പാമ്പാടിയില്‍ നിന്നൊഴുകുന്ന അനുഗ്രഹപ്രവാഹം
കാതോലിക്കേറ്റിന്‍റെ ശതാബ്ദിക്കിനി രണ്ടു വര്‍ഷം മാത്രം. മലങ്കരയിലെ പുണ്യപുരുഷന്മാരായ പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവ, പ. പാമ്പാടി തിരുമേനി, പ. പൗലോസ് മാര്‍ അത്താനാസ്യോസ് വലിയതിരുമേനി (കുറ്റിക്കാട്ടില്‍) എന്നിവരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കുവാനുള്ള നടപടിക്രമങ്ങള്‍ പ. സുന്നഹദോസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പഠനത്തിന്‍റെയും അന്വേഷണത്തിന്‍റെയും മുഖ്യ ചുമതല പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ മുഖ്യ ചുമതല വഹിച്ച ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തിരുമേനിക്ക് തന്നെ ആണെന്നു തോന്നുന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിനു വേണ്ടി നടത്തിയ അന്വേഷണവും പഠനവും മാര്‍ ഐറേനിയോസിനെ വട്ടശ്ശേരില്‍ തിരുമേനിയുടെ ഒരു കടുത്ത ഭക്തനും ആരാധകനുമാക്കി മാറ്റി എന്ന് പിന്നീടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. വട്ടശ്ശേരില്‍ തിരുമേനി രചിച്ച മതോപദേശസാരങ്ങളും തിരുമേനിയുടെ ഡയറിയും മലയാളത്തിലും തര്‍ജ്ജമ ചെയ്ത് ഇംഗ്ലീഷിലും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മുന്‍പറഞ്ഞ മൂന്ന് പിതാക്കന്മാരെപ്പറ്റിയുമുള്ള പഠനറിപ്പോര്‍ട്ട് ഈ വര്‍ഷം ജൂലൈയില്‍ നടക്കുന്ന പ. സുന്നഹദോസില്‍ അവതരിപ്പിക്കുകയും അവരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കുവാനുള്ള തീരുമാനമെടുക്കുകയും ചെയ്യുന്നത് വളരെ ഉചിതമായിരിക്കും. മലങ്കരസഭയ്ക്ക് ഏറെ ദൈവാനുഗ്രഹങ്ങള്‍ നേടിത്തന്ന പ. മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായ്ക്കു തന്നെ പരിശുദ്ധ പ്രഖ്യാപനം നടത്തുവാനുള്ള അവസരം കൊടുത്താല്‍ ഏറെ നന്നായിരിക്കും. പ. പരുമല തിരുമേനി കാലം ചെയ്തിട്ട് 46 കൊല്ലത്തിനു ശേഷമാണ് അദ്ദേഹത്തെ സുന്നഹദോസ് പരിശുദ്ധനായി പ്രഖ്യാപിച്ചത്. പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാബാവാ കാലം ചെയ്തിട്ട് 46 കൊല്ലവും പാമ്പാടി തിരുമേനി കാലം ചെയ്തിട്ട് 45 വര്‍ഷവും കുറ്റിക്കാട്ടില്‍ വലിയ തിരുമേനി കാലം ചെയ്തിട്ട് 57 വര്‍ഷവും കഴിഞ്ഞിരിക്കുന്നു. മലങ്കരയില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ ഈ പിതാക്കന്മാരെ ആദരിച്ചിട്ട് നമുക്ക് കാതോലിക്കേറ്റിന്‍റെ ശതാബ്ദി കൊണ്ടാടാം.
*****
കോട്ടയത്തെ പ്രമുഖ ജ്വലറിയായ ജോസ്ക്കോയുടെ പുതിയ ഡയമണ്ട് ഷോറൂം രാജീവ്ഗാന്ധി കോംപ്ലക്സില്‍ ഏപ്രില്‍ 17-നു ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇതോടനുബന്ധിച്ച് ഏപ്രില്‍ മാസത്തിന്‍റെ ആദ്യ പകുതിയില്‍ വിവാഹിതരാകുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 ദമ്പതികള്‍ക്ക് 6 പവന്‍ സ്വര്‍ണ്ണം, വീട്ടുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍പരം രൂപയുടെ സഹായം ചെയ്യുന്നുണ്ട്. അര്‍ഹരായ ദമ്പതികളെ കണ്ടെത്താന്‍ ജോസ്ക്കോയിലെ ജീവനക്കാരെ തന്നെയാണ് ഏല്പിച്ചത്. അതിനായി ദേവലോകം അരമന, വിവിധ സഭകളുടെയും സമുദായങ്ങളുടെയും കേന്ദ്രങ്ങള്‍, വിവിധ സഭകളുടെ പള്ളികള്‍ എന്നിവ സന്ദര്‍ശിച്ച് വിവരമറിയിക്കാനും അങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ അര്‍ഹതയുള്ളതാണോ എന്ന് പരിശോധിക്കാനും ജീവനക്കാര്‍ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തിച്ചു. ലഭിച്ച അപേക്ഷകളിലൊന്നിന്‍റെ വിശദാംശങ്ങള്‍ തേടി കാഞ്ഞിരപ്പള്ളിയ്ക്ക് പോയ ഏതാനും ജീവനക്കാര്‍ തിരികെ പാമ്പാടിയിലെത്തിയപ്പോള്‍, പാമ്പാടി ദയറായില്‍ പോയി വിവരം പറഞ്ഞ് അര്‍ഹരായ ആരെങ്കിലുമുണ്ടോ എന്ന് തിരക്കാമെന്ന് ഡ്രൈവര്‍ നിര്‍ദ്ദേശിച്ചു. ദയറാ, ഇടവകപ്പള്ളിയല്ലാത്തതുകൊണ്ട് അവിടെ പോയിട്ട് കാര്യമില്ലെന്ന് ഓര്‍ത്തഡോക്സ് സഭാംഗമായ ഒരു ജീവനക്കാരന്‍ തര്‍ക്കിച്ചെങ്കിലും പാത്രിയര്‍ക്കീസ് സഭാംഗമായ ഡ്രൈവറുടെ നിര്‍ബന്ധത്തിനു വഴങ്ങി ദയറായില്‍ എത്തി. പ. പാമ്പാടി തിരുമേനിയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചിട്ട് പള്ളിയില്‍ നിന്ന മാനേജരച്ചനോടു വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ കബറിടത്തിലേയ്ക്ക് ഒരു മിനിട്ട് നോക്കിനിന്നു. പിന്നീട് അന്ന് ദയറായില്‍ വിവാഹസഹായത്തിനു വന്ന ഒരു യുവതിയുടെ കഥ പറഞ്ഞു. മണര്‍കാട് സ്വദേശിയും തട്ടാന്‍ സമുദായത്തില്‍പെട്ടതും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തതും ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുന്നതുമായ ഒരു യുവതി. മണര്‍കാട് ഒരു ഡി. റ്റി. പി. സെന്‍ററില്‍ ജോലി ചെയ്യുന്നു. യുവതിയെ സംരക്ഷിക്കുന്ന ബന്ധുവും രോഗിയാണ്. വിവാഹസഹായം വല്ലതും കിട്ടുമോ എന്നു തിരക്കി ദയറായില്‍ വന്നതാണ്. മാനേജരച്ചനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ "എന്‍റെ കൈയ്യിലെവിടുന്നാ പൈസ. അവിടെച്ചെന്ന് പറയുക" എന്നു പറഞ്ഞ് പാമ്പാടി തിരുമേനിയുടെ കബറിടം ചൂണ്ടിക്കാണിച്ചു കൊടുത്തു. അവര്‍ പ്രാര്‍ത്ഥിച്ചിട്ട് തിരികെ പോയി ഏതാനും മണിക്കൂറുകള്‍ക്കകമാണ് ജോസ്ക്കോ ജീവനക്കാരുടെ അര്‍ഹതപ്പെട്ട ആളുകളെ തേടിയുള്ള വരവ്. മാനേജരച്ചന്‍ പറഞ്ഞ വിവരങ്ങള്‍ വച്ച് മണര്‍കാട്ട് ഡി.റ്റി.പി. സെന്‍ററില്‍ പോയി യുവതിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞ് യുവതിയുടെ വീടും സന്ദര്‍ശിച്ച് അര്‍ഹതപ്പെട്ടയാളെന്നു തീര്‍ച്ചപ്പെടുത്തി സഹായം കൊടുക്കാമെന്നേറ്റാണ് ജീവനക്കാര്‍ മടങ്ങിയത്.
പാമ്പാടി ദയറായിലെ കബറിടത്തിലെ അനുഗ്രഹ പ്രവാഹം നാനാജാതിമതസ്ഥര്‍ക്കു കവിഞ്ഞൊഴുകുമ്പോഴും കത്തോലിക്കരുടെ ശൈലിയില്‍ കാര്യകാരണവും തെളിവും തേടി അലയുന്നതിനെ കഴിഞ്ഞ പെരുന്നാള്‍ ദിനത്തിനു തലേന്നു നടന്ന അനുസ്മരണ പ്രഭാഷണത്തില്‍ നിയുക്ത മെത്രാന്‍ ഫാ. ഡോ. ഗീവറുഗീസ് റമ്പാന്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. കാതോലിക്കേറ്റിന്‍റെ ശതാബ്ദിയിലെങ്കിലും ഈ പിതാക്കന്മാരെ പരിശുദ്ധന്മാരായി പ്രഖ്യാപിക്കുന്ന വലിയ സുദിനത്തിനായി നമുക്ക് കാത്തിരിക്കാം.
വാല്‍കഷണം
പ. ഗീവറുഗീസ് പ്രഥമന്‍ ബാവായെ പരിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഔഗേന്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനി റമ്പാനായിരിക്കെയും മെത്രാപ്പോലീത്താ ആയ ശേഷവും സുന്നഹദോസിന് അപേക്ഷകള്‍ സമര്‍പ്പിക്കുകയും ഇപ്പോഴത്തെ പ. ദിദിമോസ് പ്രഥമന്‍ ബാവാ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ യോഗ്യനാണെന്ന് ഒന്നുരണ്ടു തവണ ദയറായില്‍ പ്രസംഗിക്കുകയും ചെയ്തെങ്കിലും ഇതുവരെ നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് തോന്നുന്നില്ല.
എന്‍റെ വല്യപ്പച്ചനും വല്യമ്മച്ചിക്കും മക്കളില്ലാതിരിക്കെ, വല്യമ്മച്ചിയും അമ്മച്ചിയുടെ മാതാവും കൂടി വള്ളിക്കാട്ട് ദയറായില്‍ പോയി മൂന്നുദിവസം ധ്യാനമിരുന്ന് സ്വര്‍ണ്ണം കൊണ്ട് 'ഉണ്ണിയും തൊട്ടിയും' ഉണ്ടാക്കിക്കൊടുത്തുകൊള്ളാമെന്ന് നേര്‍ച്ച നേര്‍ന്നുണ്ടായതാണ് എന്‍റെ പിതാവ്. ഞങ്ങളുടെ കുടുംബത്തിനു ലഭിച്ച ഈ അനുഗ്രഹത്തിന്‍റെ പിന്തുടര്‍ച്ചയെന്നോണം പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഡയറിയും രചനകളും സമാഹരിച്ചു പ്രസിദ്ധീകരിച്ച 'കാതോലിക്കേറ്റിന്‍റെ നിധി' എന്ന ബൃഹദ് ഗ്രന്ഥം എഡിറ്റ് ചെയ്യുവാനും മലയാളത്തിലെ മൂന്നാമത്തെ യാത്രാവിവരണമായ 'കൊളംബ് യാത്രാവിവരണം' എന്ന അദ്ദേഹത്തിന്‍റെ കൃതി സോഫിയാ ബുക്സിന്‍റെ പേരില്‍ പ്രസിദ്ധീകരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി.
ജോയ്സ് തോട്ടയ്ക്കാട്
ഏപ്രില്‍ 10, 2009
കോട്ടയം
Comments
Post a Comment