ആ വാത്സല്യത്തിനും സ്നേഹത്തിനും എന്ത് പകരം നല്‍കാന്‍?
പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ഞാനുമായുള്ള ബന്ധത്തിന്‍റെ സ്മരണകള്‍ ഉള്‍പ്പെടുത്തി ഒരു പൂര്‍ണ്ണ ലേഖനം എഴുതുവാന്‍ എനിക്കിതുവരെയും കഴിഞ്ഞിട്ടില്ല. പ്രശസ്തരും അപ്രശസ്തരുമായ പലരും തിരുമേനിയെക്കുറിച്ചുള്ള സ്മരണകള്‍ ലേഖനരൂപത്തില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ശിഷ്യരായ രണ്ടു വൈദികര്‍ ഗ്രന്ഥരൂപത്തിലും ആ സ്മരണകള്‍ നമുക്ക് നല്‍കി.
ഇത്തരത്തിലൊരു ലേഖനം രചിക്കാനും, തിരുമേനിയും ഞാനും തമ്മിലുള്ള ബന്ധത്തെ വാക്കുകളില്‍ ആവിഷ്കരിക്കുവാനും ഞാന്‍ പല തവണ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി എഴുതിയ ചില കുറിപ്പുകളാണ് താഴെ ചേര്‍ക്കുന്നത്.
ഇവനോ വാത്സല്യവാന്‍
1994 മെയ് മാസത്തിലെ ഒരു ദിവസം. അന്ന് ഓര്‍ത്തഡോക്സ് സെമിനാരിയിലെ സോഫിയാ സെന്‍ററിന്‍റെ പ്രോഗ്രാം സെക്രട്ടറിയായിരുന്ന ഫാ. റ്റി. പി. ഏലിയാസിന്‍റെ മുറിയില്‍ ഞാനും അദ്ദേഹവുമായി സംസാരിച്ചിരിക്കുന്നു. ഒരു വൈദികന്‍ ആ മുറിയിലേക്കു കടന്നുവന്നു." എടാ നിനക്കറിയാമ്മേലെ, നമ്മുടെ ബോയ്സ് ഹോമിന്‍റെ സെക്രട്ടറി കെ. റ്റി. ഫിലിപ്പച്ചനാണ്" എന്നു പറഞ്ഞ് ഏലിയാസച്ചന്‍ കയറിവന്ന അച്ചനെ എനിക്ക് പരിചയപ്പെടുത്തി. "ഇവനെ അറിയാമ്മേലെ, ഗ്രീഗോറിയോസ് തിരുമേനിയുടെ അടുത്ത ആളാ. ജോയ്സ് തോട്ടയ്ക്കാട്." കെ. റ്റി. ഫിലിപ്പച്ചന്‍ ഒന്നു ഞെട്ടി. വിശ്വസിക്കാന്‍ പ്രയാസമായതെന്തോ കേട്ടതുപോലെ. ഒന്നുകൂടെ എന്നെ സൂക്ഷിച്ചുനോക്കി. എന്നിട്ടു പറഞ്ഞു: "തിരുമേനി അവിടെ 'വാത്സല്യവാനായ ജോയ്സേ' എന്നു സംബോധന ചെയ്ത് എന്തോ എഴുതുന്നുണ്ട്. ഞാനിപ്പം കണ്ടായിരുന്നു. ഞാന്‍ വിചാരിച്ചു, ആ ജോയ്സ് ഏതോ വലിയ ആളായിരിക്കുമെന്ന്. ഇത്ര ചെറുപ്പമാണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല."
തിരുമേനിയെക്കുറിച്ച് ഞാന്‍ തയ്യാറാക്കിയ 'ദാര്‍ശനികന്‍റെ വിചാര ലോകം' എന്ന ഗ്രന്ഥം അതിന് കുറച്ച് ദിവസങ്ങള്‍ മുമ്പായിരുന്നു തിരുമേനിയുടെ സാന്നിധ്യത്തില്‍ ഓര്‍ത്തഡോക്സ് സെമിനാരിയിലെ ശ്രുതി ബില്‍ഡിംഗില്‍ വച്ച് പ്രകാശനം ചെയ്തത്. പ്രകാശനം നടന്നയുടന്‍ തിരുമേനി ഒരു പ്രസ്താവന നടത്തി. "ഈ ഗ്രന്ഥത്തില്‍ എന്‍റെ ആശയങ്ങള്‍ മനസ്സിലാക്കി എഴുതിയിരിക്കുന്നത് കെ. എം ജോര്‍ജ്ജ് അച്ചനും രാമന്‍ പിള്ളയും മാത്രമാണ്. മറ്റുള്ളവരൊക്കെ എന്നോടുള്ള സ്നേഹം കൊണ്ട് എഴുതിയിരിക്കുന്നതാണ്." പുസ്തകത്തിന്‍റെ പ്രൂഫ്, പ്രകാശനത്തിനു മുമ്പേ തിരുമേനിക്കു കൊടുത്തിരുന്നു അത് വായിച്ചിട്ട്, ഗ്രന്ഥത്തിനൊരു ആമുഖം ഞാന്‍ എഴുത്തിതരാമെന്ന് തിരുമേനി പറഞ്ഞു. അത് എഴുതാന്‍ തുടങ്ങിയതാണ് കെ. റ്റി. ഫിലിപ്പച്ചന്‍ കാണാനിടയായത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം തിരുമേനി ഡല്‍ഹിക്കു മടങ്ങി. യാത്രയ്ക്കായി കാറില്‍ കയറാന്‍ നേരം ഞാന്‍ ചെന്നു കൈ മുത്തി. തിരുമേനിയുടെ ആമുഖത്തെപ്പറ്റി തിരക്കി. "എഴുത്തിത്തീര്‍ന്നിട്ടില്ല. ഡല്‍ഹിയില്‍ ചെന്നിട്ട് എഴുതിത്തീര്‍ത്ത് അയച്ചുതരാം" എന്നു പറഞ്ഞു. ഡല്‍ഹിക്ക് ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഞാനൊരു കത്തെഴുതി. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ലേഖനം തപാലില്‍ ലഭിച്ചു. അത് ഡി. റ്റി. പി. ചെയ്ത് ഗ്രന്ഥത്തിന്‍റെ ആദ്യം ചേര്‍ക്കാന്‍ ശ്രമിച്ചു എങ്കിലും കെ. എം. ജോര്‍ജ്ജ് അച്ചന്‍റെ നിര്‍ദ്ദേശപ്രകാരം പിന്നീടത് വേണ്ടെന്നു വെച്ചു. തിരുമേനിയെക്കുറിച്ചുള്ള ഒരു ഗ്രന്ഥത്തില്‍ തിരുമേനിയുടെ ആമുഖത്തിന്‍റെ ഔചിത്യവും, അച്ചനെക്കുറിച്ച് തിരുമേനി ആ ലേഖനത്തില്‍ എഴുതിയ ചില പുകഴ്ത്തലുകളുമാണ് ആ ലേഖനം ഗ്രന്ഥത്തില്‍ ചേര്‍ക്കരുതെന്ന് പറയാന്‍ അച്ചനെ പ്രേരിപ്പിച്ചത്. ഈ ലേഖനത്തിന്‍റെ ആദ്യഭാഗം ഒഴിവാക്കി (കെ. എം. ജോര്‍ജ്ജ് അച്ചനെക്കുറിച്ചും എന്നെക്കുറിച്ചുമുള്ള വാക്കുകള്‍) 'പുതിയ മാനവികത' എന്ന പേരില്‍ തിരുമേനിയുടെ വിയോഗശേഷം പുറത്തിറങ്ങിയ 'ജ്ഞാനത്തിന്‍റെ ഗ്രിഗോറിയന്‍ പര്‍വ്വം' എന്ന ഗ്രന്ഥത്തില്‍ ചേര്‍ക്കുകയുണ്ടായി. തിരുമേനിയുടെ സമ്പൂര്‍ണ്ണ മലയാള രചനകളുടെ ആദ്യ വാല്യമായ 'സ്നേഹം, സ്വാതന്ത്ര്യം, പുതിയ മാനവികത' എന്ന ഗ്രന്ഥത്തിലും ഈ ലേഖനം ചേര്‍ത്തിട്ടുണ്ട്.
********
തിരുമേനി എനിക്ക് പിതൃതുല്യനായിരുന്നു. ഒരു ഗുരുവും സന്യാസിയുമൊക്കെയായാണ് ഞാനദ്ദേഹത്തെ കണ്ടിരുന്നത്. ഒരു തരത്തിലും മനസ്സിലാക്കുവാനാകാത്ത ഒരു അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തില്‍ നിന്ന് വാത്സല്യവും സ്നേഹവും ആവോളം നുകരുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കൊച്ചുകുട്ടികളോട് സ്നേഹം കാണിക്കുന്നതില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. എത്ര ദേഷ്യപ്പെട്ടിരിക്കുന്ന സമയത്താണെങ്കിലും ഒരു കൊച്ചുകുട്ടിയെ കണ്ടാല്‍ എല്ലാ ദേഷ്യവും മാറി അവരോടൊപ്പം കളിക്കാനും ചിരിക്കാനും അദ്ദേഹം തയ്യാറാവും. എന്നാല്‍ വലിയ ആളുകളോട് സ്നേഹം കാണിക്കുന്നതില്‍ തിരുമേനി കുറച്ചെങ്കിലും പിശുക്ക് കാണിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. മനസ്സിലുള്ള സ്നേഹം മുഴുവന്‍ അദ്ദേഹം ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല എന്നു തോന്നുന്നു. അപൂര്‍വ്വം അവസരങ്ങളില്‍ മാത്രമേ (മൂന്നു തവണയോ മറ്റോ) മറ്റുള്ളവരുടെ മുമ്പില്‍ വച്ച് അദ്ദേഹം സ്നേഹം എന്നോട് പ്രകടിപ്പിച്ചിട്ടുള്ളു. ഞാനും തിരുമേനിയും മാത്രമുള്ള അവസരത്തിലും എന്നോടദ്ദേഹം സ്നേഹം പ്രദര്‍ശിപ്പിച്ചിരുന്നില്ല. പിന്നെ എങ്ങനെയാണദ്ദേഹം എന്നെ സ്നേഹിച്ചിരുന്നതെന്നും ഞാന്‍ ആ സ്നേഹം അനുഭവിച്ചതെന്നും ചോദിച്ചാല്‍ എനിക്കത് വാക്കുകളില്‍ പറഞ്ഞ് ഫലിപ്പിക്കുവാനറിഞ്ഞുകൂടാ.
തിരുമേനിയുടെ ചിന്തകളെ കേരളത്തില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ച ആദ്യ സമയങ്ങളിലൊന്നും എനിക്കദ്ദേഹത്തെ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. ഞാനദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കി. തിരുമേനി അനുവദിച്ചില്ലെങ്കില്‍ പോലും പ്രസിദ്ധീകരിക്കുവാനായിരുന്നു എന്‍റെ തീരുമാനം. പുസ്തകത്തിന്‍റെ കാര്യവുമായി ബന്ധപ്പെട്ടാണ്, ഞാന്‍ ആദ്യം തിരുമേനിയെക്കണ്ട് സംസാരിക്കുന്നത്. അതിനു മുമ്പ് പല തവണ തപാലില്‍ വരുന്ന എഴുത്തുകള്‍ കൊണ്ടുപോയി കൊടുക്കുവാനായി മുറിയില്‍ പോയിട്ടുണ്ടെങ്കിലും അന്നൊന്നും നേരില്‍ സംസാരിച്ചിരുന്നു എന്നു തോന്നുന്നില്ല. 'അവിടെ വച്ചേര്' എന്നോ, അസഹ്യതയോടെ 'കതകടയ്ക്കുക' എന്നോ മറ്റോ ഏതാനും വാക്കുകള്‍ പറഞ്ഞിട്ടുണ്ടാകാം. ഓഫീസിലെ അറ്റന്‍ഡര്‍ വീട്ടില്‍ പോയിരിക്കുന്ന സമയത്ത്, എഴുത്തുകള്‍ കൊണ്ടുപോയി കൊടുക്കുവാന്‍ മറ്റു പലര്‍ക്കും പേടിയുള്ളതുകൊണ്ട്, ആരും എന്നോട് പറയാതെതന്നെ ഞാന്‍ ഇക്കാര്യം ചെയ്തിരുന്നതാണ്.
പിന്നീട് അദ്ദേഹത്തിന്‍റെ കൂടെ പേഴ്സണല്‍ അസിസ്റ്റന്‍റായി നില്‍ക്കുവാനുള്ള ഭാഗ്യമുണ്ടായി. കൂടെ നിന്ന അവസരത്തിലാണ് ആ വ്യക്തിത്വത്തിന്‍റെ പല വശങ്ങള്‍ തിരിച്ചറിയുവാന്‍ കഴിഞ്ഞത്.
********
"ഗുരുക്കന്മാരെ വാക്കുകള്‍ കൊണ്ട് പ്രശംസിക്കുക ഭാരതീയ പാരമ്പര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഗുരുവിനെ പ്രണമിക്കുക, ഗുരുവിനെ അനുധാവനം ചെയ്യുക, ഗുരുസാന്നിധ്യത്തെ ഹൃദയത്തില്‍ സംവഹിക്കുക ഇതാണ് ശരിയായ ഭാരതീയ പാരമ്പര്യം എന്ന് എനിക്ക് തോന്നുന്നു. വാക്കുകള്‍ കൊണ്ട് വലിയ പ്രയോജനമില്ല. അതു മാത്രമല്ല, വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം അറ്റുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു യുഗമാണ് ഇത്."
- ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
(തിരുമേനിയുടെ സപ്തതി സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ നിന്നും)
ജോയ്സ് തോട്ടയ്ക്കാട്
നവംബര്‍ 24, 2009
കോട്ടയം
Comments
Post a Comment