ഒരു അപൂര്‍വ്വ ആത്മബന്ധം | ജോയ്സ് തോട്ടയ്ക്കാട്

നവീകരണത്തെ ചെറുക്കാന് പരുമല സെമിനാരി സ്ഥാപിച്ച പുലിക്കോട്ടില് ജോസഫ് മാര് ദീവന്നാസ്യോസ് രണ്ടാമന് മുളന്തുരുത്തിയിലെ ഇടവകപട്ടക്കാരനായ ചാത്തുരുത്തില് ഗീവര്ഗീസ് കോറെപ്പിസ്ക്കോപ്പാ എന്ന ചെറുപ്പക്കാരനെ കണ്ടെത്തി റമ്പാനാക്കി വെട്ടിക്കല് താമസിപ്പിക്കുന്നു.

മലങ്കരയെത്തിയ പത്രോസ് പാത്രിയര്ക്കീസ് ബാവായും മലങ്കര മെത്രാപ്പോലീത്തായും തമ്മിലുള്ള കണ്ണിയായി ചാത്തുരുത്തില് ഗീവര്ഗീസ് കോറെപ്പിസ്ക്കോപ്പായെ പാത്രിയര്ക്കീസ് ബാവായുടെ ദ്വിഭാഷിയായി കൊടുക്കുന്നു.
പാത്രിയര്ക്കീസ് ബാവാ, മലങ്കര മെത്രാപ്പോലീത്തായായ തന്നോടാലോചിക്കാതെ ആറു പേര്ക്ക് മെത്രാപ്പോലീത്താ സ്ഥാനം നല്കിയതില് ചാത്തുരുത്തില് ഗീവര്ഗീസ് കോറെപ്പിസ്ക്കോപ്പായും ഉണ്ടായിരുന്നു. ആറു പേരും മേല്സ്ഥാനിയായ തന്നോടാലോചിക്കാതെയാണ് സ്ഥാനമേറ്റതെങ്കിലും അവര്ക്കെതിരെ നടപടി എടുക്കാതെയും അവരോടു പിണങ്ങാതെയും, 46 വയസുള്ള താന് സ്ഥാനമൊഴിയാം നവീകരണക്കാരുമായുള്ള കേസ് നിങ്ങള് നടത്താന് നിര്ദേശിക്കുന്ന പുലിക്കോട്ടില് ജോസഫ് മാര് ദീവന്നാസ്യോസ് രണ്ടാമന്റെ നയതന്ത്രത്തിനു മുന്നില് പതറിയ നവാഭിഷിക്തര് അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നു.
നിരണത്തിന്റെ ഇടയനായി, പുലിക്കോട്ടില് തിരുമേനി സ്ഥാപിച്ച പരുമല സെമിനാരിയിലെത്തുന്ന ചാത്തുരുത്തില് ഗീവര്ഗീസ് മാര് ഗ്രീഗോറിയോസ് എന്ന 28 വയസുകാരന് മലങ്കര മെത്രാപ്പോലീത്തായുടെ വിശ്വസ്തനും അസിസ്റ്റന്റുമായി മാറുന്ന കാഴ്ചയാണ് ചരിത്രത്തില് പിന്നീട് കാണുന്നത്. നവീകരണ-യൂയോമയ കൊടുങ്കാറ്റില് നിന്ന് തെക്കന് ഭദ്രാസനങ്ങളെ രക്ഷിച്ച് സത്യവിശ്വാസത്തില് നിലനിര്ത്തുവാന് പരുമല കൊച്ചുതിരുമേനി അത്യദ്ധ്വാനം ചെയ്തു.
ഒരാള് രോഗിയാവുമ്പോള് രോഗസൗഖ്യം വരെ മറ്റെയാള് കൂടെ താമസിക്കുന്നു
1885 മേടത്തില് നവീകരണക്കാരുമായുള്ള കേസിന്റെ കാര്യങ്ങള്ക്കു തിരുവനന്തപുരത്തെത്തിയ പുലിക്കോട്ടില് രണ്ടാമന് തിരുമേനി രോഗിയായി. പുതുപ്പള്ളിയില് നെല്പിരിവിനായി എത്തിയ പരുമല കൊച്ചുതിരുമേനി ഇതറിഞ്ഞ് ഉടന് തിരുവനന്തപുരത്തെത്തി. അതെക്കുറിച്ച് വട്ടശേരില് ഗീവര്ഗീസ് മല്പാന് ചാത്തുരുത്തി തറവാട്ടിലേക്ക് ഇങ്ങനെ എഴുതി:
"യൗസേപ്പു വന്നപ്പൊള് വര്ത്തമാനങ്ങള് ഒക്കെയും ചോദിച്ചു അറിവാന് സംഗതി വന്നതില് സന്തോഷിക്കുന്നു. തിരുമനസ്സുകൊണ്ടു വടക്കുനിന്നും ഇവിടെ എത്തിയതിന്റെ ശേഷം ഏറെ താമസിയാതെ ഉടനെതന്നെ ഇവിടെനിന്നും പുതുപ്പള്ളി പള്ളിയിലേക്കു നീങ്ങി. നെല്പിരിവിന്നായിട്ടാകുന്നു നീങ്ങിയതു. അവിടുത്തെ പിരിവിന്നു തക്ക സമയം ഇതല്ലായ്കയാല് അവരുടെ ഒക്കെയും ആലോചനയോടു കൂടെ പിന്നെ ആകട്ടെ എന്നു നിശ്ചയിച്ചു. എന്നാല് തിരുമനസ്സുകൊണ്ടു വല്ല്യതിരുമനസ്സിലേക്കു അല്പ സുഖക്കേടു ആകുന്നൂയെന്നു കേള്ക്കയാല് അദ്ദേഹത്തെ കാണ്മാനും പുതുപ്പെള്ളിപ്പള്ളിക്കാര് തമ്മില് അല്പ തര്ക്കമുള്ളതു പറഞ്ഞുതീര്പ്പാനും ആയിട്ടു അതുവഴി തന്നെ തിരുവനന്തപുരത്തേക്കു പോയി. വല്ല്യ തിരുമനസ്സിനെ കണ്ടു പറവാന് കാര്യമുണ്ടെന്നും അപ്പോള് കൊച്ചുതിരുമനസ്സുകൊണ്ടുകൂടെ വേണമെന്നും പള്ളിക്കാര് അപേക്ഷിക്കയാല് അത്രെ പ്രത്യേകം തിരുവനന്തപുരത്തേക്കു പോകുവാന് സംഗതി ആയതു. താമസിയാതെ അവിടെനിന്നും ഇവിടെ എത്തുമെന്നു കല്പന വന്നിട്ടുണ്ടെങ്കിലും വിധി കഴിയാതെ ഇനി അവിടെനിന്നും തിരിക്കുമോ എന്നു തോന്നുന്നില്ലാ."
പരുമല കൊച്ചുതിരുമേനി അതേ വര്ഷം കന്നി മാസത്തില് രോഗിയായി ഒന്നര മാസത്തോളം ചികിത്സയിലായിരുന്നു. മുളന്തുരുത്തിയില് നിന്ന് പെങ്ങള് വന്ന് അരികുപുറത്ത് തറവാട്ടില് താമസിച്ചാണ് ശുശ്രൂഷിച്ചിരുന്നത്. നന്നേ ചെറുപ്പത്തില് അമ്മ കടന്നുപോയതിനു ശേഷം പെങ്ങളായിരുന്നു തിരുമേനിയുടെ മരണം വരെ അമ്മയുടെ സ്ഥാനത്തു നിന്ന് ശുശ്രൂഷിച്ചുപോന്നത്. വിവരം അറിഞ്ഞെത്തിയ പുലിക്കോട്ടില് രണ്ടാമന് തിരുമേനി രോഗം സൗഖ്യമായി പരുമല കൊച്ചുതിരുമേനിയെ കുളിപ്പിച്ചു കണ്ട ശേഷമാണ് പഴയസെമിനാരിയിലേക്കു മടങ്ങിയത്. അതെക്കുറിച്ച് വട്ടശേരില് ഗീവര്ഗീസ് മല്പാന് ചാത്തുരുത്തി തറവാട്ടിലേക്ക് ഇങ്ങനെ എഴുതി:
"ഇതിനു മുമ്പില് അയച്ചിരുന്ന എഴുത്തു കിട്ടി വിവരങ്ങള് അറിഞ്ഞിരിക്കുമല്ലൊ. ജ്യേഷ്ഠന് ഇവിടെനിന്നും പോയതില്പിന്നെ കൂടുതല് യാതൊന്നും ഇല്ലാ. അഞ്ചാറു ദിവസമായിട്ടു പനി തീരെ വിട്ടുമാറിയിരിക്കുന്നു. എന്നാല് മൂന്നുനാലു ദിവസമായിട്ടു ചിലപ്പോള് അകത്തു ഒരു വേദന കാണുന്നുണ്ടു. ആയതു ഇന്നലെയും ഉണ്ടായി. രണ്ടുമൂന്നു കുളി കഴിയുമ്പോള് ആയതു തീരെ മാറി പോകുമെന്നത്രെ വൈദ്യന് പറയുന്നത്. മിനിഞ്ഞാന്നു കുളിപ്പിച്ചു. കുളിപ്പിച്ചതിന്റെ ശേഷം പനി തീരെ കാണുന്നില്ലാ. ഇന്നും കുളിപ്പിക്കുന്നുണ്ട്. വല്യ മെത്രാച്ചന് ഇന്നലെ സന്ധ്യയ്ക്ക് കോട്ടയത്തേക്കു നീങ്ങി. ശേഷമുള്ളവരും ഇന്നു പുറപ്പെടുവാന് ആലോചിക്കുന്നു. പെങ്ങള്ക്കും ഞങ്ങള്ക്കു ആര്ക്കും വിശേഷാല് സുഖക്കേട് യാതൊന്നും ഇല്ലാ. ജ്യേഷ്ഠനെ എഴുതി അയച്ചു ഇങ്ങോട്ടു വരുത്തണമെന്നു കല്പിച്ചു. കാര്യം എന്തെന്നു അറിയുന്നില്ലാ. പെങ്ങളെ കൊണ്ടുപോകുവാനായിരിക്കുമെന്നു വിചാരിക്കുന്നു. ഇന്നലത്തേതില് പിന്നെ ഇന്നു ഈ സമയംവരെയും ആ വേദന തീരെ കാണുന്നില്ലാ. ജ്യേഷ്ഠന് പോയതില് പിന്നെ വയറെളക്കം തീരെ ഇല്ല. ... ശേഷം കാഴ്ചയില്.
ഇതു കുഞ്ഞുവര്ക്കി ജ്യേഷ്ഠന്നു ഗീവര്ഗീസു കത്തനാരു. എന്ന് 1885 മെടം 1-നു."
കാലം ചെയ്ത പരുമല തിരുമേനിയുടെ ഭൗതികശരീരം കാണാത്ത പുലിക്കോട്ടില് രണ്ടാമന്
പരുമല കൊച്ചുതിരുമേനി 1902 നവംബര് 2-ന് അര്ദ്ധരാത്രിയില് കാലം ചെയ്തു. രണ്ടു ദിവസം മുമ്പ് തിരുമേനി കാലം ചെയ്തു എന്ന് തെറ്റിദ്ധരിച്ച് വാര്ത്ത വന്നപ്പോള് പുലിക്കോട്ടില് രണ്ടാമന് തിരുമേനി വാവിട്ടു നിലവിളിച്ച കാര്യം ദൃക് സാക്ഷിയായ രണ്ടാം കാതോലിക്കാ പ. ഗീവറുഗീസ് പ്രഥമന് കാതോലിക്കാ ബാവായുടെ ഡയറിയില് കാണാം. പരുമല തിരുമേനിയുടെ കബറടക്കത്തില് പുലിക്കോട്ടില് രണ്ടാമന് തിരുമേനി പങ്കെടുത്തതായി ആ ഡയറിക്കുറിപ്പില് കാണുന്നില്ല. സമകാലിക രേഖകളിലൊന്നും അക്കാര്യം പരാമര്ശിക്കുന്നില്ല. കബറടക്കത്തില് പങ്കെടുത്തില്ലെങ്കിലും ആ മുഖമൊന്ന് കാണാന് പള്ളിയകത്ത് ചെന്നോ എന്ന് സംശയം തോന്നാം. ഇല്ല എന്നാണ് രേഖകള് പ്രകാരം കാണുന്നത്.
മലങ്കരസഭയ്ക്ക് അവിസ്മരണീയമായ സംഭാവനകള് നല്കിയ ഈ രണ്ടു പുണ്യപുരുഷന്മാരുടെയും ഓര്മ്മകള്ക്കു മുമ്പില് പ്രണാമം.
02-11-2024

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം