മലങ്കരസഭയുടെ സമാധാനമാഗ്രഹിക്കാഞ്ഞ മെത്രാപ്പോലീത്തായുടെ ഓര്‍മ്മ എങ്ങനെ സമാധാനമായി നടക്കും?


തൃക്കുന്നത്ത് സെമിനാരിയില്‍ ഇന്ന് കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മ കൊണ്ടാടുകയാണ്. അതോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടക്കാറുള്ള അസംബന്ധ നാടകങ്ങള്‍ ഇന്നലെ വൈകിട്ടും അരങ്ങേറി.

പരിശുദ്ധന്മാരായ പരുമല തിരുമേനിയുടെയും വട്ടശ്ശേരില്‍ തിരുമേനിയുടെയും ശിഷ്യനും പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ  സഹപാഠിയുമായിരുന്നു മാര്‍ അത്താനാസ്യോസ്. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ കാലത്ത് മലങ്കരസഭ പ്രതീക്ഷയെടെ കണ്ട രണ്ടു പേരായിരുന്നു കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാനും കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാനും. രണ്ടുപേരുടെയും കശ്ശീശാ പട്ടംകൊട ഒരു ദിവസമായിരുന്നു; 1898 നവം. 24-ന് പഴയസെമിനാരി സ്ഥാപകന്‍റെ ഓര്‍മ്മദിവസം. പരുമല തിരുമേനിയാണ് സ്ഥാനം നല്‍കിയത്. നവം. 27-ന് അന്നത്തെ മലങ്കരസഭാനേതൃത്വം പ്രതീക്ഷയോടെ അവരെ റമ്പാന്മാരുമാക്കി. മലങ്കരസഭയ്ക്ക് ആത്മീയ ഉണര്‍വ്വ് പകര്‍ന്നുകൊണ്ട് രണ്ടു റമ്പാന്മാരും ഒരുമിച്ച് പല പള്ളികള്‍ സന്ദര്‍ശിക്കുകയും വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കുകയും ചെയ്തു. 

1910-ല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മലങ്കരസഭാ സന്ദര്‍ശനത്തോടെ  സഭയില്‍ ഭിന്നത ഉടലെടുത്തു. തന്‍റെ ഹിതാനുസാരികളായ ചിലരെ സൃഷ്ടിക്കുവാന്‍ പാത്രിയര്‍ക്കീസ് ശ്രമിച്ചു. "തന്‍റെ കൂടെ നിന്നാല്‍ മെത്രാനാക്കാം" എന്ന പ്രലോഭനം കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാന്‍, കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ), പാറേട്ട് മാത്യൂസ് ശെമ്മാശന്‍, കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാന്‍ തുടങ്ങി അന്നുണ്ടായിരുന്ന പ്രമുഖ അവിവാഹിത പട്ടക്കാര്‍ക്കെല്ലാം ലഭിച്ചു. 'ചുമന്ന കുപ്പായം' ഇന്നെന്ന പോലെ അന്നും ഒരു പ്രലോഭന വസ്തുവായിരുന്നു! തങ്ങളുടെ ഗുരുവായ വട്ടശ്ശേരില്‍ തിരുമേനിയെ ഉപേക്ഷിച്ച് മെത്രാന്‍സ്ഥാനം വാങ്ങുവാന്‍ കുറ്റിക്കാട്ടില്‍ റമ്പാനൊഴിച്ച് മറ്റാരും തയ്യാറായില്ല. അങ്ങനെ, ആത്മാഭിമാനം ഉള്ള ഒരു നസ്രാണിയും എഴുതിക്കൊടുക്കുവാന്‍ മടിക്കുന്ന തരത്തിലുള്ള ഒരു ഉടമ്പടിയില്‍ ഒപ്പിട്ടു കൊടുത്ത് കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാന്‍, മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി. വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം മെത്രാന്‍ സ്ഥാനമേറ്റ പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും, സ്ലീബാമാര്‍ ഒസ്താത്തിയോസും, അബ്ദുള്ളാ പട്ടംകൊടുത്ത കുറ്റിക്കാട്ടില്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ചേര്‍ന്ന് പിന്നീടാണ് മലങ്കരസഭയിലെ പാത്രിയര്‍ക്കീസ് വിഭാഗം കെട്ടിപ്പടുക്കുന്നത്. കടുത്ത അന്ത്യോഖ്യ പക്ഷപാതിയായി മാറിയ മാര്‍ അത്താനാസ്യോസ്, കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് തന്‍റെ പിതൃസ്വത്ത് ഉപയോഗിച്ചും, കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ അങ്കമാലിയിലെ പള്ളികള്‍ സന്ദര്‍ശിച്ച് തെണ്ടിപ്പിരിച്ചു കൊണ്ടുവന്ന പണമുപയോഗിച്ചും പണിയിച്ച, മലങ്കരസഭയുടെ പൊതുസ്വത്തുക്കളുടെ കൂട്ടത്തില്‍ എണ്ണിയിരുന്ന ആലുവാ തൃക്കുന്നത്തു സെമിനാരി കൈവശപ്പെടുത്തി ഭരണമാരംഭിച്ചു.

തൃക്കുന്നത്തു സെമിനാരി നിയമപരമായി കൈവശമാക്കാനുള്ള അദ്ദേഹത്തിന്‍റെയും അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെയും ശ്രമത്തെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍റെ ഡയറിയായ 'സഭാജീവിത നാള്‍വഴി'യില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കടവില്‍ അത്താനാസ്യോസ് തിരുമേനിയുടെ വില്‍പത്രപ്രകാരം സെമിനാരിയുടെ ചുമതലക്കാരനായ കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍, തല്‍സ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്നാണ് പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടത്. അദ്ദേഹം അതിനു വിസമ്മതം പ്രകടിപ്പിച്ചില്ലെങ്കിലും അപ്പോള്‍ എഴുതി കൊടുക്കുകയുണ്ടായില്ല; പിന്നീടും എഴുതി ഒപ്പിട്ടുകൊടുത്തില്ല. കടവില്‍ തിരുമേനി കാലം ചെയ്തതിനെ തുടര്‍ന്ന്, അദ്ദേഹം ആഗ്രഹിച്ചപോലെ തൃക്കുന്നത്തു സെമിനാരിയുടെ ചുമതല താന്‍ വഹിക്കുന്നത് അവിടെയുള്ള പലര്‍ക്കും അനിഷ്ടമാണ് എന്നു തിരിച്ചറിഞ്ഞ് ഗീവര്‍ഗീസ് റമ്പാന്‍ വാകത്താനത്തേക്കു മടങ്ങിയിരുന്നു. ഗീവര്‍ഗീസ് റമ്പാനെ മുളന്തുരുത്തിയിലേക്ക് വിളിച്ചുവരുത്തി ചുമതല ഒഴിയണമെന്ന് ആവശ്യപ്പെടുന്നതും, മെത്രാന്‍സ്ഥാനം നല്‍കാമെന്ന് പ്രലോഭിപ്പിക്കുന്നതും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ കാണുക:

"24-ന് കഥാനായകന്‍ പാത്രിയര്‍ക്കീസു ബാവായുടെ കല്പന പ്രകാരം ബാവായെ കാണ്മാന്‍ മുളംതുരുത്തിയിലേക്ക് പോകുന്നുവെന്നറിഞ്ഞ് യാത്രച്ചിലവിലേക്കായി പടിഞ്ഞാറെവെട്ടിയില്‍ തൊമ്മന്‍ എന്നയാള്‍ 10 രൂപ കഥാനായകന് കൊടുത്തയച്ചു. ... 30 -ന് വാകത്താനത്തു പള്ളിയില്‍ തലേദിവസം കഴിക്കേണ്ട പെരുന്നാള്‍ കഴിച്ചു. പെരുന്നാള്‍ കഴിഞ്ഞ് കഥാനായകന്‍ പാത്രിയര്‍ക്കീസു ബാവായെ കാണ്മാന്‍ കരിപ്പാല്‍ യാക്കോബു കത്തനാര്‍, കാരുചിറെ തോമാ എന്നിവര്‍ ഒരുമിച്ച് മുളന്തുരുത്തിയിലേക്ക് പോകയും പിറ്റേദിവസം രാത്രി അവിടെ എത്തുകയും ചെയ്തു.

കന്നി മാസം 1-ന് കാലത്ത് പള്ളിയില്‍ കഥാനായകനും മറ്റും ചെന്നു. അപ്പോള്‍ അവിടെ പാത്രിയര്‍ക്കീസു ബാവാ, ഒസ്താത്തിയോസ്, കൂറിലോസ് എന്നീ മെത്രാച്ചന്മാരും കോനാട്ടു മല്പാന്‍ മുതലായവരും ഉണ്ടായിരുന്നു. ആലുവായില്‍ കാലം ചെയ്തിരുന്ന മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുതിയിരുന്ന വില്‍പ്പത്രപ്രകാരം കഥാനായകന് കിട്ടിയിരുന്ന അധികാരം ഒഴിഞ്ഞുകൊടുക്കേണ്ടതിനെപ്പറ്റി സംസാരിപ്പാനായിരുന്നു അവിടെ ചെല്ലണമെന്ന് കല്പന വന്നത്. ബാവായുടെ ഇഷ്ടപ്രകാരം ചെയ്യുന്നതിലേക്ക് കഥാനായകന് വിരോധമില്ലെന്ന് പറഞ്ഞു. അന്ന് കൂറിലോസു മെത്രാച്ചന്‍ മലങ്കര സുറിയാനി സമുദായത്തിന്‍റെ ഭൂരിപക്ഷാഭിപ്രായത്തിന് എതിരായി ലൗകിക അധികാരം ഉറപ്പിച്ച് പാത്രിയര്‍ക്കീസു ബാവായ്ക്ക് ഉടമ്പടി എഴുതി രജിസ്ട്രാക്കി. അതില്‍ ഒരു സാക്ഷി കഥാനായകനും കൂടിയാണ്. കഥാനായകനും മെത്രാസ്ഥാനം തരാമെന്ന് ബാവാ കല്പിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞ് പിറ്റെ ദിവസം ഞങ്ങള്‍ തിരിച്ചുപോരികയും ചെയ്തു. മുളന്തുരുത്തിക്ക് പോകുമ്പോഴും വരുമ്പോഴും സിമ്മനാരിയില്‍ കയറി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ കണ്ടു" (കാതോലിക്കേറ്റിന്‍റെ നിധി, പേജ് 192-193).

വട്ടശ്ശേരില്‍ തിരുമേനി അവസാനകാലത്ത്, തന്‍റെ കാലത്ത് ആരംഭിച്ച സഭാഭിന്നത തീര്‍ത്ത് സമാധാനം കണ്ട് കണ്ണടയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനായി അദ്ദേഹം അപ്രേം പാത്രിയര്‍ക്കീസിനെ കണ്ട് കാലുപിടിച്ച് അപേക്ഷിച്ചു. കാലുമടക്കി തൊഴിച്ചാണ് പാത്രിയര്‍ക്കീസ് അതിനോടു പ്രതികരിച്ചത്. മര്‍ദ്ദീനിലേക്കു യാത്ര പുറപ്പെടുംമുമ്പ്, പാത്രിയര്‍ക്കീസുമായി സംസാരിച്ച് ഇവിടെ അനുരഞ്ജനമുണ്ടാക്കുന്നതിനു വേണ്ടിയുള്ള മഹത്തായ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ്, അദ്ദേഹം കുണ്ടറ സെമിനാരിയില്‍ വച്ചു ചെയ്ത പ്രസംഗം വളരെ ഹൃദയസ്പര്‍ശിയാണ്. അന്നുണ്ടായിരുന്ന ചില ഊഹാപോഹങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഈ വാര്‍ദ്ധക്യകാലത്ത് ഈ മനുഷ്യന്‍ വിദേശത്തേയ്ക്ക് പോകുന്നതിന്‍റെ കാരണം കേസില്‍ തോറ്റതിലുള്ള ദുഃഖം മറക്കുന്നതിനു വേണ്ടിയുള്ള ഒരു വിദേശ സഞ്ചാരമാണെന്ന് ചില ആളുകള്‍ പറഞ്ഞു. മറ്റു ചിലര്‍ പറഞ്ഞു, ഇദ്ദേഹം ഇവിടെനിന്ന് രക്ഷപെട്ട് ശീമയില്‍ പോയി ശിഷ്ടായുസ് കഴിക്കുവാന്‍ വേണ്ടി പോകുകയാണ്. വേറെ ചിലര്‍ പറഞ്ഞു, ഇദ്ദേഹം പാത്രിയര്‍ക്കീസിനെ പോയി കണ്ടിട്ട്, അവിടെ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ഒരു കിഴക്കന്‍ സഭയില്‍ നമ്മുടെ സഭയെ ചേര്‍ക്കുന്നതിനുവേണ്ടിയാണ് പോകുന്നതെന്ന്. എന്നിട്ട് അദ്ദേഹം തന്നെ വ്യക്തമായി തന്‍റെ യാത്രയുടെ ലക്ഷ്യം വിശദമാക്കുകയും ചെയ്യുന്നുണ്ട്. 

നാട്ടിലെത്തി വര്‍ഷങ്ങള്‍ക്കുശേഷം പിന്നെയും വട്ടശ്ശേരില്‍ തിരുമേനി സമാധാനത്തിനായി ശ്രമങ്ങള്‍ തുടര്‍ന്നു. ഒടുവില്‍, മലങ്കരയിലെ പാത്രിയര്‍ക്കീസ് വിഭാഗം നേതാവായ അത്താനാസ്യോസുമായി ആലോചിച്ച് സമാധാനം ഉണ്ടാക്കുക എന്ന് പാത്രിയര്‍ക്കീസ് മറുപടി കൊടുത്തു. അതുപ്രകാരം വട്ടശ്ശേരില്‍ തിരുമേനി തന്‍റെ ശിഷ്യനായ മാര്‍ അത്താനാസ്യോസിനെ നേരില്‍ കണ്ട് സമാധാനമുണ്ടാക്കി കണ്ണടയ്ക്കുവാന്‍ ആഗ്രഹിച്ച് ശ്രമിച്ചതും, അഹങ്കാരം മുറ്റിയ മാര്‍ അത്താനാസ്യോസ് സമാധാനമാഗ്രഹിക്കാതെ ആ പരിശ്രമത്തെ പുറംകാല്‍ കൊണ്ടു തൊഴിച്ചതും, ആ ആഘാതത്തില്‍ വട്ടശ്ശേരില്‍ തിരുമേനി പെട്ടെന്ന് രോഗബാധിതനാവുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാലം ചെയ്തതും ചരിത്രസത്യമാണ്. 

വട്ടശ്ശേരില്‍ തിരുമേനിയുടെ അന്ത്യസന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തതും സമാധാനത്തിനായാണ്: "ചെറിയ ആട്ടിന്‍കൂട്ടമാകുന്ന നമ്മുടെ പാവപ്പെട്ട സഭ ഛിന്നഭിന്നമായി തീരാതിരിക്കാനായി സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടു കൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണമെന്നുള്ളതു ദൈവസന്നിധിയില്‍ നിങ്ങളുടെ സര്‍വപ്രധാനമായ ചുമതലയായി നമ്മുടെ പ്രിയ മക്കളില്‍ ഓരോരുത്തരും സ്വീകരിക്കണമെന്നു നമ്മുടെ അവസാന ശ്വാസത്തോടുകൂടി നാം പ്രബോധിപ്പിച്ചുകൊള്ളുന്നു."

1934-ല്‍ വട്ടശ്ശേരില്‍ തിരുമേനി കാലം ചെയ്തു. മലങ്കരസഭയിലെ ഇരു വിഭാഗങ്ങളുടെയും നേതൃത്വം, ഒരുകാലത്ത് സഹപാഠികളും ആത്മമിത്രങ്ങളുമായിരുന്ന ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായിലും കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസ്യോസിലുമായി. ഇതിനിടയിലും പല സമാധാന പരിശ്രമങ്ങളും നടന്നു. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ പട്ടത്വം സാധുവല്ലെന്നും അതിനാല്‍ പട്ടത്വം സാധൂകരിക്കാന്‍ അദ്ദേഹത്തിന്‍റെ തലയില്‍ കൈവച്ച് ഒരു ശുശ്രൂഷ നടത്തണമെന്നും മാര്‍ അത്താനാസ്യോസ് ശഠിച്ചു. സഭാ സമാധാനത്തിനായി എന്തും ചെയ്യാന്‍ ഒരുക്കമായിരുന്ന ബാവാ അതിനും സമ്മതിച്ചു. തീയതി നിശ്ചയിച്ചു. ബാവാ തിരുമേനി ആലുവായിലെത്തി. പരിശുദ്ധനായ ബാവാതിരുമേനിയുടെ തലയില്‍ കൈവച്ച് ശാപം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ ഔഗേന്‍ മാര്‍ തിമോത്തിയോസും (അന്ന് പാത്രിയര്‍ക്കീസ് വിഭാഗത്തില്‍. പിന്നീട് ഔഗേന്‍ പ്രഥമന്‍ ബാവാ) യൂലിയോസും ഉള്‍പ്പെടെയുള്ള പാത്രിയര്‍ക്കീസ് വിഭാഗം മെത്രാന്മാര്‍ മുങ്ങി. സഭാസമാധാനം നടക്കാതിരിക്കാനായി ഇങ്ങനെയൊരു ആവശ്യമുന്നയിച്ച മാര്‍ അത്താനാസ്യോസും, ബാവാതിരുമേനി ആലുവായിലെത്തിയെന്നു കേട്ട് ഞെട്ടി. കൈവയ്പ് ചടങ്ങു നടന്നാല്‍ സഭാ സമാധാനം യാഥാര്‍ത്ഥ്യമാകും. സമാധാന വിരോധിയായ മാര്‍ അത്താനാസ്യോസ് പെട്ടെന്നു സ്ഥലം കാലിയാക്കി. 1953 ജനുവരി 25-ന് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. 1958-ലാണ് സഭാ സമാധാനം യാഥാര്‍ത്ഥ്യമായത്; സുപ്രീം കോടതി വിധിയെതുടര്‍ന്ന്. അന്ന് മാര്‍ അത്താനാസ്യോസ് ജീവിച്ചിരുന്നെങ്കില്‍ സമാധാനം യാഥാര്‍ത്ഥ്യമാകുകയില്ലെന്ന് അറിയാമായിരുന്ന ജഗദീശ്വരന്‍ അദ്ദേഹത്തെ നേരത്തെ വിളിച്ചുവെന്നു നമുക്ക് ആശ്വസിക്കാം. 

ഈ ലേഖനം മലങ്കരസഭയിലെ വിഘടിത വിഭഗത്തില്‍ ചിലര്‍ക്കെങ്കിലും വിഷമത്തിനു കാരണമാകും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് എഴുതുന്നത്. ഞാര്‍ത്താങ്കല്‍ കോരുതു മല്പാനെ പോലെയുള്ള ഗുരുക്കന്മാര്‍ കുറ്റിക്കാട്ടില്‍ തിരുമേനിയുടെ പ്രാര്‍ത്ഥനാ ജീവിതത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്‍ മറക്കുന്നുമില്ല.

ഇനി നിങ്ങള്‍ പറയൂ, കുറ്റിക്കാട്ടില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ അസംബന്ധ നാടകമായിത്തീരുന്നതില്‍ നിന്ന് കര്‍ത്താവ് നമ്മളെ എന്തോ ഓര്‍മ്മിപ്പിക്കുവാന്‍ ശ്രമിക്കുകയല്ലേ? 

ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നസ്രാണി എന്നാണിനി പഠിക്കുക?

ജോയ്സ് തോട്ടയ്ക്കാട് 

ജനുവരി 26, 2008
കുറ്റിക്കാട്ടില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍.

Comments

Popular posts from this blog

മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്

Books by Joice Thottackad

ഹൃദയശൂന്യരാകുന്ന നസ്രാണികള്‍!