പൗലോസ് മാര്‍ ഗ്രീഗോറിയോേസിന്‍റെ സൂക്തങ്ങള്‍
1. മഹാപുരോഹിതനായ ക്രിസ്തു പിതാവായ ദൈവത്തിനു മുമ്പില്‍ സമസ്ത സൃഷ്ടിക്കുംവേണ്ടി നടത്തുന്ന അനന്തമായ ശുശ്രൂഷയും സഭയിലുള്ള വിശുദ്ധ റൂഹായുടെ സാന്നിധ്യവും മൂലമാണ് പ്രാര്‍ത്ഥനയെന്ന മഹാപുരോഹിതോചിത കര്‍മത്തില്‍ ഭാഗഭാക്കാകാന്‍ നമുക്ക് കഴിയുന്നത്. കൂടുതല്‍ കൂടുതല്‍ ഭാഗഭാഗിത്വം സാധ്യമാകുന്നതോടുകൂടി കൂടുതല്‍ കൂടുതലായി നാം ദൈവസാദൃശ്യത്തിനോട് അടുക്കുന്നു. 2. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ പ്രകാശനങ്ങളാണ് പ്രാര്‍ത്ഥനകള്‍. 3. ദൈവഹിതം നിറവേറ്റപ്പെടണമെന്ന ആഗ്രഹത്തോട് ഗാഢമായി ബന്ധപ്പെടാത്ത യാതൊരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ക്രിസ്തീയ സാധുത്വം ഉണ്ടാവാന്‍ സാധ്യമല്ല. 4. തിരഞ്ഞെടുക്കുവാനുള്ള കഴിവും തിരഞ്ഞെടുക്കുന്നത് സാക്ഷാത് കരിക്കാനുള്ള ശക്തിയുമാണ് സ്വാതന്ത്ര്യം. 5. നമുക്ക് നിയന്ത്രിക്കാനാവാത്ത ശക്തികളുടെ കളിപ്പാവയല്ലാതായിത്തീരുകയെന്നതാണ് സ്വാതന്ത്ര്യം. 6. പ്രാര്‍ത്ഥനയില്ലാതെ യാതൊരാള്‍ക്കും പക്വത പ്രാപിച്ച ക്രൈസ്തവനാകാനോ, തികഞ്ഞ മാനവനാകാനോ സാധ്യമല്ല. സ്വാതന്ത്ര്യത്തിന്‍റെ ആഹ്ലാദമാണ് പ്രാര്‍ത്ഥന. അതാണ് ദൈവസുതന്മാരുടെ സവിശേഷ സ്വഭാവം. 7. ആരാധനാശുശ്രൂഷയുടെ യാതൊരു ഘട്ടത്തിലും വിശ്വാസികളായ മരിച്ചവരെ വിസ്മ...