ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിനെ സ്വാധീനിച്ച പത്രോസ് റമ്പാന്‍
പിതാവിന്‍റെ ഒരു രണ്ടാം മച്ചുനന്‍ ആയ പത്രോസ് ശെമ്മാശ്ശന്‍ (പിന്നീട് പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ) പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ബാല്യകാലത്തെ ആരാധനാപുരുഷനായിരുന്നു. ഡോ. ബി. ആര്‍. അംബേദ്കറുടെയും, ശ്രീനാരായണ ഗുരുവിന്‍റെയും, സഹോദരന്‍ അയ്യപ്പന്‍റെയും, അയ്യങ്കാളിയുടെയും ഗണത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു സാമൂഹിക പരിഷ്കര്‍ത്താവാണ് പത്രോസ് ശെമ്മാശ്ശന്‍. മഹാനായ ഈ സാമൂഹ്യപരിഷ്കര്‍ത്താവിനെ വളരെ ചെറുപ്പത്തില്‍ തന്നെ അടുത്തു പരിചയപ്പെടുവാന്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്കു സാധിച്ചു. പത്രോസ് ശെമ്മാശ്ശന്‍ അല്പം തീപ്പൊരി തന്നിലേക്കു നിവേശിപ്പിക്കുകയും ചെയ്തു എന്ന് മെത്രാപ്പോലീത്താ ഓര്‍ക്കുന്നു.
"അക്കാലത്തെ ഒരു പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെയും കൊച്ചിയിലെയും 'തൊട്ടുകൂടാത്തവരുടെ' ഉന്നമനമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഉജ്ജ്വലനായ ഒരു വാഗ്മി കൂടിയായിരുന്നു അദ്ദേഹം. സദാ സഞ്ചാരത്തിലായിരിക്കും. അതിലളിതമായ ജീവിതം നയിച്ചുകൊണ്ട്, നാടുനീളെ നടക്കുന്ന ഒരു ത്യാഗധനന്‍. ആരുടെയിടയില്‍ പ്രവര്‍ത്തിച്ചുവോ ആ പാവപ്പെട്ടവരുടെ ജീവിതരീതികളുമായി പൊരുത്തപ്പെട്ടു ജീവിക്കുവാന്‍ അദ്ദേഹം നിഷ്ഠവച്ചു."
"ഒരു ദിവസം അദ്ദേഹം തന്‍റെ പൂര്‍വ്വിക കുടുംബം സന്ദര്‍ശിക്കാനെത്തി. ഞങ്ങളുടെ വീടിനു തൊട്ടടുത്താണത്. ഒരു കൊച്ചുകുട്ടിയായ ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്നു. ആദ്യമേ ഞാനവിടെ കണ്ടത് ശെമ്മാശ്ശന്‍റെ ഏറ്റവും മൂത്ത സഹോദരന്‍ എം. പി. വര്‍ക്കിയെയാണ്; യുക്തിവാദിയായ ഒരു നാസ്തികനാണദ്ദേഹം. അദ്ദേഹവും പൂര്‍വ്വികഗൃഹത്തില്‍ ഒരു ഹൃസ്വസന്ദര്‍ശനത്തിനെത്തിയതാണ്. "കുട്ടി ആരെ കാണാനാണു വന്നത്?" അദ്ദേഹം എന്നോടു ചോദിച്ചു. "ദൈവത്തെ കാണണമെന്നുണ്ടെങ്കില്‍ അതാ അദ്ദേഹം അടുത്ത മുറിയിലുണ്ട്. അതല്ല പിശാചിനെയാണ് കാണേണ്ടതെങ്കില്‍, ആ ആള്‍ ഇതാ നിന്‍റെ മുമ്പില്‍ തന്നെ നില്‍ക്കുന്നു." ആ ചോദ്യം എന്നെ കുറച്ചൊന്ന് അമ്പരപ്പിക്കാതിരുന്നില്ല. പത്രോസ് ശെമ്മാശ്ശനെ കാണാനാണു വന്നതെന്നു മാത്രം പറഞ്ഞു ഞാന്‍ അടുത്ത മുറിയിലേക്കു പോയി."
"പത്രോസ് ശെമ്മാശ്ശന്‍ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. ലളിതമായി ജീവിക്കണമെന്നും പാവങ്ങളെ സേവിക്കണമെന്നും ഉപദേശം തന്നു. എന്‍റെ പിതാമഹന്‍ തന്‍റെ തലതൊട്ടപ്പനായിരുന്നുവെന്ന് ശെമ്മാശ്ശന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മാതാമഹി എന്‍റെ പ്രപിതാമഹന്‍റെ സഹോദരിയായിരുന്നെന്നു തോന്നുന്നു. ഏതായാലും വളരെ പ്രചോദന പ്രേരകമായ ഒരു സന്ദര്‍ശനമായിരുന്നു അത്. അദ്ദേഹം അല്പം തീപ്പൊരി എന്നിലേക്കു നിവേശിപ്പിച്ചിരിക്കണം."
മെത്രാപ്പോലീത്താ വിദേശ രാജ്യങ്ങളിലെ പഠനങ്ങള്‍ക്കു ശേഷം 1954-ല്‍ ജന്മനാട്ടിലേക്ക് തിരികെപോന്നു. 1947-ല്‍ എത്യോപ്യയിലേക്ക് അദ്ധ്യാപകനായി പോയശേഷം അദ്ദേഹം തിരികെവന്നിരുന്നില്ല. ഏഴു വര്‍ഷത്തിനുശേഷമാണ് തിരികെ വരുന്നത്. വീട്ടിലെത്തി ഏതാനുംനാള്‍ താമസിച്ചു. സ്വന്തം പരിശ്രമത്താല്‍ ഡിഗ്രി പഠനം നടത്തിയിട്ടാണ് എത്തിയിരിക്കുന്നത്.
പോള്‍ വര്‍ഗീസ് കേരളത്തിലേക്ക് മടങ്ങി വരുന്ന വിവരം അറിഞ്ഞ്, അദ്ദേഹത്തിന്‍റെ ബന്ധുവായ പത്രോസ് റമ്പാന്‍ (സ്ലീബാദാസ സമൂഹസ്ഥാപകനായ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ) അമേരിക്കയിലേക്ക് ഒരു കത്തയച്ചിരുന്നു. കത്തില്‍ വര്‍ഗീസിനോട് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടു: "നീ ഒരുപാട് പഠിച്ചു. ഇനി എന്താണ് നിന്‍റെ ഭാവി പരിപാടികള്‍? എന്‍റെ ഈ പ്രസ്ഥാനത്തില്‍ (സ്ലീബാദാസ സമൂഹം) നീ പ്രവര്‍ത്തിക്കണമെന്നാണ് എന്‍റെ ആഗ്രഹം."
നാട്ടിലെത്തി അധികം താമസിയാതെ വര്‍ഗീസ്, പത്രോസ് റമ്പാനോടൊപ്പം കൂടി. പുതുക്രിസ്ത്യാനികള്‍ക്കുള്ള കോടിവസ്ത്രങ്ങളുടെ ഭാണ്ഡവുംപേറി കാല്‍നടയായി വടക്കന്‍ പ്രദേശങ്ങളില്‍ അവര്‍ യാത്ര ചെയ്തു. പള്ളികളിലും നാല്‍ക്കവലകളിലും സുവിശേഷയോഗങ്ങള്‍ നടത്തുക, പുതുക്രിസ്ത്യാനികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുക, അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയവയായിരുന്നു പരിപാടികള്‍. പള്ളികളിലും, കക്ഷിവഴക്കുകള്‍ മൂലം അവിടെ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ പള്ളിയുടെ നാടകശാലയിലുമൊക്കെ കിടന്നുറങ്ങിയായിരുന്നു സഞ്ചാരം. ഒരു പള്ളിയിലെത്തിയപ്പോള്‍, പള്ളി തുറന്നു കൊടുക്കാഞ്ഞതുമൂലം പത്രോസ് റമ്പാന് നാടകശാലയിലിരിക്കേണ്ടി വന്നു. ഇടവക ജനങ്ങള്‍ എത്തി അദ്ദേഹത്തിനുമേല്‍ അക്ഷേപവും പരിഹാസവും ചൊരിഞ്ഞു. ആ സമയത്ത് അതിന് ചെവികൊടുക്കാതെ പഴങ്കഞ്ഞി കുടിച്ചുകൊണ്ടിരുന്ന പത്രോസ് റമ്പാന്‍റെ ചിത്രം ഹൃദയസ്പര്‍ശിയായിരുന്നു. മെത്രാപ്പോലീത്താ ഈ രംഗം എന്നും ഓര്‍മ്മിച്ചിരുന്നു. സന്യാസത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴൊക്കെ ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍, പത്രോസ് റമ്പാന്‍റെ താഴ്മയും വിനയവും നിറഞ്ഞ ജീവിതത്തെക്കുറിച്ച് മെത്രാപ്പോലീത്താ പറയുമായിരുന്നു.
ചേങ്ങല കൊട്ടിയും തമ്പേറടിച്ചും ചിത്രച്ചുരുളുകള്‍ കാണിച്ചും പറയരുടെയും പുലയരുടെയും ഇടയില്‍ പത്രോസ് റമ്പാനും വര്‍ഗീസും സ്ലീബാദാസന്മാരും സുവിശേഷവേല ചെയ്തു. താഴ്ന്ന ജാതിക്കാരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് സുവിശേഷവെളിച്ചം പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നത് സുവിശേഷവേലയുടെ അവിഭാജ്യഘടകമായിരുന്നു. രാത്രിയില്‍ പള്ളിയില്‍ വച്ചാണ് സുവിശേഷയോഗം നടത്തുക. യോഗാരംഭത്തിന് മുമ്പ് ചേങ്ങല കൊട്ടുമ്പോള്‍ സമീപവാസികളെല്ലാം പള്ളിയിലെത്തും. സന്ധ്യാ നമസ്ക്കാരത്തിനു ശേഷം യോഗം ആരംഭിക്കും. യോഗാനന്തരം സാധുക്കളായ വിധവകള്‍, കുഷ്ഠരോഗികള്‍, അന്ധര്‍, ബധിരര്‍, അംഗഹീനര്‍ എന്നിവര്‍ക്ക് ഓരോ കോടി വസ്ത്രവും, ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് സാമ്പത്തിക സഹായവും നല്‍കും.
യാത്രയ്ക്കിടയില്‍ പല കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ഒരിയ്ക്കല്‍ പത്രോസ് റമ്പാന്‍ വര്‍ഗീസിനോടു പറഞ്ഞു: "നീ ഈ പ്രസ്ഥാനത്തിന്‍റെ കൂടുതല്‍ നടത്തിപ്പിനും, വിജയത്തിനും വേണ്ടി ഒരു രേഖ എഴുതിയുണ്ടാക്കണം." വര്‍ഗീസ് അതനുസരിച്ച് വളരെ ചിന്തിച്ചും ആലോചിച്ചും, ബുദ്ധിമുട്ടിയും ഒരു വ്യവസ്ഥ എഴുതിയുണ്ടാക്കി. അത് അദ്ദേഹം റമ്പാനെ വായിച്ചു കേള്‍പ്പിച്ചു. "കൊള്ളാം വളരെ നല്ലത്" എന്ന് പ്രതികരിച്ചുകൊണ്ട് പത്രോസ് റമ്പാന്‍ അത് വാങ്ങി പെട്ടിയില്‍ വച്ചു; പെട്ടിയുമടച്ചു. അത് പിന്നീടൊരിക്കലും വെളിച്ചം കണ്ടതുമില്ല!
മൂന്നാഴ്ച നീണ്ടുനിന്ന ഈ യാത്രയുടെ ഒടുവില്‍ വര്‍ഗീസ്, പത്രോസ് റമ്പാനോട് പറഞ്ഞു: "ഇനി ഞാന്‍ കോട്ടയം വരെ ഒന്നു പോകട്ടെ. എനിക്ക് അദ്ധ്യാപനമാണ് താല്പര്യം." അങ്ങനെ ഇരുവരും സ്നേഹപൂര്‍വ്വം വേര്‍പിരിഞ്ഞു.
ലോകം കണ്ട ധിഷണാശാലികളില്‍ ഒരാളായ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ സ്വാധീനിച്ച പത്രോസ് മാര്‍ ഒസ്താത്തിയോസ് തന്‍റെ സ്വതസിദ്ധമായ ജീവിതശൈലിയില്‍ തന്നെ മുന്നോട്ടു നീങ്ങി.
ജോയ്സ് തോട്ടയ്ക്കാട്
ജനുവരി 25, 2008
കോട്ടയം

Comments
Post a Comment