ഹൃദയശൂന്യരാകുന്ന നസ്രാണികള്‍!
ഇതെഴുതുമ്പോഴും മക്കാറിയോസ് തിരുമേനി അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. അദ്ദേഹം കാലം ചെയ്തു എന്ന തെറ്റായ വാര്‍ത്ത കേട്ട് പല പള്ളികളിലും കഴിഞ്ഞ തിങ്കളാഴ്ച മണിയടിക്കുകയുണ്ടായി. നസ്രാണികളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും ആയുസിന്‍റെ ബലം കൊണ്ടും അദ്ദേഹമിതുവരെ കാലം ചെയ്തിട്ടില്ല. ജനുവരി 10-ന് കൂടാനിരുന്ന മാനേജിംഗ് കമ്മിറ്റി അടുത്ത മാസം 6-ലേക്ക് മാറ്റിവച്ചു.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മറ്റൊരു പ്രധാന പരിപാടി അദ്ദേഹം കാലം ചെയ്യാതിരുന്നതുമൂലം കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തുകയുണ്ടായി. 'ഗുരുശ്രേഷ്ഠ' അവാര്‍ഡ് മലങ്കരസഭയിലെ രണ്ട് പ്രമുഖ ഗുരുക്കന്മാര്‍ക്ക് നല്‍കിയ ആ ചടങ്ങില്‍ പ. പിതാവും, സുന്നഹദോസ് സെക്രട്ടറിയും, 'ഗുരുശ്രേഷ്ഠ' അവാര്‍ഡ് ലഭിച്ച സീനിയര്‍ മെത്രാപ്പോലീത്തായും സംബന്ധിച്ചിരുന്നു. ഗുരുക്കന്മാരെ ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത പലരും പറയുകയുണ്ടായെങ്കിലും, മലങ്കരസഭയിലെ ഒരു സീനിയര്‍ മെത്രാപ്പോലീത്തായും, അവാര്‍ഡ് സ്വീകരിക്കുന്നവരോടൊപ്പം വൈദികസെമിനാരിയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഗുരുസ്ഥാനം വഹിച്ചിട്ടുള്ളയാളുമായ മക്കാറിയോസ് തിരുമേനിയെ സ്മരിക്കുവാനോ രണ്ടു വാക്ക് അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനോ ആരും ഓര്‍ത്തില്ല.
സമ്മേളനം തുടങ്ങുന്നതിനു മുമ്പ് ഹാളിനു പുറത്തു നിന്ന് മക്കാറിയോസ് തിരുമേനിയുടെ അപകടത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ചിലരെങ്കിലും ചര്‍ച്ച ചെയ്തു. വളരെ ലാഘവത്തോടെ ചിരിച്ചുകൊണ്ടാണ് പലരും ഇക്കാര്യങ്ങള്‍ പറയുന്നത് കേട്ടത്. പറഞ്ഞകാര്യങ്ങള്‍ ഈ സാഹചര്യത്തില്‍ എഴുതുന്നത് അനുചിതമായതുകൊണ്ട് വിടുന്നു.
ഇന്ന് അദ്ദേഹം ആശുപത്രിയില്‍ ആയിട്ട് ഒരാഴ്ച തികയുകയാണ്. വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കുമ്പോള്‍, കുര്‍ബ്ബാന കഴി യുമ്പോള്‍ മക്കാറിയോസ് തിരുമേനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമെന്നു കരുതി. അതും ഉണ്ടായില്ല.
"താങ്കള്‍ക്കിങ്ങനെ വേദന തോന്നാന്‍ താങ്കള്‍ അദ്ദേഹത്തിന്‍റെ ബന്ധുവോ സുഹൃത്തോ അല്ലെന്ന്" നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാം. ശരിയാണ്. അദ്ദേഹത്തിനെന്നെ വ്യക്തിപരമായി അറിഞ്ഞുകൂടാ. പക്ഷേ, അദ്ദേഹം മലങ്കരസഭയിലെ ഒരു മെത്രാപ്പോലീത്തായാണ്. മലങ്കരസഭയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു മെത്രാപ്പോലീത്തായുടെ വേദനയില്‍ എങ്ങനെ വേദനിക്കാതിരിക്കാനാവും?
കൃതഘ്നതയ്ക്ക് പേരു കേട്ടവരാണ് നസ്രാണികള്‍. അവര്‍ പുതിയ കാലത്തില്‍ ഹൃദയശൂന്യരായി മാറുന്ന കാര്യം വേദനയോടെ ഓര്‍മ്മിപ്പിക്കുന്നു എന്നു മാത്രം.
ജോയ്സ് തോട്ടയ്ക്കാട്
തോട്ടയ്ക്കാട്
ജനുവരി 13, 2008

Comments
Post a Comment