പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഫോട്ടോകള്‍ കണ്ടെടുത്ത കഥ
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവിതകാലത്തെ ഭൂരിഭാഗം ഫോട്ടോകളും സമാഹരിച്ച് തിരുമേനിയുടെ സപ്തതിക്ക് 1992-ല്‍ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാലം ചെയ്ത ശേഷം 40-ാം ദിവസവും ഈ പ്രദര്‍ശനം നടന്നു.
അന്ന് പഠിച്ചുകൊണ്ടിരുന്ന ഒരു ശെമ്മാശന്‍ ഇവ മൊത്തം സ്കാന്‍ ചെയ്തു സിഡി യിലാക്കി തരാം എന്ന് പറഞ്ഞു കൊണ്ടുപോയി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല. ഡല്‍ഹി ഭദ്രാസന അരമനയില്‍ നിന്ന് ഈ ഫോട്ടോകള്‍ ബോംബെ ഭദ്രാസന അരമനയില്‍ എത്തിയതായി ഒരു ന്യൂസ് കിട്ടി. ഡല്‍ഹി, ബോംബെ ഭദ്രാസന മെത്രാന്മാരുമായി അടുപ്പമുള്ള എന്‍റെ സുഹൃത്തായ ഒരു ചെറുപ്പക്കാരനെ ഉപയോഗിച്ച് ഈ ഫോട്ടോകള്‍ അവിടെ നിന്നും കൊണ്ടുപോന്നു. രൂബന്‍ എന്നു പറയുന്ന ആ ചെറുപ്പക്കാരന്‍ ബാംഗ്ലൂരിലെ തന്‍റെ വീട്ടില്‍ കൊണ്ടുവന്ന് ഈ ഫോട്ടോകള്‍ സൂക്ഷിച്ചു. പിന്നീട് ഞാന്‍ ഈ കാര്യം മറന്നു. രൂബനുമായുള്ള ഓണ്‍ലൈന്‍ സമ്പര്‍ക്കവും നിന്നുപോയി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വീണ്ടും ഈ കാര്യം ഓര്‍മ്മിക്കുന്നത്. രൂബന്‍റെ ഇ മെയില്‍ അഡ്രസും ഫോണ്‍ നമ്പരുമില്ല. ഒടുവില്‍ ഞങ്ങളുടെ ഒരു പൊതു സുഹൃത്തില്‍ നിന്നും ഇ മെയില്‍ അഡ്രസ് വാങ്ങി ബന്ധപ്പെട്ടു. ഫോട്ടോകള്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ സുരക്ഷിതമായുണ്ട്. നാട്ടിലേക്ക് കൊടുത്തു വിടാന്‍ എന്‍റെ സുഹൃത്തായ ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടിയെ ഏല്പിക്കുവാന്‍ പറഞ്ഞു. ഇടിച്ചാണ്ടി അച്ചന്‍ നാട്ടിലേക്കു വന്നപ്പോള്‍ കാറില്‍ ഒരു വലിയ പെട്ടി കൊണ്ടുവന്ന് ഓഫീസില്‍ തന്നു.
ഓര്‍ത്തഡോക്സ് സെമിനാരി ലൈബ്രേറിയനെ വിളിച്ച് ഫോട്ടോകള്‍ തിരികെ കിട്ടിയിട്ടുണ്ടെന്നും സ്കാന്‍ ചെയ്തിട്ട് തരാമെന്നും പറഞ്ഞു. ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല. വര്‍ഷങ്ങളായി ഞങ്ങളുടെ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരിക്കുന്നു. തിരുമേനിയുടെ ഫോട്ടോകള്‍ ആവശ്യപ്പെടുന്ന ആര്‍ക്കും സ്കാന്‍ ചെയ്ത കോപ്പികള്‍ അയച്ചുകൊടുക്കും. തിരുമേനിയുടെ വെബ് സൈറ്റിലും ഫെയിസ് ബുക്കിലുമൊക്കെ ഒട്ടേറെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്തിട്ടിട്ടുണ്ട്.
02-01-2023
Comments
Post a Comment