വറ്റാത്ത ആശയങ്ങളുടെ ഉറവയുമായി മുപ്പതാം വര്‍ഷത്തിലേയ്ക്ക്
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസ്യോസ് തിരുമേനി മേല്‍പട്ടസ്ഥാനമേറ്റിട്ട് ഇന്ന് 29 വര്‍ഷം തികയുന്നു. ഇന്നലെ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ തിരുമേനിയോടൊപ്പം ഏതാനും മണിക്കൂറുകള്‍ ചിലവഴിക്കാന്‍ ഇടയായി. എഴുപത്തിയാറാം വയസ്സിലും മേല്‍പട്ടസ്ഥാനത്ത് 29 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും അദ്ദേഹം ഊര്‍ജ്ജസ്വലനാണ്. ചിന്തയിലും മനസ്സിലും ആത്മാവിലും പുതിയ തലമുറയെ നേര്‍വഴി കാട്ടാനുള്ള വ്യഗ്രതയാണ്.
രാവിലെ മദ്യവര്‍ജന സമിതിയുടെ നേതൃസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വന്ന്, അരമനയില്‍ വിശ്രമിച്ച്, സായാഹ്നത്തില്‍ ആനുകാലികങ്ങള്‍ വായിക്കുന്ന തിരക്കിലായിരുന്നു തിരുമേനി. കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അദ്ദേഹം 'കര്‍ഷകശ്രീ' വായിക്കുകയാണ്. പശ്ചാത്തലത്തില്‍ മുറ്റത്ത് പ്ലാസ്റ്റിക് കൂടുകളില്‍ വെണ്ടയും മറ്റും കൃഷി ചെയ്തിരിക്കുന്നു. മുറ്റത്തെ ഒന്നരയാള്‍ പൊക്കം മാത്രമുള്ള മാവ് നിറഞ്ഞു കായിച്ചുകിടക്കുന്നു. വായനയ്ക്കിടയില്‍ പച്ചക്കറിത്തോട്ടത്തിലെ ചെടികള്‍ക്ക് ഗോമൂത്രം കലക്കിയൊഴിക്കാന്‍ വേലക്കാരനു നിര്‍ദ്ദേശം കൊടുത്തു. മുറ്റത്തെ മാവിലെ മാങ്ങകള്‍ പറിച്ച് നാളെ ഉപ്പിലിടണമെന്ന് പ്രീ സെമിനാരി വിദ്യാര്‍ത്ഥിയ്ക്ക് നിര്‍ദ്ദേശം. അതിനായി ഭരണി മേടിച്ചു വച്ചിട്ടുണ്ടെന്ന് കാണാന്‍ വന്ന അച്ചനോട് വിശദീകരണം.
ഓഫീസ് ജീവനക്കാരി ഇമെയിലില്‍ വന്ന സന്ദേശം പ്രിന്‍റ് എടുത്തത് കൊണ്ടുവന്നു കൊടുത്തു. അത് കണ്ടപ്പോള്‍ ഉത്സാഹമായി. ഭദ്രാസനത്തിന്‍റെ പുതിയ പദ്ധതിയെക്കുറിച്ച് ഞങ്ങളോട് വാചാലനായി. പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ചത്തേയ്ക്ക് പേഴ്സണാലിറ്റി ഡവലപ്മെന്‍റ് കോഴ്സ് ഭദ്രാസനതലത്തില്‍ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ വച്ചു നടത്തുന്നു. ഭദ്രാസനത്തിലെ എല്ലാ പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടവകകള്‍ക്ക് കല്‍പന അയച്ചു കഴിഞ്ഞു. ബറോഡയില്‍ താന്‍ നടത്തുന്ന സ്കൂളുകളില്‍ വര്‍ഷങ്ങളായി പേഴ്സണാലിറ്റി ഡവലപ്മെന്‍റ് ക്ലാസ്സ് നടത്തുന്നതായും അവിടുത്തെ ഡി.ഇ.ഒ. ഉള്‍പ്പെടെയുള്ളവര്‍ അതിനെ മുക്തകണ്ഠം പ്രശംസിച്ചതായും പറഞ്ഞു. അവിടെ പഠിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പാഠപുസ്തകം ഇവിടെ പ്രഗത്ഭനായ ഒരാളെ കണ്ടെത്തി ഏല്‍പിച്ചുവെന്നും അദ്ദേഹം അത് പഠിച്ചിട്ട് വന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുമെന്നും തന്‍റെ പദ്ധതി തിരുമേനി വെളിപ്പെടുത്തി.
പ്രൈമറി ക്ലാസ്സുകളില്‍ താന്‍ പഠിച്ച രണ്ട് പാഠങ്ങള്‍ തന്‍റെ ജീവിതത്തെ സ്വാധീനിച്ചതിന്‍റെ വിശദാംശങ്ങള്‍ ഞങ്ങളോട് പങ്കിട്ടു (ഇതോടൊപ്പമുള്ള ഓഡിയോ കേള്‍ക്കുക). അത്തരം ഗുണപാഠ കഥകള്‍ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാണുന്നില്ലാത്തതില്‍ കുണ്ഠിതപ്പെട്ടു. 'ബഥേല്‍പത്രിക'യുടെ പുതിയ ലക്കത്തിലെ ഇടയലേഖനത്തില്‍ ഞാനീക്കാര്യം പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ് അതിന്‍റെ പ്രൂഫ് പ്രസ്സില്‍നിന്ന് എടുപ്പിച്ചു കാണിച്ചു. സ്കൂള്‍ തുറക്കുന്നതിനു മുമ്പ് ഇടവകകളില്‍ 'ഗുരുവന്ദനം' എന്ന ഒരു ചടങ്ങ് വര്‍ഷങ്ങളായി ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ നടത്തുന്ന കാര്യം വിശദീകരിച്ചു. ഇപ്പോള്‍ അത് അടൂര്‍-കടമ്പനാട് ഭദ്രാസനത്തില്‍ സഖറിയാ മാര്‍ അപ്രേം തിരുമേനി ആരംഭിച്ചു എന്ന് പറഞ്ഞ് സന്തോഷം പങ്കുവച്ചു.
പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനുള്ള സാധ്യതകളും സ്ഥാപനങ്ങളും വിശദീകരിച്ച് ഗുജറാത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗവണ്‍മെന്‍റ് തയ്യാറാക്കിയ കൈപ്പുസ്തകം കേരളാ മുഖ്യമന്ത്രിക്ക് കൊടുത്തുവെന്നും അദ്ദേഹം വിദ്യാഭ്യാസമന്ത്രിയെ വിളിച്ചുവരുത്തി അത് കൊടുത്ത്, അടുത്ത വര്‍ഷം അതുപോലെയൊന്ന് തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും തിരുമേനി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെയും മോദിയെയും ഒരുപോലെ സ്നേഹിക്കുന്നതിന്‍റെ ഗുട്ടന്‍സ് സംഭാഷണത്തിനിടെ ഞങ്ങള്‍ക്ക് മനസ്സിലായി: 'എന്‍റെ സഭയാണ് എനിക്ക് വലുത്. സഭയുടെ നന്മയ്ക്കായിട്ടാണ് ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്.' രണ്ടു ദിവസത്തിനകം പുറത്തുവരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ മുമ്പായി വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബി.ജെ.പി. ക്ക് മുന്‍തൂക്കമുള്ളതായി കാണുന്നതില്‍ സന്തോഷിച്ചു. മോദിയെ എറണാകുളത്തു വന്നപ്പോള്‍ ഗീവറുഗീസ് മാര്‍ യൂലിയോസ് തിരുമേനിയോടൊപ്പം പോയി കണ്ട കാര്യം വിശദീകരിച്ചു. ഉന്നതവ്യക്തികളുമായി താന്‍ ബന്ധമുണ്ടാക്കുന്നത് സഭയുടെ നന്മയ്ക്കായിട്ടാണെന്ന് പറഞ്ഞ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കു പകരം വന്ന രാമവര്‍മ്മ തമ്പുരാനെ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയ്ക്കൊപ്പം സന്ദര്‍ശിച്ച കാര്യം പറഞ്ഞു കേള്‍പ്പിച്ചു.
ഇതിനിടെ, എം.ജി. യൂണിവേഴ്സിറ്റി വൈസ്ചാന്‍സലറെ പുറത്താക്കിയതിനു പിന്നാലെ ആ സ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍, ഓര്‍ത്തഡോക്സുകാരനായതുകൊണ്ടു താന്‍ പരിഗണിക്കപ്പെടാതെ പോകുമോ എന്ന ആശങ്കയുമായി വന്നു. അദ്ദേഹത്തെ ആശ്വസിപ്പിച്ച്, പ്രോത്സാഹിപ്പിച്ച് അയച്ചു.
വൈദികസെമിനാരി പഠനത്തിനു വരുന്ന വിദ്യാര്‍ത്ഥികളെ താന്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യവും സെമിനാരി വിദ്യാഭ്യാസത്തിനു ശേഷം അവരെ പുതിയ കോഴ്സുകളില്‍ പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു വിടുന്ന കാര്യവും പങ്കുവച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി കോട്ടയം വൈദികസെമിനാരിയില്‍ മികച്ച പ്രസംഗകരായി തിരഞ്ഞെടുത്തത് ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണെന്ന കാര്യം അഭിമാനപൂര്‍വ്വം അനുസ്മരിച്ചു. കഴിഞ്ഞയാഴ്ച ശെമ്മാശനായ ആള്‍ കല്യാണം കഴിക്കാതെ അച്ചനായേക്കുമോ എന്ന് കൂടെനിന്ന വൈദികനോട് സംശയം പ്രകടിപ്പിച്ചു. അവനെ, ചെറുപ്പത്തില്‍ പള്ളിയില്‍ വച്ചുകണ്ടപ്പോള്‍ 'അച്ചനാകാന്‍ ആഗ്രഹമുണ്ടോ?' എന്ന് ചോദിച്ചപ്പോള്‍ 'മെത്രാച്ചനാകണം' എന്നു പറഞ്ഞ കഥ പറഞ്ഞ് പൊട്ടിച്ചിരിച്ചു.
29 വര്‍ഷം ചെങ്ങന്നൂര്‍ ഭദ്രാസനത്തെ മേയിച്ചു ഭരിച്ച ഈ ഇടയന്‍ തന്‍റെ പിന്‍ഗാമിയായി വരണമെന്ന് താന്‍ ആഗ്രഹിക്കുന്നയാളുടെ പേര് നേരത്തെതന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എങ്കിലും സഭ അദ്ദേഹത്തിനു അസിസ്റ്റന്‍റിനെ നല്‍കിയിട്ടില്ല. 75-ാം വയസ്സില്‍ വേണമെങ്കില്‍ റിട്ടയര്‍ ചെയ്യാമായിരുന്നുവെങ്കിലും അതിനൊന്നും പ്രായമായിട്ടില്ല എന്ന മട്ടില്‍ ആശയങ്ങളുടെ ഉറവ വറ്റാത്ത മനസ്സും ഹൃദയവുമായി തിരുമേനി ഇവിടെ സജീവമായിരിക്കുന്നു. 29 വര്‍ഷം തുടര്‍ച്ചയായി ചെങ്ങന്നൂര്‍ നസ്രാണികളെ പേരുദോഷം കേള്‍പ്പിക്കാതെ മേയിച്ച ഈ ഇടയനോട് മെത്രാന്മാരുടെ സ്ഥലംമാറ്റത്തിന്‍റെ ഗുണദോഷങ്ങളെക്കുറിച്ച് ചോദിക്കാന്‍ മുതിര്‍ന്നില്ല; 29 വര്‍ഷത്തെ ഭരണമൊരു സാക്ഷ്യമാണല്ലോ.
നല്ല കര്‍ഷകനായ അദ്ദേഹം തന്‍റെ മാവില്‍ നിന്നു പറിച്ചുവച്ചിരുന്ന മാമ്പഴം കുറെ കവറിലാക്കി തന്ന് യാത്രയയച്ചു.
സഭയിലെ ഇപ്പോഴത്തെ 'ന്യൂ ജനറേഷന്‍ മെത്രാന്മാരെ' വിരിയിച്ചെടുക്കുന്ന പ്രക്രിയയുടെ ചുമതലക്കാരനായിരുന്നു രണ്ടു തവണ തിരുമേനി. സംഭാഷണത്തിനിടയില്‍ അക്കാര്യവും പങ്കുവച്ചിരുന്നു. സ്വന്തം ഭദ്രാസനത്തില്‍ പോകാതെ കേരളത്തിലൂടെ ഊടാടി നടക്കുന്നവരും, പുതിയ ഭാഷ പഠിക്കാന്‍ മടിയുള്ളവരും, സ്വന്തം പേരില്‍ വസ്തു വാങ്ങി കൂട്ടുന്നവരുമൊക്കെയായ (സ്വന്തം പേരില്‍ വസ്തു വാങ്ങുന്ന മെത്രാന്‍ മുടിഞ്ഞുപോകുമെന്ന് ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി പരസ്യമായി പറഞ്ഞിട്ടുണ്ട്) എന്‍റെ ആ പ്രിയപ്പെട്ട സ്നേഹിതന്മാര്‍ ചെങ്ങന്നൂര്‍ വഴി പോകുമ്പോള്‍ തീര്‍ച്ചയായും അത്താനാസ്യോസ് തിരുമേനിയെ കണ്ട് കുറച്ചുസമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുന്നത് അവര്‍ക്കും സഭയ്ക്കും ഗുണകരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് നിര്‍ത്തുന്നു.
ജോയ്സ് തോട്ടയ്ക്കാട്
മെയ് 15, 2014
കോട്ടയം
Comments
Post a Comment