മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്

1934 ഡിസംബര്‍ 26-നു പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ വിളിച്ചുകൂട്ടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പാസ്സാക്കിയ മലങ്കരസഭാ ഭരണഘടനയുടെ നവതി മലങ്കരസഭ ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ചരിത്രവും രേഖകളും സഭാചരിത്രകാരനായ ഡെറിന്‍ രാജുവിനൊപ്പം കണ്ടെത്താനും പ്രസിദ്ധീകരിക്കാനും സാധിച്ചത് ഒരു ദൈവനിയോഗമായി കാണുന്നു. ഭരണഘടനയുടെ രൂപീകരണം സംബന്ധിച്ച് ഓര്‍മ്മിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു.

അല്‍മായനേതൃത്വത്തിന്‍റെ പങ്ക്

1934-ല്‍ പാസ്സാക്കിയ ഭരണഘടനയുടെ ശില്പികള്‍ അന്നത്തെ അല്‍മായ നേതൃത്വമായിരുന്നു. മലങ്കര മെത്രാപ്പോലീത്തായുടെ ഏകപക്ഷീയമായ സഭാഭരണത്തിനും, സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള അവകാശം ദൈവദത്തമാണെന്ന അവകാശവാദത്തിനുമെതിരെ ഒന്നര പതിറ്റാണ്ട് പോരാട്ടവും വിപ്ലവവും നയിച്ച് സഭാഭരണഘടന രൂപീകരിച്ച് മലങ്കര മെത്രാപ്പോലീത്തായെയും മെത്രാപ്പോലീത്തന്മാരെയും വൈദികരെയും അല്‍മായരെയും വ്യവസ്ഥാപിത ഭരണഘടനയ്ക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാക്കി മാറ്റുകയാണ് അന്നത്തെ അല്‍മായ നേതൃത്വം ചെയ്തത്. 

അനുരഞ്ജനത്തിനായി വാതില്‍ തുറന്നിട്ടു

1911 മുതല്‍ ഉണ്ടായ മലങ്കരസഭാ ഭിന്നതയുടെ പ്രശ്നപരിഹാരത്തിനും, ഇരുവിഭാഗവും ഒരു മലങ്കര മെത്രാപ്പോലീത്തായുടെ കീഴില്‍ ഒന്നായി യോജിച്ചു നില്‍ക്കുന്നതിനുമായി ഒട്ടേറെ പരിശ്രമങ്ങള്‍ നടന്നു. മലങ്കര മെത്രാപ്പോലീത്തായായിരുന്ന പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തന്നെ മുന്‍കൈ എടുത്ത് 1923-ല്‍ മര്‍ദ്ദീനിലെത്തി പാത്രിയര്‍ക്കീസ് ബാവായെ കണ്ടു സംസാരിച്ചു പ്രശ്നപരിഹാരത്തിനു ശ്രമിച്ചു വിജയിച്ചുവെങ്കിലും പാത്രിയര്‍ക്കീസ് പക്ഷത്തെ തീവ്രവാദികള്‍ സ്ലീബാ മാര്‍ ഒസ്താത്തിയോസിന്‍റെ നേതൃത്വത്തില്‍ ഏലിയാസ് മാര്‍ യൂലിയോസിനെ മുന്‍നിര്‍ത്തി അത് പരാജയപ്പെടുത്തി. 

1928-ല്‍ വട്ടിപ്പണക്കേസില്‍ വിജയിച്ച് പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് വട്ടശ്ശേരില്‍ തിരുമേനി ഉയിര്‍ത്തെഴുന്നേറ്റു. ഏകപക്ഷീയമായ വിജയത്തിലും വട്ടശ്ശേരില്‍ തിരുമേനിയോ അന്നത്തെ അല്‍മായ നേതൃത്വമോ സംതൃപ്തരായില്ല. സഭയുടെ യോജിപ്പിനായുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നും നടത്തിക്കൊണ്ടിരുന്നു. വ്യവസ്ഥാപിതമായ ഒരു ഭരണഘടനയ്ക്കു കീഴില്‍ ഇരുവിഭാഗവും ഒന്നാകുക എന്ന ചിന്ത അല്‍മായ നേതൃത്വം ഉയര്‍ത്തി. വട്ടശ്ശേരില്‍ തിരുമേനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ഭരണഘടനാ ഡ്രാഫ്റ്റിന്‍റെ ആമുഖത്തില്‍ അത് വ്യക്തമാക്കുന്നുണ്ട്.

കൊല്ലം പഞ്ചായത്ത് വിധി, റോയല്‍ക്കോടതി വിധി, വട്ടിപ്പണക്കേസ് വിധി എന്നിവയുടെ ചുവടുപിടിച്ച് പാത്രിയര്‍ക്കീസിനു കൂടി സഭാഭരണഘടനയില്‍ സ്ഥാനം കൊടുത്ത് മറുവിഭാഗത്തിനും കൂടി സ്വീകാര്യമായ ഒരു ഭരണഘടന തയ്യാറാക്കുവാന്‍ അല്‍മായ നേതൃത്വം പരിശ്രമിച്ചു. 

സഭാഭരണഘടനയുടെ കീഴില്‍ ഇരുവിഭാഗവും ഒന്നാകുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ ആധികാരികത ഉറപ്പിച്ചുള്ള വിധികളാണ് ഇന്ത്യന്‍ സുപ്രീംകോടതി 1958, 1995, 2017 എന്നീ വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ചത്. 1995-ലെ വിധിക്കുശേഷം യാക്കോബായ വിഭാഗത്തിലെ ഇപ്പോഴത്തെ മെട്രോപ്പോലീത്തന്‍ ട്രസ്റ്റിയും നിയുക്ത മഫ്രിയാനയുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഉള്‍പ്പെടെ ചില മെത്രാപ്പോലീത്തന്മാര്‍ സ്റ്റാറ്റസ്കോയുടെ ആനുകൂല്യം ലഭിക്കുവാന്‍ 1934 സഭാഭരണഘടന സ്വീകരിച്ച് കോടതിയില്‍ സത്യവാങ്മൂലം കൊടുക്കുകയും ചെയ്തു. പക്ഷേ പിന്നീട് 2002-ല്‍ പുതിയ ഭരണഘടനയും പുതിയ അസോസിയേഷനും രൂപീകരിച്ച് അവര്‍ സമാന്തര ഭരണത്തിലൂടെ മുന്നോട്ടു പോയി. 17 വര്‍ഷത്തെ അവരുടെ ചരിത്രം പഠിച്ച സുപ്രീംകോടതി 2002 ഭരണഘടനയും അസോസിയേഷനും മലങ്കരസഭാ ഭരണത്തിന് സ്വീകാര്യമല്ല എന്നും 1934-ലെ സഭാഭരണഘടനയുടെ കീഴില്‍ ഇരുവിഭാഗവും യോജിക്കണമെന്നുമാണ് 2017 ജൂലൈ 3-ലെ (മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ) വിധിയിലൂടെ ആഹ്വാനം ചെയ്തത്. ഇരുവിഭാഗങ്ങളുടെയും നേതൃത്വം ഈ ആഹ്വാനത്തിന് ഇപ്പോഴും ആത്മാര്‍ത്ഥമായി ചെവി കൊടുത്തിട്ടില്ല. മലങ്കരസഭയിലെ അല്‍മായ നേതൃത്വം സഭായോജിപ്പിനായി തയ്യാറാക്കിയ സഭാഭരണഘടനയുടെ കീഴില്‍ ഇരുവിഭാഗവും ഒന്നാകുന്ന നല്ല നാളെയ്ക്കായി പ്രാര്‍ത്ഥിക്കാം; കാത്തിരിക്കാം. "കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ വിസ്മയകരവും മനുഷ്യദൃഷ്ടിക്ക് അഗോചരവുമാണ്" എന്ന പ്രഭാഷകന്‍റെ (11:4) വാക്കുകള്‍ മലങ്കരസഭാ സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യാശ പകരുന്നു.

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം