'സഭയോട് കൂടുതല്‍ അടുത്താല്‍ ദൈവത്തോട് അകന്നു പോകും'


ഒരാള്‍ രചിച്ച ഗ്രന്ഥം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പല കഥകള്‍ എനിക്കറിയാം. അതില്‍ ഒരെണ്ണം കാണുക.  

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കൃതി

കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് മലങ്കരസഭയിലെ പുരോഹിത സ്ഥാനികളില്‍ രണ്ട് പേര്‍ക്ക് കിട്ടിയിട്ടുണ്ട്. ഒരാള്‍ പൗലോസ് മാര്‍ ഗ്രിഗോറിയോസും മറ്റെയാള്‍ ഫാ. കുറിയാക്കോസും ഒ. ഐ. സി. യുമാണ്. 1992-ല്‍ മികച്ച വൈജ്ഞാനിക സാഹിത്യകൃതിക്കുള്ള അവാര്‍ഡാണ് മാര്‍ ഗ്രിഗോറിയോസ് രചിച്ച 'ദര്‍ശനത്തിന്‍റെ പൂക്കള്‍'ക്കു ലഭിച്ചത്. 

പ്രശസ്ത സാഹിത്യകാരനായ മുണ്ടശ്ശേരി മാഷ് ജീവിച്ചിരുന്ന കാലത്താണ് കുറിയാക്കോസച്ചന്‍റെ 'ഒരു വിദേശയാത്രയും, കുറെ ചിതറിയ ചിന്തകളും' എന്ന സഞ്ചാര സാഹിത്യകൃതിക്ക് അവാര്‍ഡ് ലഭിച്ചത്; വര്‍ഷമേതാണെന്ന് കൃത്യമായി അറിയില്ല. കുറിയാക്കോസച്ചന് ഒരിക്കല്‍ വിദേശ സഞ്ചാരത്തിന് അവസരം ലഭിച്ചു. ആ യാത്രയില്‍ കുറെ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഒരു നോട്ട് ബുക്കില്‍ കുറെ നൊട്ടൊക്കെ കുറിച്ചു വച്ചു. തിരികെ കുന്നംകുളം ബഥനി ആശ്രമത്തില്‍ എത്തി. അന്നവിടെ, ഇപ്പോള്‍ അമേരിക്കയിലുള്ള ബഥനിയില്‍ നിന്നും പിന്നീട് ചാടിപ്പോയ ഒരു അച്ചനുമുണ്ട്. രണ്ടു പേരും തമ്മില്‍ അത്ര രസത്തിലല്ല താനും. ഒരു യുവ സാഹിത്യകാരന്‍ കോട്ടയത്ത് ലോഡ്ജില്‍ നിന്ന്, കുടിശ്ശിഖ കൂടിയതിനാല്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അവിടെ എത്തിയിട്ടുണ്ട്. കുറിയാക്കോസച്ചന്‍ തന്‍റെ നോട്ട്ബുക്ക് സാഹിത്യകാരനു സമര്‍പ്പിച്ചു. ഒരു യാത്രാവിവരണം എഴുതണമെന്ന ആവശ്യം അറിയിച്ചു. സാദ്ധ്യമല്ല എന്ന് പറയാന്‍ സാഹിത്യകാരനു പേടി. ഇറക്കിവിട്ടാല്‍ പോകാനൊരു ഇടമില്ല. അദ്ദേഹം മനസ്സില്‍ ഒരു ലോക സഞ്ചാരം നടത്തി. കോട്ടയം താഴത്തങ്ങാടിക്കാരനായ കുറിയാക്കോസ് അച്ചന്‍റെ നാട്ടുകാരനായ 'ബിഷപ്പ് എറിക് മുറിക്കിന്‍റെ' കഥയൊക്കെ മനോഹരമായി യാത്രാവിവരണത്തില്‍  കയറ്റി. ഇടയ്ക്കൊക്കെ വഴക്കും പിണക്കവുമായി കഴിയുന്ന ബഥനിയിലെ രണ്ട് പുരോഹിതന്മാരേയും കളിയാക്കുവാന്‍ രണ്ട് സന്യാസികള്‍ ഒരു കുടത്തിനായി വഴക്കുപിടിച്ച ഒരു കഥയും ചേര്‍ത്തു. ഭാഗ്യത്തിന് കയ്യെഴുത്ത്പ്രതി വായിച്ച കുറിയാക്കോസച്ചന് കാര്യം  മനസ്സിലായില്ല. സാഹിത്യകാരന്‍ നിര്‍ദ്ദേശിച്ചിട്ടാണോ എന്നറിയില്ല തൃശ്ശൂരുള്ള പ്രശസ്ത സാഹിത്യകാരനായ മുണ്ടശ്ശേരി മാഷിനെയാണ് അവതാരികയ്ക്ക് സമീപിച്ചത്. പുസ്തകം വായിച്ചു സന്തോഷിച്ച അദ്ദേഹം  മനോഹരമായ ഒരു അവതാരികയും എഴുതിക്കൊടുത്തു. 200-ഓളം പേരുള്ള ഈ പുസ്തകം അങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടു. ആ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്ക്കാരവും നേടി. ഇക്കഥ എന്നോട് പറഞ്ഞതാരാണെന്ന് ഓര്‍മ്മയില്ല. പക്ഷേ സംഗതി സത്യമാണെന്ന് എഴുതിക്കൊടുത്ത സാഹിത്യകാരനെ ഒരിക്കല്‍ കണ്ട് തിരക്കിയപ്പോള്‍ അദ്ദേഹം സമ്മതിച്ചു.

കുറിയാക്കോസച്ചന് എന്നോട് വലിയ സ്നേഹവും വാത്സല്യവുമായിരുന്നു. റാന്നി - പെരുനാട് ബഥനി മഠാംഗമായ എന്‍റെ അമ്മാമ്മ സിസ്റ്റര്‍ സൂസന്നയുടെ, അവധിക്കു ശേഷം തിരികെ മഠത്തിലേക്കുള്ള യാത്രയില്‍ ഒരിക്കല്‍ കൂട്ടുപോയതു ഞാനായിരുന്നു. വൈകുന്നേരമായതിനാല്‍ തിരികെ പോയാല്‍ വീട്ടിലെത്താന്‍ വണ്ടി കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നതിനാല്‍, അമ്മാമ്മ എന്നെ ബഥനി ആശ്രമത്തില്‍ താമസിപ്പിച്ചു. മുറിയില്‍ കിടന്ന് 'ഒരു വിദേശയാത്രയും, കുറെ ചിതറിയ ചിന്തകളും' എന്ന ഗ്രന്ഥത്തിന്‍റെ കുത്തിക്കെട്ടും ആദ്യപേജുകളും പോയ ഒരു പ്രതി കിട്ടി. ഞാന്‍ രാത്രിയില്‍ അത് കുറെ വായിച്ചു. രാവിലെ കുറിയാക്കോസ് അച്ചനോട് അതിനെക്കുറിച്ച് സംസാരിച്ചു. അച്ചനന്ന് സുപ്പീരിയര്‍ ആയിരുന്നുവെന്നു തോന്നുന്നു. അച്ചന്‍ മാത്രമേ ആ ആശ്രമവാസത്തിനിടയില്‍ എന്നോട് സംസാരിച്ചുള്ളു. അപ്പോഴാണ് അത് അദ്ദേഹം എഴുതിയതാണെന്ന് മനസ്സിലായത്. ആ കോപ്പി എടുത്തോട്ടെ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹമെനിക്ക് സമ്മാനമായി അത് തന്നു. അത് വായിച്ചപ്പോള്‍ അതില്‍ നിന്നും കിട്ടിയ ഒരു വിവരത്തെക്കുറിച്ച് ഞാന്‍ ഗവേഷണ പഠനത്തിലേര്‍പ്പെടുകയും കിട്ടിയ അറിവുകള്‍ ഒരു ലേഖനമായി 'മലങ്കരസഭ' മാസികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു (1989 മെയ്, ജൂണ്‍ ലക്കങ്ങളില്‍). എന്‍റെ പ്രസിദ്ധീകൃതമായ ആദ്യ സഭാചരിത്ര ലേഖനമാണത്. 'പത്രോസ് കശീശ്ശായും അന്ത്യോഖ്യന്‍ ബന്ധവും' എന്നായിരുന്നു ആ ലേഖനത്തിന്‍റെ തലക്കെട്ട്. പ്രശസ്ത സഭാചരിത്രകാരനായ ഡോ. വി. സി. ശമുവേലച്ചന്‍റെ മറുപടി കൂടി ചേര്‍ത്താണ് ആ ലേഖനം ചീഫ് എഡിറ്ററായിരുന്ന ഫാ. ഡോ. ജേക്കബ് കുര്യന്‍ പ്രസിദ്ധീകരിച്ചത്. അങ്ങനെ കുറിയാക്കോസച്ചന്‍ കാരണം ഞാനൊരു സഭാചിത്ര ഗവേഷകനും എഴുത്തുകാരനുമായി. 

കാണുമ്പോഴൊക്കെ 'സഭയോട് കൂടുതല്‍ അടുത്താല്‍ ദൈവത്തോട് അകന്നു പോകും. അതുകൊണ്ട് സൂക്ഷിച്ചോളണം' എന്നായിരുന്നു അദ്ദേഹം ഉപദേശിച്ചിരുന്നത്. ബഥനി ആശ്രമത്തിന്‍റെ സപ്തതിയോടനുബന്ധിച്ച് ബഥനിയുടെ ഒരു ചരിത്രം അദ്ദേഹം വാര്‍ദ്ധക്യകാലത്ത് തയ്യാറാക്കുകയുണ്ടായി. ആ ഗ്രന്ഥരചനയ്ക്കായും പറ്റിയൊരാളെ അദ്ദേഹം കണ്ടെത്തി കൂടെ കൂട്ടിയിരുന്നു. അച്ചന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം അനുസരിച്ച് ശ്രീ. കെ. വി. മാമ്മനാണ് ആ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്.

സ്നേഹനിധിയായ ആ സന്യാസവര്യന്‍റെ ഓര്‍മ്മയ്ക്കു മുമ്പില്‍ പ്രണമിച്ചുകൊണ്ട്.

ജോയ്സ് തോട്ടയ്ക്കാട്

തോട്ടയ്ക്കാട്
ജനുവരി 14, 2008

ഫാ. കുറിയാക്കോസ് ഒ.ഐ.സി.

കോട്ടയം താഴത്തങ്ങാടി കാക്കരോത്ത് കുടുംബാംഗം. ബഥനി ആശ്രമാംഗം. രണ്ടു തവണ സുപ്പീരിയര്‍ ആയി സേവനമനുഷ്ഠിച്ചു. ഏറെക്കാലം കുന്നംകുളം ബഥനി ആശ്രമത്തിന്‍റെ മാനേജര്‍. ഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും, മലമുകളിലെ മഹര്‍ഷിമാര്‍, ബഥനി: മലമടക്കിലെ കെടാവിളക്ക് എന്നീ കൃതികള്‍ രചിച്ചു. ജോസഫ് മുണ്ടശ്ശേരി അവതാരിക എഴുതിയ ഒരു വിദേശയാത്രയും കുറെ ചിതറിയ ചിന്തകളും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണകൃതിക്കുള്ള പുരസ്ക്കാരം ലഭിച്ചു. 1995-ല്‍ അന്തരിച്ചു.

(മലങ്കര സഭാചരിത്ര വിജ്ഞാനകോശത്തില്‍ നിന്ന്, പേജ് 241-242)

Comments

Post a Comment

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം