ഒ. എം. ചെറിയാനെ മറന്നൊരു കാതോലിക്കാ ദിനാഘോഷം


മാര്‍ച്ച് 4-ാം തീയതി സഭാചരിത്ര ഗവേഷകനായ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ എന്‍റെ ഓഫീസില്‍ വച്ച് എന്നോട് സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണില്‍ ഒരു എസ്. എം. എസ്. മെസ്സേജ് വന്നു. കാതോലിക്കാദിനത്തിന്‍റെ ഉദ്ഭവത്തെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍ എവിടെ നിന്നും കിട്ടുമെന്ന് അന്വേഷിച്ചുകൊണ്ട് പ. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടേതായിരുന്നു സന്ദേശം. വര്‍ഗ്ഗീസ് എന്നോട് കാര്യം വിശദീകരിച്ചു. എന്തെങ്കിലും വിവരങ്ങള്‍ എവിടെ കിട്ടുമെന്ന് അന്വേഷിച്ചു. "നിത്യാക്ഷരങ്ങള്‍ മൂന്നാം വാല്യത്തില്‍ കാണും. ഞാന്‍ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മയ്ക്കു തൊട്ടുമുമ്പു മുതല്‍ ആ പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഒ. എം. ചെറിയാന്‍റെ അന്നത്തെ സര്‍ക്കുലറുകള്‍ എല്ലാം കൊടുത്തിട്ടുണ്ട്" എന്നു പറഞ്ഞുകൊണ്ട് ഞാന്‍ എന്‍റെ പഠനമേശയില്‍ നിന്ന് നിത്യാക്ഷരങ്ങള്‍ എടുത്ത് പ്രസ്തുതഭാഗം തപ്പി കണ്ടുപിടിച്ചു കൊടുത്തു. വര്‍ഗ്ഗീസ് അവിടെയിരുന്നുകൊണ്ടു തന്നെ "നിത്യാക്ഷരങ്ങള്‍ മൂന്നാം വാല്യത്തിലെ 461 മുതലുള്ള പേജുകള്‍ കാണുക" എന്ന് തിരുമേനിക്കു തിരിച്ച് സന്ദേശമയക്കുകയും ചെയ്തു.

ഇന്ന് സഭാദിനത്തില്‍ (കാതോലിക്കാ ദിനം) പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയിലാണ് വി. കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിച്ചത്. ജേസീസിന്‍റെ ഇന്‍റര്‍നാഷണല്‍ ട്രയിനറും, ഓര്‍മ്മശക്തിയുടെ വര്‍ദ്ധനവിനെക്കുറിച്ച് സഭയുടെ പല ആദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനങ്ങളിലും ക്ലാസെടുക്കുന്ന വ്യക്തിയും, ഇപ്പോഴത്തെ സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ ചെറിയാന്‍ വര്‍ഗ്ഗീസാണ് സഭാദിന പ്രസംഗം നടത്തിയത്. 'സഭാ സെക്രട്ടറിക്കു പഠിച്ചുകൊണ്ടിരിക്കുന്ന' (അടുത്ത തവണ ആ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന) അദ്ദേഹം കുറിപ്പുകളൊക്കെ തയ്യാറാക്കിക്കൊണ്ടു വന്നാണ് പ്രസംഗിച്ചത് (ചില സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു എഴുത്തുകാരനെ രാവിലെ 8 മണിക്ക് വിളിച്ചെങ്കിലും, അദ്ദേഹം പള്ളിയില്‍ പോയിക്കഴിഞ്ഞിരുന്നതിനാല്‍ സംശയനിവാരണം നടന്നിരുന്നില്ല). 1934-ലെ സഭാ ഭരണഘടന ശില്പിയായ ഒ. എം. ചെറിയാനെ അദ്ദേഹം പ്രസംഗത്തില്‍ അനുസ്മരിച്ചു എന്നത് ആശ്വാസമായി തോന്നി. സഭാദിനത്തിന്‍റെ തുടക്കമായ "കാതോലിക്കാ നിധി" ശേഖരണത്തിന്‍റെ പ്രഥമ കണ്‍വീനറായി സ്തുത്യര്‍ഹമാംവിധം പ്രവര്‍ത്തിച്ച ഒ. എം. ചെറിയാനെക്കുറിച്ച് പ്രസംഗകന്‍ കേട്ടിട്ടില്ലായിരിക്കാം (1815-ലാണ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം മുളന്തുരുത്തി സുന്നഹദോസില്‍ വച്ച് ഉണ്ടായതെന്ന വിവരം പ്രസംഗകര്‍ നാലു പ്രാവശ്യം പറഞ്ഞെന്ന് പ്രസാധകനും എഴുത്തുകാരനും ഇടവകാംഗവുമായ ശ്രീ. കെ. വി. മാമ്മന്‍ പിന്നീട് പറയുകയുണ്ടായി. സഭാകേന്ദ്രത്തില്‍ നിന്ന് പ്രസംഗകര്‍ക്കു വേണ്ടി ഒരു ലഘുലേഖയോ മറ്റോ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ കേള്‍ക്കുന്നത് ഒഴിവാക്കാമായിരുന്നു). ചെറുപ്പക്കാരനും പൗരോഹിത്യ ശുശ്രൂഷയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ആളുമായ വൈദികന്‍ സഭാദിനത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ ചിന്തകള്‍ ഉയര്‍ത്തി ഒരു പ്രസംഗം ചെയ്തു. ഇടവകയില്‍ വന്നിട്ട് കുറച്ചുകാലമായെങ്കിലും അദ്ദേഹത്തിനും മലങ്കരസഭയുടെ അല്‍മായ പൗരുഷത്തിന്‍റെ പ്രതീകമായിരുന്ന ഒ. എം. ചെറിയാന്‍ എന്ന, നിലയ്ക്കല്‍ പള്ളി മലങ്കരസഭയ്ക്കു സംഭാവന നല്‍കിയ പ്രഗത്ഭനെ അറിയില്ല. 

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നിലയ്ക്കല്‍പള്ളിയിലെ ശവക്കോട്ടയിലെ നൂറുകണക്കിനു കല്ലറകളില്‍ നിന്ന് (മുള്ളും കാടും പിടിച്ചു കിടന്ന ശവക്കോട്ട, തോട്ടയ്ക്കാട് പള്ളിയിലെ പോലെ ഭംഗിയാക്കാന്‍ മുന്‍ വികാരിയച്ചന്‍ കുറെ ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും പുര്‍ണ്ണമായി വിജയിച്ചെന്നു തോന്നുന്നില്ല. മലങ്കരസഭയിലെ ഏറ്റവും മനോഹരമായ ശവക്കോട്ടകളിലൊന്ന് എന്‍റെ ഇടവകപ്പള്ളിയിലേതാണ്. തൊണ്ണൂറു കഴിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട വികാരി കെ. കെ. ജോര്‍ജ്ജ് പ്ലാപ്പറമ്പിലച്ചന് നന്ദി) ഒ. എം. ചെറിയാന്‍ എന്നെഴുതിയ കല്ലറ ഞാന്‍ തനിയെ പോയി അന്വേഷിച്ചു കണ്ടെത്തുകയും പള്ളിയില്‍ വല്ലപ്പോഴും വി. കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ സാധിക്കുമ്പോള്‍ ആ കബറിടത്തിലൊന്ന് പോയിട്ട് പോരുകയും ചെയ്യാറുണ്ട്. ഇന്നത്തെ വി. കുര്‍ബാന കഴിഞ്ഞും ഞാനാ കബറിടത്തില്‍ പോയി ആ കല്ലറയില്‍ തൊട്ട് നെഞ്ചത്തു കൈവച്ചു. മലങ്കരസഭയ്ക്ക് അമൂല്യ സംഭാവനകള്‍ നല്‍കിയ ആ പ്രഗത്ഭന്, ഒരു സഭാചരിത്ര ഗവേഷകനായ എന്‍റെ എളിയ ആദരം. തിരിച്ചുവന്ന് കാതോലിക്കേറ്റ് പതാക ഉയര്‍ത്തലിലും സഭാദിന പ്രതിജ്ഞയിലും പങ്കെടുത്തു.

'കാതോലിക്കാ നിധി' ശേഖരണത്തിന്‍റെ റിപ്പോര്‍ട്ടും കണക്കുമടങ്ങിയ ആദ്യ വര്‍ഷത്തെ ഗ്രന്ഥം എന്‍റെ കൈവശമുണ്ട്. ആ ഗ്രന്ഥവും നിത്യാക്ഷരങ്ങളുടെ 461 മുതലുള്ള പേജുകളും വായിക്കുമ്പോഴാണ് ഒ. എം. ചെറിയാന്‍ 'സഭാദിനത്തിന്' നല്‍കിയ സംഭാവനകള്‍ എന്താണെന്ന് മനസ്സിലാവുക.

കുറുപ്പുംപടി സമ്മേളനത്തില്‍ 'ഒരു സങ്കടം പറയാനുണ്ട്' എന്നു പറഞ്ഞുകൊണ്ട് ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ കാലു പിടിക്കാന്‍ ഒരുങ്ങിയ ഒ. എം. ചെറിയാന്‍റെ ശരീരപ്രകൃതി കണ്ട് പേടിച്ച്, പ്രാണരക്ഷാര്‍ഥം മദ്ബഹായില്‍ ഓടിക്കയറിയ പാത്രിയര്‍ക്കീസിനെക്കുറിച്ച് ഇസ്സഡ്. എം. പാറേട്ട് എഴുതിയത് വായിച്ചാല്‍ ആരും ചിരിച്ചുപോകും. ഒ. എം. ചെറിയാന്‍റെ സഭാ സേവനങ്ങളെക്കുറിച്ചും ആ സംഭവത്തെ കുറിച്ചും  പാറേട്ട് ഇങ്ങനെ എഴുതിയിരിക്കുന്നു:

"ഒ. എം. ചെറിയാന്‍, അമ്പത്തഞ്ചു വയസ്സു പൂര്‍ത്തിയായി പെന്‍ഷന്‍പറ്റി പിരിഞ്ഞത് 1104 കര്‍ക്കടകം ഒന്നാം തീയതിയാണ്. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് കുറുപ്പംപടിപ്പള്ളിയിലെ സമ്മേളനം വിളിച്ചു കൂട്ടിയത് 1106 മിഥുനം 21-ാം തീയതി ആയിരുന്നു. 

മലങ്കരസഭയുടെ സ്വാതന്ത്ര്യം ശവപ്പെട്ടിയിലാക്കി ആണി അടിച്ചു കേറ്റുകയെന്നതാണ് പാത്രിയര്‍ക്കീസിന്‍റെ ലക്ഷ്യം എന്ന് ഓര്‍ക്കാതെയാണോ ഒ. എം. ചെറിയാന്‍ അതിന് സാക്ഷ്യം വഹിക്കാന്‍ പുറപ്പെട്ടത്. സാമുദായികമായ പ്രശ്നസമ്മേളനങ്ങളില്‍ സംബന്ധിക്കാനുണ്ടായ തടസ്സം മാറിക്കിട്ടിയതിനു ശേഷം നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഉത്സാഹഭരിതനായിട്ടായിരിക്കണം മറ്റു നേതാക്കന്മാരോടൊന്നിച്ച് ചെറിയാന്‍ പുറപ്പെട്ടത്. പ്രകൃത്യാ ഊര്‍ജ്ജ്വസ്വലമായ സ്വഭാവവിശേഷമാണദ്ദേഹത്തിനുണ്ടായിരുന്നത്. ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ ലാക്ക് എന്താണ്? അദ്ദേഹം എന്തു ചെയ്യുന്നതിനാണ് ജനങ്ങളെ വിളിച്ചു കൂട്ടിയത് എന്നു ചുഴിഞ്ഞാലോചിക്കാതെ, ഉത്സാഹത്തിളപ്പുകൊണ്ട് മാത്രം ചെറിയാന്‍ കുറുപ്പംപടിയിലേക്ക് പുറപ്പെടുമോ?

സമ്മേളനത്തിന്‍റെ ഗതി കണ്ടപ്പോള്‍ മലങ്കരയെ - മലങ്കര നസ്രാണികളുടെ വീരശൂരപരാക്രമികളായ പൂര്‍വ്വന്മാരെയും അവരുടെ സ്വാതന്ത്ര്യത്തെയും - ശവപ്പെട്ടിയിലാക്കി ആണി അടിക്കാന്‍ ഒരുങ്ങുന്നതാണ് അദ്ദേഹം കണ്ടത്. സഹസ്രാബ്ദക്കാലം സ്വാതന്ത്ര്യം അനുഭവിച്ച പാരമ്പര്യം ചെറിയാനെ ചൊടിപ്പിച്ചു. ചൊടിപ്പിച്ചു എന്നല്ല പറയേണ്ടത്. ഹാല്‍ ഇളക്കം എന്ന പദമാണതിന് യോജിച്ചത്. നസ്രാണി രക്തം തിളച്ചു. എങ്കിലും സുദീര്‍ഘമായ അത്യുത്തമ സംസ്കാരം അദ്ദേഹത്തെ കൈവെടിഞ്ഞില്ല. പുരോഹിതന്‍റെ മേല്‍ കൈവയ്ക്കുക എന്നത് അത്യന്തം ഹീനമായി എണ്ണിയിരുന്ന പാരമ്പര്യം അദ്ദേഹത്തെ നിയന്ത്രിച്ചു.

കറുത്തകോട്ടു ധരിച്ച ആ അതികായന്‍ സദസ്സില്‍ നെട്ടായം കൊണ്ടുനിന്ന്, പുളിയിലക്കരയന്‍ നേര്യത് എടുത്ത് അരയില്‍ ചുറ്റി വിനീതഭാവത്തിലെങ്കിലും തീപ്പൊരി ചിതറുന്ന കണ്ണുകളുമായി അടുത്തുവരുന്നതു കണ്ട ഏലിയാസ് തൃതീയന്‍ വെരണ്ടു. 'സങ്കടമുണ്ട്' എന്ന് മേഘഗര്‍ജ്ജനം ചെയ്ത ആ അതികായന്‍റെ ശബ്ദം കേട്ടപ്പോള്‍, മലയാള ഭാഷ അറിഞ്ഞുകൂടാത്ത പാത്രിയര്‍ക്കീസ് എന്തോ ആപത്തിന്‍റെ ആരംഭാക്രോശമെന്നു ധരിച്ചു ഇരുന്നിടത്തു നിന്നെഴുന്നേറ്റു. എന്തെങ്കിലും തൊന്തിരവുണ്ടാകുമെന്ന ചിന്താഭയത്താല്‍ കുഴങ്ങിയ പാത്രിയര്‍ക്കീസിന്‍റെ മുമ്പില്‍ 'സങ്കടമുണ്ടേ' എന്നു വീണ്ടും മേഘഘോഷം ചെയ്തുകൊണ്ടു ചെറിയാന്‍ സാഷ്ടാംഗപ്രണാമത്തിനു മുതിര്‍ന്നപ്പോള്‍, തന്‍റെ കാലില്‍ പിടിച്ചു നിലംപതിപ്പിക്കാനുള്ള ശ്രമമെന്നു ധരിച്ച് ആ മഹാചാര്യന്‍ പള്ളി മദ്ബഹായിലേക്ക് ഓടിക്കയറി. എന്തോ വിപല്‍ഘട്ടം ആവിര്‍ഭവിച്ചു എന്നു മറ്റുള്ളവരും ഭയന്നു. 'ഘെരാവോ' എന്നു കേട്ടിട്ടു പോലുമില്ലാതിരുന്ന ആ കാലത്ത് ഒ. എം. ചെറിയാന്‍റെ ഈ പ്രകടനത്തെ ഇന്നാട്ടില്‍ ഇദംപ്രഥമമായി നടന്ന ഘെരാവോ എന്നു വിശേഷിപ്പിക്കാമെന്നു തോന്നുന്നു."

നിലയ്ക്കല്‍ ദേവാലയത്തിനുള്ളില്‍ ഇരുവശങ്ങളിലുമായി പ. പരുമല തിരുമേനി, വട്ടശ്ശേരില്‍ തിരുമേനി, പുത്തന്‍കാവില്‍ തിരുമേനി, പ. പാമ്പാടി തിരുമേനി തുടങ്ങിയവരുടെയൊക്കെ ഛായാചിത്രങ്ങളുണ്ട്. അവരോടൊപ്പം വച്ചില്ലെങ്കിലും അല്പം മാറ്റി ഒ. എം. ചെറിയാന്‍റെ ഒരു ചെറിയ ഛായാചിത്രം വരപ്പിച്ചു വയ്ക്കുവാന്‍ നിലയ്ക്കല്‍ പള്ളിയുടെ പൊതുയോഗം തീരുമാനമെടുക്കേണ്ടതാണ്. അതിച്ചിരി കടന്ന കൈയല്ലേ എന്നോ, അധികപ്പറ്റാണെന്നോ അഭിപ്രായമുള്ളവരുണ്ടെങ്കില്‍ അവര്‍ പോയി ഒ. എം. ചെറിയാന്‍ എന്ന ആല്‍മായ പ്രതിഭയുടെ സംഭാവനകള്‍ എന്താണെന്നു വായിച്ചു പഠിക്കുക. ഭാവിയില്‍ നിലയ്ക്കല്‍ പള്ളിയില്‍ വരുന്നവര്‍ "എന്തിനാണീ മെത്രാന്മാരുടെ കൂട്ടത്തില്‍ ഇങ്ങേരുടെ പടം വച്ചിരിക്കുന്നത്" എന്നു ചോദിക്കണം. 

അല്‍മായക്കാരില്‍ നിന്നൊന്നും വിശുദ്ധന്മാര്‍ ഉണ്ടാവുകയില്ല എന്ന ചിന്ത നമ്മുടെ പൗരോഹിത്യ വൃന്ദത്തിനു പൊതുവെ ഉണ്ടെന്നു തോന്നുന്നു. വിശുദ്ധനായ കെ. സി. ചാക്കോയെ (ആലുവ) പ്പോലുള്ളവര്‍ ജീവിച്ചിരുന്ന സഭയാണിതെന്ന കാര്യം പുസ്തകം വായിക്കാത്ത ഇവരെങ്ങനെ അറിയാന്‍? പാവപ്പെട്ട അമ്മച്ചിമാരുടെ പ്രാര്‍ത്ഥനയും, വാങ്ങിപ്പോയ പിതാക്കന്മാരുടെ മദ്ധ്യസ്ഥതയും കൊണ്ടാണ് ഈ സഭ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് ഒരു വെളിപാടു പോലെ ചില സമയങ്ങളില്‍ ചില മെത്രാന്മാരും അച്ചന്മാരും പറഞ്ഞു കേള്‍ക്കാറുണ്ട്.

ഭയപ്പെടുത്തി കാതോലിക്കാദിന പിരിവ് നടത്തുന്ന അച്ചന്‍

ഓര്‍ത്തഡോക്സ് സെമിനാരി എന്ന പേരും പ്രൊട്ടസ്റ്റന്‍റ് സെമിനാരിയുടെ സിലബസ് പഠിപ്പിക്കലും നടക്കുന്ന നമ്മുടെ സെമിനാരിയില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു അച്ചന്‍ പത്തു കൊല്ലം മുമ്പ് എന്‍റെ ഇടവകപ്പള്ളിയില്‍ വികാരിയായിരുന്നു. നരകത്തിലിട്ട് വറുക്കുന്നതിന്‍റെയും പൊരിക്കുന്നതിന്‍റെയും കഥകളാണ് അച്ചന്‍ ആഴ്ചതോറും വി. കുര്‍ബാന കഴിഞ്ഞ് വിളമ്പിയിരുന്നത്. ഇത്തരം ഭയപ്പെടുത്തുന്ന കഥകള്‍ പറഞ്ഞ് വിശ്വാസികളെ സഭയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് തെറ്റാണെന്ന് അഭി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി പ്രസംഗിച്ചു കേട്ടിട്ടുള്ളതിന്‍റെ ബലത്തില്‍, പ്രസംഗം കേട്ടു സഹി കെട്ടപ്പോള്‍ ഞാന്‍ അച്ചനെ പോയി കണ്ടു. അച്ചന്‍ പറയുന്നത് ഓര്‍ത്തഡോക്സ് വിശ്വാസത്തിനു നിരക്കുന്നതല്ലാത്തതിനാല്‍ ഇത് പറയുന്നത് നിര്‍ത്തണമെന്ന് ഞാന്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടു. അച്ചന്‍ സമ്മതിച്ചില്ല. അറ്റകൈയ്ക്ക്, ഞാന്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ കൂടെ നിന്ന ആളാണെന്നും അല്പമൊക്കെ തിയോളജി പഠിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരു അവകാശവാദം മുഴക്കി. അതോടെ അച്ചന്‍ അടുത്തയാഴ്ച മുതല്‍ പറച്ചില്‍ നിര്‍ത്തി. അധികം താമസിയാതെ പള്ളിയില്‍ ചില ഗ്രൂപ്പുകളികള്‍ ആരംഭിച്ചതില്‍, ഏതെങ്കിലും ഗ്രൂപ്പില്‍ പെടാതിരിക്കാനായി ഞാന്‍ പഴയസെമിനാരിയിലേക്ക് ഞായറാഴ്ച പോയിത്തുടങ്ങി. എന്‍റെ തലവെട്ടം കാണാതായതോടെ അച്ചന്‍ വീണ്ടും പഴയ പണി തുടങ്ങി. ഉടനെ എന്‍റെ പിതാവ് ചെന്ന് അച്ചനോട് ഞാന്‍ പറഞ്ഞതുപോലെ തന്നെ ആവര്‍ത്തിച്ചതോടെ വീണ്ടും പെട്ടി മടക്കി. 

ഇപ്പറയുന്ന അച്ചന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നയാളും എന്നോടു വലിയ വാത്സല്യമുള്ള ദേഹവുമാണ്. കാതോലിക്കാദിന പിരിവ് പിരിക്കുന്നതില്‍ പ്രഗത്ഭനായ ഈ അച്ചന് പല തവണ ഏറ്റവും കൂടുതല്‍ കാതോലിക്കാദിന പിരിവ് കൊടുത്ത പള്ളിക്കുള്ള സമ്മാനത്തോടൊപ്പം പ്രശംസാപത്രവും മറ്റും കിട്ടിയിട്ടുണ്ട്. കാതോലിക്കാ ദിനപ്പിരിവിനെക്കുറിച്ച് പള്ളിയില്‍ പറഞ്ഞിട്ട്, ഞാന്‍ മുമ്പിരുന്ന പള്ളിയില്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ ഗൃഹനാഥന്‍ പിരിവ് തരാതെ ബഹളമുണ്ടാക്കിയെന്നും, അടുത്ത തവണ പിരിവിനു ചെന്നപ്പോള്‍ അങ്ങേരുണ്ടായിരുന്നില്ലെന്നും ഒരു കഥ പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കും (ഞങ്ങളുടെ പള്ളിയില്‍ പറഞ്ഞതാണിത്). പാവപ്പെട്ട നസ്രാണി, പിരിവ് കൊടുക്കാതെ മരണം ഏറ്റുവാങ്ങണ്ടല്ലോ എന്നു വിചാരിച്ച് കൈയയച്ചു കൊടുക്കും; അച്ചന്‍റെ പള്ളി തന്നെ ഭദ്രാസനത്തില്‍ ഒന്നാമതാകും.  
ഓര്‍ത്തഡോക്സ് വിശ്വാസമെന്നു പറഞ്ഞ് നമ്മുടെ സെമിനാരിയില്‍ ഇവരെയൊക്കെ എന്താണ് പഠിപ്പിച്ചുവിടുന്നതെന്ന് സാദാ നസ്രാണികള്‍ ചോദിച്ചു പോകുന്നതില്‍ അദ്ഭുതത്തിനവകാശമില്ലല്ലോ.

ജോയ്സ് തോട്ടയ്ക്കാട്

ഒ. എം. ചെറിയാന്‍ (1874-1944): 

പുതുപ്പള്ളി ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ 12-7-1874 ന് ജനിച്ചു. വിദ്യാഭ്യാസാനന്തരം അദ്ധ്യാപകന്‍. വിദ്യാഭ്യാസ വകുപ്പില്‍ ചീഫ് ഇന്‍സ്പെക്ടര്‍ ആയി. മലങ്കരസഭയിലെ പ്രമുഖ അത്മായ നേതാവായ ഇദ്ദേഹം സഭാഭരണഘടന തയാറാക്കുന്ന കമ്മറ്റിയുടെ കണ്‍വീനര്‍ ആയിരുന്നു. കാതോലിക്കാനിധി ശേഖരണ പ്രസ്ഥാനത്തിന്‍റെ ജീവനാഡിയായിരുന്നു. ഹൈന്ദവ ധര്‍മ്മസുധാകരം 20 വാള്യങ്ങളായി അദ്ദേഹം രചിച്ച ഗ്രന്ഥമായിരുന്നു. മുപ്പതിനായിരം പേജ് അതിന്‍റെ കൈയെഴുത്ത് പ്രതിയ്ക്കുണ്ടായിരുന്നു. ആദ്യത്തെ ഏതാനും വാല്യങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളു. കാലകാലന്‍റെ കൊലയറ, മശിഹാ ഭക്തി ലഹരി, ക്രൈസ്തവ ധര്‍മ്മനവനീതം, കാതോലിക്കാ സിംഹാസന ചരിത്രം എന്നിവ അദ്ദേഹത്തിന്‍റെ മറ്റു രചനകളാണ്. റാവു സാഹിബ് ബഹുമതി നേടിയ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ ജ്വലിച്ചു നിന്ന പ്രതിഭാശാലി ആയിരുന്നു. 1944-ല്‍ അന്തരിച്ചു. 

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം