പ്രിയപ്പെട്ട ഒസ്താത്തിയോസ് തിരുമേനിക്കൊരു തുറന്ന കത്ത്



എത്രയും  പ്രിയപ്പെട്ട തിരുമേനിക്ക്,

അടുത്ത കാലത്ത് തിരുമേനിയുടെ രണ്ടു പ്രസംഗങ്ങള്‍ കേള്‍ക്കാനിടയായി. അതില്‍ പറയുന്ന ചില കാര്യങ്ങള്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തിനു നിരക്കാത്തതാണെന്ന് എനിക്കു തോന്നുന്നത് വിനയപൂര്‍വ്വം ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിക്കുകയാണ്. ഞാന്‍ എഴുതുന്നതില്‍ തെറ്റുണ്ടെങ്കില്‍ അത് മനസ്സിലാക്കിത്തരുവാന്‍ ശ്രമിക്കണമെന്നും അപേക്ഷിക്കുന്നു. ഞാന്‍ വേദശാസ്ത്രം ഔപചാരികമായി പഠിച്ചയാളല്ല എന്നത് ആദ്യമെ പറഞ്ഞുകൊള്ളട്ടെ.

1) ദൈവം അവസാനം കുറെപ്പേരെ നിത്യനരകത്തിനായി വിടുമെന്നത് തെറ്റാണെന്നും, കാരുണ്യവാനായ ദൈവം എല്ലാവരെയും സ്വീകരിക്കുമെന്നുമാണ് തിരുമേനി പറയുന്ന ഒരാശയം. നിത്യനരകം ഇല്ലെന്നാണ് പിതാക്കന്മാര്‍ പഠിപ്പിച്ചിരിക്കുന്നതെന്ന് തിരുമേനി പറയുന്നു. ഇത് ഗ്രിഗറി ഓഫ് നിസ്സാ പറഞ്ഞിട്ടുള്ള ഒരാശയമാണെങ്കിലും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ ഈ ആശയം സ്വീകരിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഗ്രിഗറി ഓഫ് നിസ്സായുടെ ഇതുപോലെയുള്ള ആശയങ്ങള്‍ ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലിക്കലാണെന്ന് ചില ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. 

എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല, അവസാനം കര്‍ത്താവെല്ലാം ക്ഷമിച്ച് സ്വര്‍ഗ്ഗത്തില്‍ കയറ്റിക്കൊള്ളും എന്നൊരു ചിന്തയാണ്, തിരുമേനി ഇതു പറയുമ്പോള്‍ സാധാരണ വിശ്വാസിക്ക് ഉണ്ടാവുക. പ്രായോഗികമായി ഇങ്ങനെ തന്നെയാണ് സംഭവിക്കാന്‍ സാധ്യതയെങ്കിലും, അത് വിശ്വാസികളോട് പറഞ്ഞ് അവരെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കേണ്ട എന്നു കരുതിയാവും ഓര്‍ത്തഡോക്സ് സഭ ഈ ആശയത്തെ പൊതുവെ സ്വീകരിക്കാത്തതെന്ന് എന്‍റെ എളിയ ബുദ്ധിയില്‍ തോന്നുന്നു. 

2) മനുഷ്യന്‍ പാപിയാണെന്നും, ദൈവത്തിന്‍റെ കൃപയില്‍ മാത്രമാണ് അവന് രക്ഷയുള്ളതെന്നുമാണ് തിരുമേനി ദേവലോകം പ്രസംഗത്തില്‍ (മക്കാറിയോസ് തിരുമേനിയുടെ കബറടക്കം) പറഞ്ഞ മറ്റൊരു ആശയം. ഇത് കത്തോലിക്കാ വേദശാസ്ത്രജ്ഞനായ അഗസ്തീനോസിന്‍റെ ഒരാശയമാണെന്നും, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ ഈ ആശയം സ്വീകരിക്കുന്നില്ലെന്നുമാണ് പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ രചനകളില്‍ നിന്നു മനസ്സിലാക്കുന്നത്. അഗസ്തീനോസിന്‍റെ ചില ചിന്തകളെ എടുത്ത് കാണിച്ച് അവ തെറ്റാണെന്ന് തിരുമേനി തന്നെ 'ധര്‍മ്മദീപ്തി' എന്ന ഗ്രന്ഥത്തില്‍ (ദിവ്യബോധനം ഗ്രന്ഥാവലി) എഴുതിയിട്ടുമുണ്ട്.

തിരുമേനിക്ക് മേല്‍പറഞ്ഞ രണ്ടു കാര്യങ്ങളും അറിയാന്‍ വയ്യ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പ്രസംഗത്തിന്‍റെ ആവേശത്തില്‍ പറ്റുന്ന തെറ്റുകളുമാവാം. വേദശാസ്ത്രം പഠിച്ച മെത്രാപ്പോലീത്താമാരും നൂറു കണക്കിനു വൈദികരും കേള്‍ക്കെയാണ് ഈ പ്രസംഗങ്ങളൊക്കെ തിരുമേനി ചെയ്യുന്നതെങ്കിലും, ആരെങ്കിലും ഞാനീ ചൂണ്ടിക്കാണിക്കുന്നതു പോലെ തിരുമേനിയെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിരിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് ഈ കത്ത് എഴുതുന്നത്.

തിരുമേനി ഈ പ്രായത്തിലും വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും എഴുതുകയും സംവാദം നടത്തുകയും ചെയ്യുന്നതുകൊണ്ടാണ് പ്രസംഗം കേള്‍ക്കുമ്പോള്‍ അല്പം ചിന്തിക്കാന്‍ ഞാനും തയ്യാറാകുന്നത്. വിമര്‍ശനങ്ങളെ പേടിക്കുന്ന നസ്രാണികളുടെ കൂട്ടത്തില്‍പ്പെട്ടയാളല്ല തിരുമേനി എന്നറിയാവുന്നതുകൊണ്ടും, എനിക്ക് തിരുമേനിയോടുള്ള സ്നേഹം കൊണ്ടും, തിരുമേനിക്ക് എന്നോടുള്ള വാത്സല്യം കൊണ്ടുമാണ് ഇതെഴുതുവാന്‍ ധൈര്യപ്പെടുന്നത്. ഒരു സംവാദം എന്ന നിലയില്‍ ഈ കത്തും തിരുമേനിയുടെ മറുപടിയും പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.

സ്നേഹപൂര്‍വ്വം, 

ജോയ്സ് തോട്ടയ്ക്കാട്

കോട്ടയം
മാര്‍ച്ച് 8, 2008

Comments

Popular posts from this blog

മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്

Books by Joice Thottackad

ഹൃദയശൂന്യരാകുന്ന നസ്രാണികള്‍!