അനുരഞ്ജനം പ്രായോഗികതലത്തില്‍...


പഴയസെമിനാരിയില്‍ ശുബ്ക്കോനോ ശുശ്രൂഷ ഭംഗിയായി നടന്നു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. മുഖ്യകാര്‍മ്മികന്‍ എന്ന നിലയില്‍ നിയുക്ത കാതോലിക്കാ പ്രതീകാത്മകമായി വിശ്വാസികളോട് മുട്ടുകുത്തി ക്ഷമായാചനം നടത്തി. ഇപ്പോഴത്തെ പ്രത്യേക സഭാ സാഹചര്യത്തില്‍ അത് വളരെ അര്‍ത്ഥവത്തായി അനുഭവപ്പെട്ടു. കണ്ണില്‍ കണ്ണുനീര്‍ പൊടിയുന്ന അനുരഞ്ജനത്തെക്കുറിച്ചുള്ള ഫാ. ടി. ജെ. ജോഷ്വായുടെ പ്രസംഗവും നാല്പതു കുമ്പിടീലും കഴിഞ്ഞ്, പുറത്തുനിന്ന് വന്നവരെല്ലാം ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന പ്രിന്‍സിപ്പലച്ചന്‍റെ അപേക്ഷപ്രകാരം ഭക്ഷണം കഴിക്കാന്‍ മെസ്സ് ഹാളിലെത്തി.

മെത്രാച്ചന്മാരുടെയും ഫാക്കല്‍റ്റിയംഗങ്ങളുടെയും മേശയില്‍ (വാഗമണ്ണില്‍ നിന്നു പ്രിന്‍സിപ്പലിനെ കാണാനെത്തിയ ഒരു പാവപ്പെട്ട സന്യാസിയും അവിടെയുണ്ട്) ഗബ്രിയേല്‍ മെത്രാച്ചന്‍ പാമ്പാടിയില്‍ പ്രസംഗിച്ചതായി ചര്‍ച്ച. സാബു കുറിയാക്കോസച്ചനെക്കൊണ്ട് പറയിച്ചത് കേള്‍ക്കാതെ പോയതാണെന്നായി പുതിയ ഔദ്യോഗിക ഭാഷ്യം (മാനേജിംഗ് കമ്മറ്റിയില്‍ പ. പിതാവിന്‍റെ ശെമ്മാശനെക്കൊണ്ട് പറയിച്ചുവെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം). ഒരാളുടെ കമന്‍റ് ഇച്ചിരെ ഉറക്കെയായിപ്പോയി: "ഇതൊക്കെ തിരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കണം. മുന്‍കാല ചരിത്രമെന്താണെന്നു നോക്കിയിട്ടു വേണം മെത്രാനാക്കാന്‍. അന്ന് .......ക്കെ പറഞ്ഞതല്ലെ കൊള്ളുകേലെന്ന്." 

"ശുബ്ക്കോനോയാ നടത്തിയത്. എന്നിട്ട് പറയുന്നത് പരദൂഷണമാണെന്ന്" ഒരു ജൂണിയര്‍ ഫാക്കല്‍ട്ടിയംഗം പരിതപിക്കുന്നതു കേട്ടു.

അനുരഞ്ജനത്തിന്‍റെ പ്രായോഗികതലം കണ്ട് പ്രസംഗം കേട്ട് കണ്ണീരൊഴുക്കിയ പാവം നസ്രാണി തലയില്‍ കൈവച്ചു.

മക്കളുടെ അപ്പമെടുത്ത് പന്നിക്കുട്ടികള്‍ക്ക്

പുറത്തുനിന്ന് വന്നവരെല്ലാം ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന പ്രിന്‍സിപ്പലച്ചന്‍റെ അപേക്ഷയുടെ അര്‍ത്ഥം, ഇന്ന് കൂപ്പണ്‍ എടുക്കേണ്ട എന്നായിരുന്നു. പ്രിന്‍സിപ്പലിന്‍റെ പ്രഖ്യാപനമറിയാതെ ഒരു ശെമ്മാശന്‍ പാവപ്പെട്ട ഒരു 'ആദ്ധ്യാത്മിക അന്വേഷകനെ' ചോദ്യം ചെയ്യുന്നത് കണ്ടു. അദ്ദേഹം കൂപ്പണ്‍ എടുത്തിരുന്നത് എടുത്തുകൊടുത്തു. പ്രിന്‍സിപ്പലിന്‍റെ പ്രഖ്യാപനത്തെക്കുറിച്ച് പറഞ്ഞുംകൊടുത്തു. അതുകൊണ്ട് തൊട്ടിരുന്ന ഈ നസ്രാണിയോട് ചോദ്യം വന്നില്ല. 

സെമിനാരി വിദ്യാര്‍ത്ഥികളുടെ ഓരോ ഗ്രൂപ്പിനുമാണ് ഓരോ മാസത്തെയും മെസ്സിന്‍റെ ചുമതല. ഒരു വിദ്യാര്‍ത്ഥിക്ക് ഇത്ര രൂപ, ഒരു അദ്ധ്യാപകന് ഇത്ര രൂപ എന്നു കണക്കാക്കി ഒരു തുക ആ ഗ്രൂപ്പിന് കൊടുക്കും. അതുകൊണ്ട് ഒരു മാസം നടത്തിക്കോളണം. ഗസ്റ്റുകള്‍ എത്ര എണ്ണമുണ്ടെന്ന് തല എണ്ണി ഓഫീസില്‍ പറഞ്ഞാല്‍ അതിനുള്ള തുക അവിടെ നിന്ന് കൊടുക്കുന്നതായിരുന്നു പണ്ട് പതിവ്. ഇപ്പോള്‍ അച്ചന്മാരോ ചീഫ് ഗസ്റ്റുകളോ മറ്റോ വന്നാല്‍ ഓഫീസില്‍ നിന്നു പണം കൊടുക്കുമെന്ന് തോന്നുന്നു. സാദാ നസ്രാണിയുടെ കാര്യം പോക്കായി. ഒരു മാസത്തില്‍ അനുവദിച്ച തുകയില്‍ കൂടുതല്‍ ചെലവാക്കിയാല്‍ അത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൂടി പണമടച്ച് വേണം വീട്ടാന്‍. ഈ ഒരു സിസ്റ്റം  വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉണ്ടാക്കുന്ന തലവേദനകളും പൊല്ലാപ്പുകളും ഏറെയാണ്. ഇത് പരിഹരിക്കാന്‍ പ. പാമ്പാടി തിരുമേനിയെക്കുറിച്ചും പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലെ ആതിഥ്യ മര്യാദകളെക്കുറിച്ചും  അറിയാത്ത ഏതോ ഒരു 'സെറാമ്പൂര്‍ ഭക്തന്‍' കണ്ടുപിടിച്ചതാണ് കൂപ്പണ്‍ സിസ്റ്റം.  (പ്രിന്‍സിപ്പച്ചന്‍റെ സൈലന്‍റ് റൂട്സ് എന്ന പുസ്തകത്തില്‍ പറയുന്നത് ദാഹിക്കുന്നവന് ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്നതു തന്നെ സ്വര്‍ഗരാജ്യം കിട്ടുന്ന പുണ്യ പ്രവൃത്തിയാണെന്നാണ്. പുസ്തകം വായിക്കാത്ത അച്ചന്മാരുണ്ടോ ഇത് വല്ലതും കാണുന്നു) 1990-കളില്‍ ഞാന്‍ സെമിനാരിയില്‍ ചെല്ലുമ്പോള്‍ ഗസ്റ്റ് മാസ്റ്റര്‍ എന്നൊരു തസ്തികയുണ്ടായിരുന്നു. ഈ ചുമതലയുള്ള വിദ്യാര്‍ത്ഥി, ഉച്ചനമസ്ക്കാരം കഴിഞ്ഞാലുടന്‍ ഓടി നടന്ന് സെമിനാരി സമൂഹത്തില്‍ പെടാതെയുള്ള ആള്‍ക്കാരെയെല്ലാം വിളിച്ചുകൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കുമായിരുന്നു.  ഇപ്പോഴും ഈ പോസ്റ്റില്‍ ആളുണ്ടെന്നാണ് തിരക്കിയപ്പോള്‍ അറിഞ്ഞത്. പക്ഷേ, ഉച്ചയ്ക്കാരും ആരെയും വിളിച്ചുകൊണ്ടുപോയി ഭക്ഷണം കൊടുക്കുന്നതായി കാണുന്നില്ല; അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പോലും തങ്ങളുടെ ഒരു  സുഹൃത്തിനെ ഭക്ഷണം കഴിക്കാന്‍ വിളിക്കാന്‍ മടിക്കുന്നു.

ഞാനും എന്‍റെ ഉപ്പാപ്പനായ അച്ചനും കൂടി ചങ്ങനാശ്ശേരി വഴി ഈയിടെ കാറില്‍ സഞ്ചരിച്ചപ്പോള്‍, ചീരഞ്ചിറ പള്ളിയില്‍ കൂടിക്കൊണ്ടിരുന്ന ഒരാള്‍, സ്വര്‍ഗ്ഗീയവിരുന്നില്‍ ചേര്‍ന്നതില്‍പിന്നെ എല്ലാ ദിവസവും തന്‍റെ കടയുടെ മുന്‍വശത്ത് കഞ്ഞി വിതരണം ചെയ്യുന്ന കാര്യം പറഞ്ഞ് അച്ചന്‍ അദ്ഭുതം കൂറുകയുണ്ടായി. ചീരഞ്ചിറ പള്ളിയുടെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന സമയത്ത് അദ്ദേഹം ആര്‍ക്കും കഞ്ഞി കൊടുത്തിരുന്നതായി തോന്നുന്നില്ല. 

നമ്മുടെ മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോലഞ്ചേരിയിലും പിറവത്തുമുള്ള ആശുപത്രികളില്‍ ഉച്ചയ്ക്ക് കഞ്ഞി വിതരണം നടത്തുന്നുണ്ട്. കോട്ടയത്ത് പാവപ്പെട്ടവര്‍ക്കെല്ലാം സ്വര്‍ഗീയ വിരുന്നുകാര്‍ കഞ്ഞി കൊടുക്കുന്നുണ്ട് (സഭാംഗങ്ങള്‍ക്കു കഞ്ഞി കൊടുക്കാത്ത സെമിനാരിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്വര്‍ഗീയവിരുന്നുകാരനെ കുറ്റം പറഞ്ഞാണ് പള്ളികളിലെ ഞായറാഴ്ചത്തെ മിഷന്‍ തകര്‍ക്കുന്നത്). ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ നടന്ന് പഴയസെമിനാരിയിലെത്തി ഭക്ഷണം കഴിക്കാന്‍ ഇന്ന് ഭിക്ഷക്കാരാരെങ്കിലും വരാന്‍ സാദ്ധ്യതയില്ല. പണ്ട് രണ്ടും കൈയും വിട്ട് നടന്ന കാലത്ത് കാശില്ലാതെ കോട്ടയത്തു നില്‍ക്കുമ്പോള്‍ ഞാന്‍ പോയി സെമിനാരിയില്‍ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. വിശന്നു വലഞ്ഞു ചെല്ലുന്ന എന്നെ പലപ്പോഴും, 'നീ വല്ലതും കഴിച്ചോ' എന്നു തിരക്കി വേണ്ടെന്നു പറഞ്ഞാലും കഴിച്ചെന്ന് നുണ പറഞ്ഞാലും,  നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുപോയി ഫാക്കല്‍റ്റിയംഗങ്ങള്‍ ഭക്ഷണം കഴിക്കുന്നിടത്ത് കൂടെയിരുത്തി ഗബ്രിയേലച്ചന്‍ - ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് - ഭക്ഷണം കഴിപ്പിച്ചിരുന്നതും, അത് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് രസിക്കാതെ പോയതും സത്യമാണ്. 

ദിവ്യബോധനം, ശ്രുതി, ലൈബ്രറി എന്നിവ സന്ദര്‍ശിക്കുന്നവരോ, അദ്ധ്യാപകരെയോ വിദ്യാര്‍ത്ഥികളെയോ കാണാനെത്തിയവരോ ഒക്കെയാണ് ഉച്ചസമയത്ത് അവിടെ ഉണ്ടാകുക. ഒരു ദിവസം ഇരുന്നൂറ്റമ്പത് രൂപ ഇവര്‍ക്കായി ചെലവാകുമായിരിക്കുമെന്നാണ് ഇതിനെക്കുറിച്ചുള്ള ഒരു കണക്ക്. ആരെങ്കിലും ഒരു മുപ്പതിനായിരം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടുകൊടുത്തിരുന്നെങ്കില്‍ 'സെമിനാരിദിന പിരിവ്' കൊടുക്കുന്ന പാവം നസ്രാണികള്‍ ഉച്ചയ്ക്കെങ്ങാനും സെമിനാരിയില്‍ പെട്ടുപോയാല്‍ അവര്‍ക്കും, അന്വേഷണവും പഠനവുമായി അലഞ്ഞു തിരിയുന്നവര്‍ക്കും, പാവപ്പെട്ട ഭിക്ഷക്കാര്‍ക്കും ഉച്ചയ്ക്ക് ഇത്തിരി കഞ്ഞി കിട്ടിയേനെ. സാദാ നസ്രാണികള്‍ക്ക് കൊടുക്കാതെ മിച്ചം വരുന്ന കഞ്ഞി കുടിച്ച് കൊഴുത്തുവളരുന്ന പന്നിക്കുട്ടികളുടെ സ്ഥാനം പോലും നമുക്ക് ഇല്ലാതെ പോയല്ലോ എന്നോര്‍ത്ത് കരയാം.

പ്രിയപ്പെട്ട കെ. എം. ജോര്‍ജ്ജ് അച്ചന്‍ ഇന്നലെ മാങ്ങാനം ആശ്രമത്തില്‍ ആചാര്യ കെ. കെ. ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിച്ചതു കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കാം: "മാങ്ങാനം ആശ്രമം എന്നു പറയുന്നത് ഒരു കോമണ്‍ സ്പേസായിരുന്നു. ആര്‍ക്കും ഏതു സമയത്തും വരാം. പ്രത്യേകിച്ചു പൊതുസമൂഹം സ്വീകരിക്കാത്ത ആളുകള്‍, സമൂഹവുമായിട്ട് ചേരാത്ത ആളുകള്‍, തള്ളിക്കളയപ്പെട്ട ആളുകള്‍, അവഗണിക്കപ്പെടുന്നവര്‍. ഇവരൊക്കെ ഈ ആശ്രമത്തില്‍ വരുന്നത് ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. ..... ദൈവത്തിന്‍റെ ഹോസ്പിറ്റാലിറ്റി ഇതാണ്."

പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ കാലത്ത് (അതിനു മുമ്പിലത്തെ കാര്യം എനിക്കറിഞ്ഞുകൂടാ) ഈ പ്രഭാഷണത്തില്‍ പറയുന്നതുപോലെയുള്ള ഒരു കോമണ്‍ സ്പേസായിരുന്നു പഴയ സെമിനാരി. അതുകൊണ്ടാണ് എന്നെപ്പോലെ സമൂഹം ഭ്രാന്തനെന്നു വിളിക്കുന്ന പലര്‍ക്കും അവിടെ ചെല്ലാനും സേവനമനുഷ്ഠിക്കാനുമൊക്കെ അവസരമുണ്ടായത്. അത് നഷ്ടപ്പെട്ടു പോകുന്നതിന്‍റെ കാരണങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ദൈവസന്നിധിയില്‍ വിനയാന്വിതമായി ചിന്തിക്കണമെന്നു മാത്രമേ പ്രിയപ്പെട്ട കെ. എം. ജോര്‍ജ് അച്ചനെയും, സഹപ്രവര്‍ത്തകരെയും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുള്ളു. മുഖസ്തുതി കേള്‍ക്കുമ്പോള്‍ സന്തോഷിക്കുകയും, വിമര്‍ശനത്തെ ഭയപ്പെടുകയും ചെയ്യുന്ന നമ്മുടെ നസ്രാണി ശൈലിയില്‍ ഈ ലേഖനത്തെ കാണാതെ, നഷ്ടപ്പെട്ടുപോകുന്ന നമ്മുടെ ക്രിസ്തീയ മൂല്യങ്ങളെ വീണ്ടെടുക്കുവാന്‍ ശ്രമിക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട്.

ജോയ്സ് തോട്ടയ്ക്കാട്

ഫെബ്രുവരി 4, 2008
വലിയനോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷയുടെ ദിവസം

Comments

Popular posts from this blog

മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍ | ജോയ്സ് തോട്ടയ്ക്കാട്

Books by Joice Thottackad

ഹൃദയശൂന്യരാകുന്ന നസ്രാണികള്‍!