടല്‍ അനിവാര്യമാണ്. സഭയുടെ വിശ്വാസം, വേദശാസ്ത്രം, ആരാധന എന്നിവ പുതുതലമുറയിലേക്ക് കൈമാറാന്‍ വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയാകള്‍ എന്നിവയെ വിദഗ്ദ്ധമായി പ്രയോജനപ്പെടുത്തേണ്ടതാണ്. പകര്‍പ്പവകാശത്തിന്‍റെ വേലിക്കെട്ടുകള്‍ മറികടന്ന് സഭയുടെ ആരാധനക്രമങ്ങളും (ഇ ബുക്കുകളായി) ഗാനങ്ങളും ഔദ്യോഗിക വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാക്കുന്നത് ഈ ഉദ്ദേശ്യത്തിനു സഹായകരമാണ്. 

മികവിന്‍റെ പര്യായങ്ങളായി നമ്മുടെ വെബ്സൈറ്റുകള്‍ മാറാന്‍ ഭാവനാശേഷിയും കര്‍മ്മകുശലതയും നിസ്വാര്‍ത്ഥമായ സഭാസ്നേഹവും ഒരുമിക്കണം.

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം