ഒരു ലേഖനം എഴുതേണ്ടി വന്നത്...
വട്ടശ്ശേരില്‍ തിരുമേനിയെ വിമര്‍ശിച്ച് ആദ്യം ലേഖനം എഴുതിയത് ജോസഫ് ചീരനച്ചനാണെന്ന് തോന്നുന്നു; 1992-ല്‍ മലങ്കരസഭ മാസികയില്‍ അത് പ്രസിദ്ധീകരിച്ചു. ചീരനച്ചന്‍റെ പുസ്തകങ്ങളില്‍ പിന്നീട് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. അതിന്‍റെ ഒരു തുടര്‍ച്ചയാണ് ഫെയിസ്ബുക്കിലെ തോമസ് ജോര്‍ജിന്‍റെയൊക്കെ വിമര്‍ശനം. ആ വിമര്‍ശനം എന്തായാലും ചീരനച്ചന്‍ ഉന്നയിച്ചിട്ടില്ല.
മലങ്കരസഭയില്‍ വന്ന ചീരനച്ചന്‍റെ ലേഖനത്തിന് അന്ന് മറുപടി എഴുതുവാന്‍ ആരും ഉണ്ടായില്ല. കുര്യന്‍ തോമസും എഴുതിയില്ല. കുര്യന്‍ തോമസിന്‍റെ തുടക്ക കാലമാണ്. മണലില്‍അച്ചന്‍റേത് ഉള്‍പ്പെടെ വികാരപരമായ മൂന്ന് നാല് പ്രതികരണം വന്നു. ഒടുവില്‍ അതിന് രേഖകള്‍ വച്ചൊരു പ്രതികരണം എഴുതിയത് ഞാനാണ്. ചീരനച്ചന്‍റെ അബദ്ധ നിഗമനങ്ങള്‍ എന്നോ മറ്റോ ആയിരുന്നു അതിന്‍റെ ഹെഡ്ഢിംഗ്. ഞാനന്ന് മലങ്കരസഭ മാസികയുടെ സബ് എഡിറ്റര്‍ ആണ്. അതൊരു പാര്‍ട്ട് ടൈം ജോലി ആയിരുന്നു. അതോടൊപ്പം സെമിനാരിയില്‍ ചരിത്രരേഖകളും ഗ്രന്ഥങ്ങളും മൈക്രോഫിലിമിലാക്കുന്ന പ്രൊജക്ടില്‍ വോളണ്ടറി ആയി വര്‍ക്ക് ചെയ്യുകയായിരുന്നു. ആ സമയത്താണ് കോനാട്ട് ലൈബ്രറിയിലെ ഗ്രന്ഥങ്ങള്‍ മൈക്രോഫിലിം ചെയ്യുവാന്‍ ഒരാഴ്ച അവിടെ താമസിക്കേണ്ടി വന്നത്. അച്ചടിച്ച ആദ്യ ആരാധനക്രമങ്ങള്‍ അവിടെ കണ്ടു. അതിന്‍റെയൊക്കെ പ്രിന്‍റിംഗ് ഡീറ്റയില്‍സ്, ആമുഖം, പ്രസാധകകുറിപ്പ് എന്നിവയൊക്കെ ഞാന്‍ എഴുതിയെടുത്തു. അത് ഉപയോഗിച്ചാണ് ചീരനച്ചന് മറുപടി എഴുതിയത്. അത് വായിച്ച് ഒട്ടേറെപ്പേര്‍ അഭിനന്ദനം പറഞ്ഞു. സേവേറിയോസ് തിരുമേനി അഭിനന്ദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
മാസികയില്‍ പ്രസിദ്ധീകരിച്ച പ്രതികരണങ്ങള്‍ക്കെല്ലാം കൂടി ചീരനച്ചന്‍ ഒരു വിശദമായ മറുപടി എഴുതി. അതില്‍ മുമ്പ് ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ചീഫ്എഡിറ്റര്‍ അത് അപ്രൂവ് ചെയ്ത് തന്നു. അത് കൊടുത്ത് കൂടുതല്‍ ഗുലുമാല്‍ പിടിക്കണ്ട എന്ന് അന്നത്തെ മാനേജര്‍ ടി. ജി. സഖറിയ അച്ചനും ഞാനും കൂടി തീരുമാനിച്ചു.
വീണ്ടും പത്തു കൊല്ലം കൂടി കഴിഞ്ഞാണ് അദ്ദേഹത്തെ പരിശുദ്ധനായി സഭ പ്രഖ്യാപിച്ചത്.
Comments
Post a Comment