പൗലോസ് മാര്‍ ഗ്രീഗോറിയോേസിന്‍റെ സൂക്തങ്ങള്‍
1. മഹാപുരോഹിതനായ ക്രിസ്തു പിതാവായ ദൈവത്തിനു മുമ്പില്‍ സമസ്ത സൃഷ്ടിക്കുംവേണ്ടി നടത്തുന്ന അനന്തമായ ശുശ്രൂഷയും സഭയിലുള്ള വിശുദ്ധ റൂഹായുടെ സാന്നിധ്യവും മൂലമാണ് പ്രാര്‍ത്ഥനയെന്ന മഹാപുരോഹിതോചിത കര്‍മത്തില്‍ ഭാഗഭാക്കാകാന്‍ നമുക്ക് കഴിയുന്നത്. കൂടുതല്‍ കൂടുതല്‍ ഭാഗഭാഗിത്വം സാധ്യമാകുന്നതോടുകൂടി കൂടുതല്‍ കൂടുതലായി നാം ദൈവസാദൃശ്യത്തിനോട് അടുക്കുന്നു.
2. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ പ്രകാശനങ്ങളാണ് പ്രാര്‍ത്ഥനകള്‍.
3. ദൈവഹിതം നിറവേറ്റപ്പെടണമെന്ന ആഗ്രഹത്തോട് ഗാഢമായി ബന്ധപ്പെടാത്ത യാതൊരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ക്രിസ്തീയ സാധുത്വം ഉണ്ടാവാന്‍ സാധ്യമല്ല.
4. തിരഞ്ഞെടുക്കുവാനുള്ള കഴിവും തിരഞ്ഞെടുക്കുന്നത് സാക്ഷാത് കരിക്കാനുള്ള ശക്തിയുമാണ് സ്വാതന്ത്ര്യം.
5. നമുക്ക് നിയന്ത്രിക്കാനാവാത്ത ശക്തികളുടെ കളിപ്പാവയല്ലാതായിത്തീരുകയെന്നതാണ് സ്വാതന്ത്ര്യം.
6. പ്രാര്‍ത്ഥനയില്ലാതെ യാതൊരാള്‍ക്കും പക്വത പ്രാപിച്ച ക്രൈസ്തവനാകാനോ, തികഞ്ഞ മാനവനാകാനോ സാധ്യമല്ല. സ്വാതന്ത്ര്യത്തിന്‍റെ ആഹ്ലാദമാണ് പ്രാര്‍ത്ഥന. അതാണ് ദൈവസുതന്മാരുടെ സവിശേഷ സ്വഭാവം.
7. ആരാധനാശുശ്രൂഷയുടെ യാതൊരു ഘട്ടത്തിലും വിശ്വാസികളായ മരിച്ചവരെ വിസ്മരിക്കുവാന്‍ അനുവാദമില്ല.
8. വാക്കുകള്‍ക്ക്, അവ എത്ര സൂക്ഷിച്ചു തിരഞ്ഞെടുത്തവയാണെങ്കില്‍ പോലും, സമ്പൂര്‍ണ്ണ സത്യത്തെ വിവരിക്കാനും വിനിമയം ചെയ്യുവാനും സാധിക്കുമെന്ന് കരുതുന്നത് അവിശുദ്ധമായ വിഡ്ഢിത്തമാണ്.
9. പാപത്തില്‍ നിന്നും മരണത്തില്‍ നിന്നുമുള്ള മുക്തിയാണ് കൃപ.
10. ആരാധന ജീവന്‍ തന്നെ.
11. മൂടുപടമില്ലാതെ ദൈവത്തെ അഭിമുഖീകരിക്കാനുള്ള സാധ്യതയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഇത് നല്‍വരത്തിന്‍റെ ദാനമാണ്. പരിശുദ്ധാരൂപിയുടെ ദാനമാണ്.
12. ആരാധന ആഹ്ലാദത്തിലും സ്നേഹത്തിലും പൂര്‍ണ സ്വാതന്ത്ര്യത്തിലും അനുഷ്ഠിക്കുന്ന കര്‍മ്മമാണ്. ആ കര്‍മ്മത്തില്‍ കൂടി മറ്റു പലതും നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും ആരാധനയുടെ ആത്യന്തിക ലക്ഷ്യം നാം ആര്‍ക്കായി ബലി അര്‍പ്പിക്കുന്നുവോ ആ വി. ത്രിത്വം തന്നെയാണ്.
13. പ്രാര്‍ത്ഥിക്കുമ്പോള്‍ മനുഷ്യന്‍റെ സമസ്താവയവങ്ങളും പഞ്ചേന്ദ്രിയങ്ങളും (ബുദ്ധിയും കര്‍ണവും മാത്രം പോരാ) ആരാധനയില്‍ പങ്കെടുക്കണം.
14. ദൈവമാണ് മനുഷ്യചിന്തയെ യഥാസ്ഥാനത്ത് നിര്‍ത്തി ഉറപ്പിച്ചിരിക്കുന്നത്. ദൈവത്തെ വിചിന്തനത്തിന് വിധേയമാക്കാന്‍ സാധ്യമല്ല. എളിമയിലും സ്നേഹത്തിലും സമ്പൂര്‍ണമായ ആത്മസമര്‍പ്പണത്തിലും കൂടി അവിടുത്തെ ആരാധിക്കുന്നതിനു മാത്രമേ നമുക്ക് കഴിയുകയുള്ളു. ഈ അതീത ദൈവത്തെ ആരാധിക്കാന്‍ പഠിക്കാതെ ആധുനിക മനുഷ്യന്‍ തികഞ്ഞ മാനവനായിത്തീരുന്നില്ല.
15. നമ്മുടെ സ്പഷ്ടമായ സ്ഥലകാല സങ്കല്പങ്ങള്‍ക്കുള്ളില്‍ ദൈവത്തെ ഒരിക്കലും ഒതുക്കി നിര്‍ത്താനാവില്ല. ദൈവം മനുഷ്യബുദ്ധിക്ക് അതീതനാണെന്നുള്ളത് ശരിയാണ്. എന്നാല്‍ ദൈവത്തിന്‍റെ 'അതിരിക്തത' മനുഷ്യബുദ്ധിയുടെ പരിമിതത്വത്തെ ആശ്രയമാക്കുന്നില്ല.
16. യഥാര്‍ത്ഥ ആരാധന യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ ആനന്ദം കൊണ്ടുവരുന്നു. ദൈവസന്നിധിയില്‍ പ്രവേശിക്കാനും അവിടെ സമൂഹത്തിലും സ്നേഹയുക്തമായ സര്‍ഗ്ഗാത്മകതയിലും അവനോടു സംയോജിക്കാനുമുള്ള സ്വാതന്ത്ര്യം. ആ സന്നിധിയിലേക്കുള്ള പ്രവേശനം വിരസതയെ ദുരീകരിക്കുകയും യഥാര്‍ത്ഥമായ ആനന്ദം കൊണ്ടുവരികയും ചെയ്യുന്നു.
17. ദൈവം മാത്രമാണ് യഥാര്‍ത്ഥത്തിലുള്ള ഉണ്മയും നന്മയും, നമ്മുടെ ഉണ്മയും നന്മയും ദൈവത്തില്‍ നിന്നു വരുന്നു എന്നീ വസ്തുതകള്‍ കൂടെക്കൂടെ അംഗീകരിച്ചുകൊണ്ടിരിക്കുക എന്നതാണ് ആരാധനയിലെ മര്‍മ്മബിന്ദു.
18. ദൈവത്തിന്‍റെ അഭാവത്തില്‍ മനുഷ്യന്‍ അര്‍ത്ഥശൂന്യനാണ്, എന്‍റെ ചിന്തയില്‍. അതുപോലെ തന്നെ ദൈവത്തിന്‍റെ അഭാവത്തില്‍ ചരിത്രവും പ്രപഞ്ചത്തിന്‍റെ പരിണാമവുമെല്ലാം കേവലം അര്‍ത്ഥരഹിതമാണ്. ദൈവസാന്നിധ്യത്തില്‍ മാത്രമേ ഇക്കാണുന്ന പ്രകൃതിക്കു പോലും അര്‍ത്ഥമുള്ളു.
19. ദൈവത്തെ ആരാധിക്കേണ്ടവിധത്തില്‍ ആരാധിക്കുന്നതില്‍ മനുഷ്യനുണ്ടായ പരാജയവും കഴിവുകേടുമാണ് അടിസ്ഥാനപരമായി മനുഷ്യന്‍റെ പ്രശ്നം.
20. എല്ലാ നന്മകളും ദൈവത്തില്‍ നിന്നാണ് വരുന്നത്. എവിടെ നന്മയുണ്ടോ അവിടെ ദൈവസാന്നിധ്യമുണ്ട്.
('സ്വാതന്ത്ര്യദീപ്തി' എന്ന ഗ്രന്ഥത്തില്‍ നിന്നും സമാഹരിച്ചത്. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്, ഗ്രിഗറി ഓഫ് ഇന്ത്യ സ്റ്റഡി സെന്‍റര്‍)
Comments
Post a Comment