വേറിട്ട കാഴ്ചകള്‍



അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഭൗതികദേഹം നെടുമ്പാശ്ശേരിയിലെത്തിയതു മുതല്‍ കബറടക്കം വരെ ആ വിലാപയാത്രയിലും കബറടക്കത്തിലും പങ്കെടുക്കുവാന്‍ സാധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് ടി. വി. യ്ക്കു വേണ്ടി റിപ്പോര്‍ട്ടു ചെയ്യാനാണ് ഞങ്ങള്‍ ഒരു കാറില്‍ ഭൗതികദേഹത്തെ ഈ സമയമത്രയും അനുഗമിച്ചത്. ഇതിനിടയില്‍ കണ്ട 'വേറിട്ട ചില കാഴ്ചകളെ' അവതരിപ്പിക്കുന്നത് ചിലരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും മറ്റു ചിലരുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കാനുമാണ്.

പുതിയ തലമുറയുടെ ആഢ്യത്വം 

പത്തു മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിനു മുമ്പില്‍ ഞങ്ങള്‍ എത്തുന്നത്. മലങ്കര നസ്രാണികളായ നൂറു കണക്കിനാളുകള്‍, ഭൗതികദേഹം പുറത്തേയ്ക്ക് കൊണ്ടുവരുന്നതും കാത്ത് പൊരിവെയിലത്ത് നിന്നിരുന്നു. എന്‍റെ സ്നേഹിതരായ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഏബ്രഹാം തോമസ്, ഹാപ്പി ജേക്കബ്, വര്‍ഗ്ഗീസ് മാത്യു എന്നീ അച്ചന്മാര്‍ ഒരു കോണില്‍ മാറി നില്‍ക്കുന്നത് ചെന്നപ്പോഴേ കണ്ടു. ഞാന്‍ അവരുമായി സംസാരിച്ചു. ഭൗതികദേഹത്തോടൊപ്പം വിമാനത്തില്‍ വന്നവരാണവര്‍. പക്ഷേ, തങ്ങളുടെ ദൗത്യം കഴിഞ്ഞു എന്നവണ്ണം അവര്‍ ജനക്കൂട്ടത്തിലൊരാളായി അവിടെ നില്‍ക്കുകയാണ്. മെത്രാപ്പോലീത്തായുടെ ഭൗതികദേഹം രഥത്തിലേക്കു മാറ്റുവാന്‍ അകത്തു നടക്കുന്ന ശ്രമത്തിലൊന്നും ഇടപെടാതെ, അവിടെയൊന്നും തങ്ങളുടെ അവകാശം സ്ഥാപിച്ച് ഇടിച്ചുകയറാതെ നില്‍ക്കുന്ന അവര്‍ എന്നില്‍ അല്പം അദ്ഭുതം നിറച്ചു. ദേവലോകത്തും തെക്കുവശത്തെ പന്തലില്‍ നിന്നതല്ലാതെ മദ്ബഹായില്‍ ഇടിച്ചുകയറാന്‍ അവരുണ്ടായിരുന്നില്ല!

കബറടക്കത്തിനു മുമ്പായി നടന്ന അനുസ്മരണ പ്രസംഗത്തില്‍ അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി ഈ മൂന്ന് വൈദികരെയും പേരെടുത്തു പറഞ്ഞ് അഭിനന്ദിക്കുകയും, തിരുമേനിയുടെ സാധനങ്ങള്‍, ഒരു മൊട്ടുസൂചി പോലും ലിസ്റ്റ് ചെയ്ത് ആഢ്യത്വത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുകയും, ഭദ്രാസന മെത്രാപ്പോലീത്തായെ അടുത്തുനിന്ന് ശുശ്രൂഷിക്കുകയും ചെയ്ത ഇവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് സഭയുടെ നന്ദി അറിയിക്കുകയും ചെയ്തത് രോമാഞ്ചജനകമായ ഒരു അനുഭവമായിരുന്നു.

ജോജോ എന്ന വിസ്മയം

മെത്രാപ്പോലീത്തായുടെ ഭൗതികദേഹം നാട്ടിലെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തത് ആരാണെന്ന് അറിയാന്‍ വയ്യെങ്കില്‍ കേട്ടോളൂ, അത് മലേഷ്യയിലുള്ള ജോജോയാണ്. ആരാണീ ജോജോയെന്നോ, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമേഖല എന്തെന്നോ എനിക്ക് കൃത്യമറിയില്ല. പക്ഷേ, സഭാ മാനേജിംഗ് കമ്മറ്റിയംഗമായ അദ്ദേഹമാണ് മാര്‍ തേവോദോസ്യോസ് തിരുമേനിയുടെയും, മാര്‍ മക്കാറിയോസ് തിരുമേനിയുടെയും ഭൗതികദേഹം നാട്ടിലെത്തിക്കുവാന്‍ ക്രമീകരണങ്ങള്‍ ചെയ്തതെന്നു മാത്രം മനസ്സിലായി. നെടുമ്പാശ്ശേരിയില്‍ പലരും ജോജോയെക്കുറിച്ചു പറയുന്നത് കേട്ടു. വൈദികട്രസ്റ്റി ജോണ്‍സ് ഏബ്രഹാം കോനാട്ടച്ചന്‍ ദേവലോകത്തു വച്ച് ജോജോയെക്കുറിച്ച് പ്രത്യേകം പറയുകയും സഭയുടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഒരു പാവം നസ്രാണി

ആരോ, 'ജോയ്സ് തോട്ടയ്ക്കാടാണീ നില്‍ക്കുന്നതെന്ന്' പരിചയപ്പെടുത്തിയതനുസരിച്ച് ഒരു പാവം നസ്രാണി എന്നെ വന്നു കണ്ടു. "നിങ്ങളിവരെയൊക്കെ വിമര്‍ശിക്കുന്നതെന്തിനാ, സഭ വിട്ടങ്ങു പോയാല്‍ പോരേ" എന്നാണാ ശുദ്ധഗതിക്കാരന്‍റെ ചോദ്യം. വിമര്‍ശിക്കുന്നവരൊന്നും സഭയില്‍ വേണ്ടെന്നോ, അവര്‍ക്കൊന്നും സഭയില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നോ ഒക്കെയാണ് ആശാന്‍റെ പക്ഷം. ആളാരുടെ ഗ്രൂപ്പാകാരനാണെന്ന് അറിയാന്‍ വയ്യാത്തതു കൊണ്ട് അല്പം സൂക്ഷിച്ചാണ് ആദ്യം ഞാന്‍ സംസാരിച്ചു തുടങ്ങിയത്. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ അതിലെ വന്ന സഭയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ അച്ചനെ ചൂണ്ടിക്കാട്ടി അച്ചനെയൊക്കെ ഞങ്ങള്‍ ഇഷ്ടം പോലെ വിമര്‍ശിച്ചിട്ടുള്ളതാ, അച്ചനു കാണുമ്പോള്‍ പിണക്കമൊന്നുമില്ല എന്നു തുടങ്ങി പി. സി. ഏബ്രഹാമിനെ ബാവായുടെ മുമ്പില്‍ വച്ച് വിമര്‍ശിച്ച കഥയൊക്കെ പറഞ്ഞ്, മെത്രാച്ചന്മാരൊക്കെ വല്ല മണ്ടത്തരവും കാട്ടിയാല്‍ നേരില്‍കണ്ട് പറഞ്ഞ് തിരുത്തിച്ചുകൊള്ളാന്‍ പ. പിതാവു നല്‍കിയ ഉപദേശവും വിശദീകരിച്ച് തല്‍ക്കാലം തടിയൂരി. ഇതുപോലുള്ള നസ്രാണികള്‍ ഉള്ള സഭയില്‍ അല്‍മായ സംഘടനകള്‍ പച്ച പിടിക്കുമെന്ന് തോന്നുന്നില്ല!!

ഊര്‍ജ്ജസ്വലനായ അസോസിയേഷന്‍ സെക്രട്ടറി

മലങ്കരസഭയുടെ അസോസിയേഷന്‍ സെക്രട്ടറിയെക്കുറിച്ച് ആരെന്തു പറഞ്ഞാലും, അദ്ദേഹം ഊര്‍ജ്ജസ്വലനായ സെക്രട്ടറിയാണെന്ന കാര്യത്തില്‍ സഭാംഗങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാനിടയില്ല. റോസ് പൗഡറും പോക്കറ്റിലിട്ട് "മോളേ, ആ ടി. വി. യൊന്നു വച്ചു നോക്കടീ, എന്‍റെ മുഖമുണ്ടോന്ന്" എന്ന് ചോദിച്ചു നടന്നിരുന്ന കാലമൊക്കെ പോയി. സഭയ്ക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത, നാണക്കേടില്ലാത്ത, പുതിയ സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ നെടുമ്പാശ്ശേരി മുതല്‍ വിലാപയാത്ര അയിരൂരെത്തുന്നതു വരെ നേരില്‍ കാണാനിടയായി. ഭൗതികദേഹം വഹിച്ച രഥം പുറത്തേയ്ക്കു വന്നതോടെ സെക്രട്ടറി ഊര്‍ജ്ജസ്വലനായി ഓടിനടന്ന് വണ്ടികള്‍ പറഞ്ഞുവിടാനും മറ്റും തുടങ്ങി. റീത്തുകള്‍ അനേകം കിട്ടിയതോടെ രഥത്തില്‍ അത് വയ്ക്കാന്‍ സ്ഥലമില്ലാതെയായി. രഥത്തില്‍ നിന്നിരുന്ന എന്‍റെ സ്നേഹിതനായ കുറ്റിക്കണ്ടത്തിലെ കൊച്ചച്ചന്‍ എന്നെ വിളിച്ച് ഏതെങ്കിലും വണ്ടിയില്‍ റീത്തുകള്‍ വയ്ക്കാന്‍ പറഞ്ഞു. ഞാന്‍ നേതൃത്വം ചുമതലപ്പെടുത്തിയ ആളല്ലാത്തതുകൊണ്ടും, ഏതു വണ്ടിയില്‍ കൊണ്ടുപോയി വയ്ക്കാന്‍ പറ്റുമെന്ന് എനിക്ക് നിശ്ചയമില്ലാത്തതുകൊണ്ടും സ്ഥലത്തു നിന്ന് ഞാന്‍ വലിഞ്ഞു. രഥത്തിന്‍റെ സൈഡില്‍ നിന്നവരുടെ കൈയിലേക്ക് റീത്തുകള്‍ രഥത്തില്‍ നിന്നവര്‍ കൈമാറുകയാണ്. ഫോട്ടോ എടുത്തുകൊണ്ടു നിന്ന എം. ടി. വി. യുടെ സബ് എഡിറ്റര്‍ വിപിന്‍. കെ. വര്‍ഗീസിനോടും മുന്‍പറഞ്ഞ അച്ചന്‍ എന്നോടാവശ്യപ്പെട്ടതു തന്നെ ആവശ്യപ്പെട്ടു. അദ്ദേഹം ഉടനെ അതിലെ വന്ന സെക്രട്ടറിയോടു പറഞ്ഞു. സെക്രട്ടറി ഉടനെ റീത്തുകള്‍ എടുത്ത് രഥത്തിന്‍റെ സൈഡിലെ കൊളുത്തുകളില്‍ തൂക്കിയിട്ടു കാണിച്ചു കൊടുത്തു. അവിടെ നിന്നവരോടൊപ്പം ചില റീത്തുകള്‍ തൂക്കുകയും ചെയ്തു. വിപിന്‍ അത് ക്യാമറയില്‍ പകര്‍ത്തി. ഫോട്ടോയെടുക്കുന്നതു കണ്ട് തിരിഞ്ഞു നോക്കിയെങ്കിലും, ക്ഷുഭിതയൗവ്വനത്തിന്‍റെ പ്രതിനിധിയായ അദ്ദേഹം ആളെ കണ്ട് ഒന്നു പുഞ്ചിരിച്ചു. ഫോട്ടോ എടുത്തത് തനിക്ക് മുന്‍പരിചയമുള്ള ആളായതുകൊണ്ടാവാം ചൂടാകുന്നതിനു പകരം ചിരിയില്‍ വിഷയം തീര്‍ത്തു. വിലാപയാത്ര കടന്നുപോകുമ്പോള്‍ അദ്ദേഹം ജീപ്പിലെത്തി ട്രാഫിക് ബ്ലോക്കുള്ളിടത്ത് ഇറങ്ങി ഗതാഗതം നിയന്ത്രിച്ച് ഓടിനടന്നും മറ്റും കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍, യുവജനപ്രസ്ഥാനക്കാരെയോ മറ്റോ വോളണ്ടിയര്‍മാരായി നിയമിച്ച് ഇത്തരം കാര്യങ്ങള്‍ ഏല്‍പിക്കുവാന്‍ പോലും ബുദ്ധി തോന്നാത്ത സഭാനേതൃത്വത്തെ ഓര്‍ത്ത് വിഷമിച്ചു.

അയിരൂര്‍ പള്ളിയില്‍ ശുശ്രൂഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ പ. സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി എം. ടി. വി. യുടെ പ്രതിനിധി വിപിനെ വിളിച്ച് സഭാ സെക്രട്ടറിയെ വിളിച്ചുകൊണ്ടു വരുവാന്‍ പറഞ്ഞു. അദ്ദേഹം സെക്രട്ടറിയെ അവിടെയെല്ലാം തപ്പിയിട്ടും കണ്ടുകിട്ടിയില്ല. ഒടുവില്‍ എന്‍റെ മൊബൈലില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നായിരുന്നു മറുപടി. എന്തായാലും അന്ന് പിന്നീട് പഴയസെമിനാരിയിലും അദ്ദേഹത്തെ കണ്ടില്ല. ഒരു പക്ഷേ, ക്ഷീണിതനായ അദ്ദേഹം സഭാട്രസ്റ്റിയെയോ മറ്റോ കാര്യങ്ങള്‍ ഭരമേല്‍പിച്ചു വിശ്രമിച്ചതാവാം. 

സെക്രട്ടറിയുടെ ഊര്‍ജ്ജസ്വലത കാട്ടാനായി, മുണ്ടും മടക്കിക്കുത്തി നില്‍ക്കുന്ന പടമെടുത്ത് പ്രസിദ്ധീകരിച്ച്, ഫോട്ടോയ്ക്കു താഴെ നല്ലൊരു അടിക്കുറിപ്പും എഴുതിയതിന്‍റെ പേരില്‍ പരസ്യമായി അധിക്ഷേപിക്കപ്പെട്ട ഒരാളിന്‍റെ സാക്ഷ്യമാണിത്. ഈ സാക്ഷ്യം സത്യമാകുന്നു.

ഏല്‍പിച്ച ജോലി ഭംഗിയായി ചെയ്ത് അല്‍മായട്രസ്റ്റി

തിരുമേനിയുടെ ഭൗതികദേഹം വഹിച്ച രഥം പുറത്തുവന്നതോടെ അസോസിയേഷന്‍ സെക്രട്ടറി, സഭാട്രസ്റ്റിയുടെ കാര്‍ അതിനു പുറകില്‍ കൊണ്ടുവന്ന് ഇടീച്ചു. പോലീസുകാരൊക്കെ മാറ്റാന്‍ പറഞ്ഞിട്ടും "ഇത് രഥത്തിന്‍റെ പിമ്പേ പോകാനുള്ളതാണെന്ന്" പറഞ്ഞ് കാര്‍ രഥത്തിന് പിറകില്‍ തന്നെ ഇട്ടു. മുന്‍ തീരുമാനപ്രകാരമാണോ ഇങ്ങനെ ചെയ്തതെന്നറിയില്ല. എന്തായാലും രഥത്തിനു പിറകില്‍ തന്നെ കാര്‍ ഓടിച്ച്, ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വഴിയില്‍ നിന്നവരില്‍ വി. ഐ. പി. കള്‍ക്കൊക്കെ ഇറങ്ങി കൈ കൊടുത്ത് ട്രസ്റ്റി പഴയസെമിനാരി വരെ രഥത്തെ അനുഗമിച്ചു.

"തൃക്കുന്നത്തു സെമിനാരിയില്‍ നിന്നു അറസ്റ്റ് വന്നപ്പോള്‍ സ്വന്ത ജനത്തെ മറന്ന് ഓടിപ്പോയതിനുള്ള ശിക്ഷയായി സെക്രട്ടറി കൊടുത്ത പണിയായിരിക്കാമിതെന്ന്" ആരോ തമാശ പറയുന്നത് കേട്ടു.

മണ്ണാറപ്രായിലച്ചന്‍റെ മിന്നല്‍ പ്രകടനം

തിരുമേനിയുടെ ഭൗതികദേഹം പുറത്തേയ്ക്ക് കൊണ്ടുവരുന്നതിന് അല്പം മുമ്പാണ് മണ്ണാറപ്രായിലച്ചന്‍ എത്തിയത്. പുറത്തേയ്ക്ക് കൊണ്ടുവന്ന രഥത്തില്‍ അദ്ദേഹം ചാടിക്കയറി. പത്രദൃശ്യ മാധ്യമങ്ങളുടെ ക്യാമറകള്‍ ഭൗതികദേഹം വഹിച്ച രഥത്തെ പകര്‍ത്തുന്നതിനിടയില്‍ അങ്ങനെ അദ്ദേഹവും കയറിപ്പറ്റി. പത്രത്തിലോ ടി. വി. യിലോ തന്‍റെ മുഖം കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത അച്ചന്, തൃക്കുന്നത്തു നിന്ന് കുടിയിറക്കപ്പെട്ടതോടെയും പുതിയ മാനേജിംഗ് കമ്മറ്റിയില്‍ അംഗത്വം ഇല്ലാതെ വന്നതോടെയും മുഖം കാണിപ്പാന്‍ വഴിയില്ലാതെ വിഷമിക്കുകയായിരുന്നു. എന്തായാലും നെടുമ്പാശ്ശേരിയില്‍ വച്ച് ആ വിഷമം തീര്‍ന്നു (മണ്ണാറപ്രായിലച്ചന്‍ എന്നോട് വലിയ വാത്സല്യമുള്ളയാളാണ്. അദ്ദേഹം ഈ വിമര്‍ശനത്തെ പോസിറ്റീവായി എടുക്കുമെന്ന പ്രതീക്ഷയോടെയാണിത് കുറിക്കുന്നത്). രഥത്തില്‍ കയറിയ അദ്ദേഹം രഥം നെടുമ്പാശ്ശേരിയില്‍ നിന്നു നീങ്ങിയതോടെ താഴെ ഇറങ്ങിയിരിക്കാനാണ് സാദ്ധ്യത. നേരെ കോട്ടയത്ത് വന്ന് ഫോട്ടോകള്‍ അപ്ലോഡ് ചെയ്തശേഷം ചങ്ങനാശ്ശേരിയിലെത്തിയ ഞങ്ങള്‍ക്ക് രഥത്തില്‍ അദ്ദേഹത്തെ കണ്ടെത്താനായില്ല!

പുതുശ്ശേരി എല്ലായിടത്തും

ജോസഫ് എം. പുതുശ്ശേരി എന്ന കുറിയ മനുഷ്യനെ അടുത്ത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിചയപ്പെടാനിടയായിട്ടില്ല. നെടുമ്പാശ്ശേരിയില്‍ നേരത്തേ തന്നെ അദ്ദേഹം എത്തിയിരുന്നു. ഞങ്ങള്‍ ചെന്ന് അല്‍പനേരം കഴിഞ്ഞാണ് മന്ത്രിമാരായ കൊടിയേരി ബാലകൃഷ്ണനും മോന്‍സ് ജോസഫും എത്തിയത്. കുറച്ചുനേരം കാത്തുനിന്ന് മടുത്തപ്പോള്‍, അവര്‍ അനുവാദം വാങ്ങി അകത്തു കയറി തിരുമേനിയെ കണ്ടു. കൂടെ കയറാനൊരുങ്ങിയ പുതുശ്ശേരിയെ തോക്കേന്തിയ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു. അദ്ദേഹം താന്‍ എം. എല്‍. എ. യാണെന്നൊന്നും തര്‍ക്കിക്കാന്‍ നിന്നില്ല, തിരികെ നടന്നു. പതിനൊന്നരയോടെ ഭൗതികദേഹം പുറത്തു കൊണ്ടുവന്നപ്പോഴാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്. നെടുമ്പാശ്ശേരിയില്‍ നിന്ന് അയിരൂരിലേക്കുള്ള വിലാപയാത്രയോടൊപ്പം ഞങ്ങള്‍ പോകുമ്പോള്‍ വെണ്ണിക്കുളം കഴിഞ്ഞുള്ള പല സ്ഥലങ്ങളിലും ആളുകള്‍ കൂടി നില്‍ക്കുന്നിടത്തൊക്കെ പുതുശ്ശേരിയേയും കണ്ടു. അയിരൂരിലും പിറ്റേന്ന് ദേവലോകത്തും പുതുശ്ശേരിയുണ്ടായിരുന്നു.

ചേട്ടനും അനിയനും പിന്നെ പുതുശ്ശേരിയും

ചേട്ടന്‍ മുത്തശ്ശിപത്രത്തിന്‍റെ എഡിറ്റര്‍. അനിയനച്ചന്‍ ദേവലോകം പത്രത്തിന്‍റെ ചുമതലക്കാരന്‍. അയിരൂര്‍ പള്ളിയില്‍ വച്ച് രണ്ടുപേരും തമ്മിലുള്ള സ്നേഹം കണ്ടപ്പോള്‍ "സഹോദരന്മാര്‍ ഒത്തൊരുമിച്ച് വസിക്കുന്നത്....." എന്ന വാചകം ഓര്‍ത്തുപോയി. മെത്രാപ്പോലീത്തന്മാര്‍ ആരെങ്കിലും കാലം ചെയ്താല്‍ മുത്തശ്ശിയുടെ ആളായി രംഗത്തു കണ്ടിരുന്ന നസ്രാണിയെ ഇത്തവണ കണ്ടില്ല. തിരക്കിയപ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി സോണിയാഗാന്ധിയാണെന്ന് ഇയര്‍ബുക്കില്‍ എഴുതിയതിന്‍റെ പേരില്‍ അദ്ദേഹം മലബാറിലേക്ക് സ്ഥലം മാറ്റപ്പെട്ടു എന്നറിഞ്ഞു. പകരം രംഗത്തുണ്ടായിരുന്നത് മേല്‍പറഞ്ഞ ചേട്ടനാണ്. അയിരൂര്‍ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം, നിയുക്ത കാതോലിക്കാ പുറത്തുകിടന്ന രഥത്തിലെ തിരുമേനിയുടെ ഭൗതികദേഹത്തിനു മുമ്പിലെത്തി പ്രാര്‍ത്ഥനകളും ധൂപവും അര്‍പ്പിക്കുന്ന സമയം. അനിയനച്ചന്‍ നിയുക്ത ബാവായുടെ സമീപത്തുപോയി നിന്നു. പുതുശ്ശേരി ഊളിയിട്ട് വന്ന് നിയുക്ത ബാവായുടെ ഇടതുവശത്ത് നിന്നു. മുത്തശ്ശിയുടെ ഫോട്ടോഗ്രാഫര്‍ ക്യാമറ ഫോക്കസ് ചെയ്തെങ്കിലും നിയുക്തബാവാ തിരിഞ്ഞുനില്‍ക്കുന്നത് കൊണ്ട് ശരിയാകുന്നില്ല. ചേട്ടന്‍ അനിയനെ കണ്ണു കാണിച്ചു. അനിയന്‍, ബാവായെ തോണ്ടി ക്യാമറയ്ക്ക് പോസു ചെയ്യിച്ചു. പിറ്റേന്നത്തെ പത്രത്തില്‍ പക്ഷേ, ആ ഫോട്ടോ കണ്ടില്ല. പത്തനംതിട്ട എഡിഷനിലെങ്ങാനും വന്നോ എന്നു നോക്കിയിട്ട് അവിടെയും കണ്ടില്ല. ഇനി ദേവലോകം പത്രത്തില്‍ നമുക്കാ നിമിഷങ്ങള്‍ കാണുവാന്‍ സാധിക്കുമായിരിക്കും (അയിരൂര്‍ പള്ളിയില്‍ വച്ച് ഞങ്ങള്‍ എടുത്ത ഫോട്ടോകള്‍ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തു പോയതുകൊണ്ട് ആ നിമിഷങ്ങളും സുപ്രധാനമായ മറ്റനേകം നിമിഷങ്ങളും നിങ്ങളിലെത്തിക്കുവാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞില്ല).

ഭൗതികദേഹം കാത്ത് ഭരണപക്ഷവും പ്രതിപക്ഷവും

കോട്ടയം എം. എല്‍. എ. വി. എന്‍. വാസവന്‍ ഓര്‍ത്തഡോക്സ് സഭയുമായി അടുത്ത സ്നേഹബന്ധം പുലര്‍ത്തുന്നയാളാണ്. ഞങ്ങള്‍ അയിരൂരില്‍ നിന്ന് പോരുന്ന വഴിക്കാണ് അദ്ദേഹം അവിടേക്ക് പോകുന്നത് കണ്ടത്. ഞങ്ങള്‍ കോട്ടയത്തെത്തി ഫോട്ടോകള്‍ അപ്ലോഡ് ചെയ്ത് പഴയസെമിനാരിയിലെത്തിയപ്പോള്‍, അര മണിക്കൂറിനകം തിരുമേനിയുടെ ഭൗതികദേഹം എത്തുമെന്നറിഞ്ഞ് അവിടെ കാത്തുനിന്നു. അധികം താമസിയാതെ തിരുവല്ലായില്‍ ഇറങ്ങി ഭക്ഷണവും കഴിച്ച് വാസവന്‍ പഴയസെമിനാരിയിലെത്തി. മുറ്റത്തു നിന്ന അദ്ദേഹത്തെ ക്ഷണിച്ച് പഴയസെമിനാരി നാലുകെട്ടിലെ സെമിനാരി മാനേജരുടെ മുറിയില്‍ കൊണ്ടുപോയി ഇരുത്തി. നെടുമ്പാശ്ശേരി മുതല്‍ അയിരൂര്‍ വരെ രഥത്തില്‍ ഇരുന്ന് ക്ഷീണിച്ചു തളര്‍ന്ന് അയിരൂരില്‍ നിന്ന് സെമിനാരിയിലേക്ക് കാറില്‍ പോന്ന മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി മുറിയിലുണ്ടെന്ന് അറിഞ്ഞ് വാസവന്‍ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ചു. ഞാന്‍ എം. ടി. വി. യുടെ ഫോട്ടോഗ്രാഫറെ ആ ദൃശ്യം പകര്‍ത്താന്‍ പറഞ്ഞുവിട്ടെങ്കിലും, തിരുമേനി പേടിച്ച് 'വേണ്ട' എന്നു വിലക്കിയതിനാല്‍ വിപിന്‍ ഫോട്ടോ എടുക്കാതെ മടങ്ങി. അപ്പോഴാണ് മലങ്കര റീത്തിലെ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നേരത്തെ തന്നെ എത്തി സെമിനാരി റിസപ്ഷനില്‍ ഇരിക്കുന്ന വിവരമറിഞ്ഞത്. വിപിന്‍ പോയി ആ ദൃശ്യം പകര്‍ത്തി.

അധികം താമസിയാതെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും എത്തി. അദ്ദേഹം സെമിനാരി മുറ്റത്ത് പരിചയക്കാരോട് സംസാരിച്ചു നിന്നു. സേവേറിയോസ് തിരുമേനിയെ കണ്ടിറങ്ങിയ വാസവന്‍ സെമിനാരി മുറ്റത്തെത്തി അദ്ദേഹത്തിനു സമീപം നിന്നു. ഭൗതികദേഹം കണ്ട് ആദരാഞ്ജലി അര്‍പ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടാണ് ഇരുവരും മടങ്ങിയത്.
പ്രസുകാരാരെങ്കിലുമുണ്ടോ?

അയിരൂരില്‍ ഭൗതികദേഹം കണ്ട് ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരുമേനിയുടെ സഹോദരങ്ങളെ അവിടേക്ക് കൊണ്ടുവന്നു. അവര്‍ ആദരാഞ്ജലി അര്‍പ്പിച്ച് പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. മൊബൈല്‍ ക്യാമറകളിലും ഡിജിറ്റല്‍ ക്യാമറകളിലും ആളുകള്‍ അത് പകര്‍ത്തിക്കൊണ്ടിരിക്കെ "പ്രസുകാരാരെങ്കിലുമുണ്ടോ" എന്നൊരു വിദ്വാന്‍റെ ഉച്ചത്തിലുള്ള ചോദ്യം പല തവണ മുഴങ്ങി. പ്രസുകാരാരെങ്കിലുമുണ്ടെങ്കില്‍ ഫോട്ടോയെടുക്കാനുള്ള ക്ഷണമായിരുന്നു അത്. പക്ഷേ, പ്രസുകാരെ ഓടിക്കാനുള്ള ശ്രമമാണെന്നാണ് വിദ്വാന്‍റെ പറച്ചില്‍കേട്ട പലര്‍ക്കും തോന്നിയത്. എന്തായാലും കുറെ ചോദ്യങ്ങള്‍ക്കൊടുവില്‍ മനോരമയുടെ ഫോട്ടോഗ്രാഫറും, മറ്റു ചില പത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍മാരും എത്തി ആ ദൃശ്യം പകര്‍ത്തി.

മെത്രാന്മാരില്ലാത്ത കുറവു തീര്‍ക്കാന്‍ റീത്തു മെത്രാന്‍

ഭൗതികദേഹം പഴയസെമിനാരിയിലെത്തിച്ച ശേഷം നടന്ന ശുശ്രൂഷയ്ക്ക് വൈദികസെമിനാരി പ്രിന്‍സിപ്പല്‍ കെ. എം. ജോര്‍ജ്ജ് അച്ചനാണ് നേതൃത്വം നല്‍കിയത്. ക്ഷീണിച്ചു തളര്‍ന്നു വന്ന സേവേറിയോസ് തിരുമേനി കിടന്നിരുന്നു. അയിരൂരും നെടുമ്പാശ്ശേരിയിലുമെത്താത്ത പല മെത്രാന്മാരുമുണ്ടായിരുന്നെങ്കിലും അവരിലാരെയെങ്കിലും ഇവിടേക്ക് നിയോഗിക്കാന്‍ സഭാനേതൃത്വം ശ്രമിച്ചില്ലെന്നു തോന്നുന്നു. മലങ്കര റീത്തിലെ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഭൗതികദേഹത്തെ ചുംബിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സാന്നിധ്യവും, നമ്മുടെ തിരുമേനിമാരുടെ അസാന്നിദ്ധ്യവും പലര്‍ക്കും വിഷമമുണ്ടാക്കി. രണ്ടു പേര്‍ എന്നോടത് പറയുകയും ചെയ്തു. നെടുമ്പാശ്ശേരി മുതല്‍ അയിരൂര്‍ വരെ കഷ്ടപ്പെട്ട തിരുമേനിമാര്‍ അല്പം വിശ്രമിക്കാന്‍ പോയിരിക്കാമെന്നും, നാളത്തെ ശുശ്രൂഷകള്‍ക്ക് അവര്‍ നേതൃത്വം കൊടുക്കേണ്ടവരാണല്ലോ എന്നുമുള്ള എന്‍റെ സാന്ത്വന വാക്കുകള്‍ക്ക് അവരുടെ ദേഷ്യത്തെ ശമിപ്പിക്കാനായില്ല.

ഒരു കൈയില്‍ ധൂപക്കുറ്റിയും മറുകയ്യില്‍ 'ദീപിക'യും

പി. കെ ഏബ്രഹാം മുതല്‍ ഫാരിസ് അബൂബക്കര്‍ വരെ ശ്രമിച്ചിട്ടും "എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവത്തില്ല" എന്നു പറഞ്ഞ മരുമകനെപ്പോലെ പച്ച പിടിക്കാത്ത ദീപിക പത്രം, ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ കബറടക്ക ദിവസം ഒന്നര പേജ് സപ്ലിമെന്‍റ് സഹിതമാണിറങ്ങിയത് (ബിജു കുര്യന്‍ എന്ന പത്തനംതിട്ട സ്വദേശിയും ദീപിക പത്രാധിപസമിതിയംഗവുമായ നസ്രാണിക്ക് നന്ദി). നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക് മുതലക്കൂപ്പു നടത്തുന്ന പത്രം കത്തോലിക്കാ സഭ വീണ്ടും ഏറ്റെടുത്തിരിക്കയാണ്. വില കുറഞ്ഞ സാധനം വാങ്ങുന്ന മലയാളികളുടെ സ്വഭാവത്തെ ചൂഷണം ചെയ്യാനായി മാനേജ്മെന്‍റ് പത്രത്തിന് രണ്ടര രൂപയായി വില താഴ്ത്തി. കത്തോലിക്കക്കാരെല്ലാം ദീപിക നിര്‍ത്തി മനോരമ വരുത്തിത്തുടങ്ങിയതോടെ അതിന് അഡിക്റ്റ് ആയിപ്പോയി. അവരെ തിരികെ പിടിക്കുക എളുപ്പമല്ല. ഓര്‍ത്തഡോക്സുകാരില്‍ പത്തു പേരെ വരിക്കാരാക്കാനൊക്കുമോ എന്ന് പരീക്ഷിക്കാനായി സപ്ലിമെന്‍റ് സഹിതമുള്ള പത്രം ആയിരക്കണക്കിന് കോപ്പി ദേവലോകത്ത് സൗജന്യമായി വിതരണം ചെയ്തു. മുത്തശ്ശിപത്രം കാണിക്കുന്നതു പോലെ സപ്ലിമെന്‍റ് മാത്രം അച്ചടിച്ച് കുറച്ചു കോപ്പി വിതരണം ചെയ്യുകയല്ല ദീപിക ചെയ്തത്. ആ ദിവസത്തെ പത്രം മൊത്തമാണ് കൊടുത്തത്. പത്രം ചുമ്മാ കിട്ടിയ ഒരു റമ്പാന്‍, ധൂപക്കുറ്റി വീശുന്ന സമയത്തും മറുകയ്യില്‍ അത് കളയാതെ പിടിച്ചിരിക്കുന്നത് കണ്ടു. എം. ടി. വി. യുടെ ഫോട്ടോഗ്രാഫര്‍ ഗീവര്‍ഗീസ് സി. ആര്‍. ക്യാമറയില്‍ അത് പകര്‍ത്തുകയും ചെയ്തു.

ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം

തിരുമേനിയുടെ ഭൗതികദേഹം ദേവലോകത്ത് കൊണ്ടുവന്ന് ജനങ്ങളുടെ ദര്‍ശനത്തിനായി വച്ചിരിക്കുകയാണ്. ജനങ്ങള്‍ കാണുന്ന സമയത്തു തന്നെ അനുശോചന സമ്മേളനവും നടത്തി സമയം ലാഭിക്കുകയാണ്. അനുശോചന പ്രസംഗങ്ങള്‍ നീണ്ടപ്പോള്‍ (രണ്ടോ മൂന്നോ മിനിട്ട് മാത്രമാണ് എല്ലാവരും പ്രസംഗിച്ചത്) ഫീലിപ്പോസ് മാര്‍ യൗസേബിയോസ് തിരുമേനിക്ക് 'കലി കയറി.' അദ്ദേഹം മൈക്ക് വാങ്ങി അനവസരത്തില്‍ ഒരു പ്രസംഗം ചെയ്തു. "ശുശ്രൂഷയാണ് പ്രധാനം. രണ്ടു ദിവസമായി ഇതിന്‍റെ പിറകെ തൂങ്ങി നടക്കാന്‍ തുടങ്ങിയിട്ട്" എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ മൊഴിമുത്തുകള്‍ (മെത്രാച്ചനെ അയിരൂരും ദേവലോകത്തും മാത്രമേ 'തൂങ്ങാന്‍' കണ്ടുള്ളൂ എന്നത് മറ്റൊരു സത്യം). രാഷ്ട്രീയ നേതാക്കളും മറ്റ് സഭാദ്ധ്യക്ഷന്മാരുമൊക്കെയുള്ള സമയത്താണ് അദ്ദേഹത്തിന്‍റെ വായില്‍ നിന്ന് ഈ 'വികടസരസ്വതി' എഴുന്നെള്ളിയത്. പലരും നാണിച്ചാണാ വാക്കുകള്‍ കേട്ടു നിന്നതും.

ഇത്തരം പ്രധാന സന്ദര്‍ഭങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് സാധാരണ ചെയ്യാറുള്ളത് റ്റി. ജെ. ജോഷ്വാ അച്ചനാണ്. അച്ചന് പ്രായവും മറ്റും ആയതുകൊണ്ടാവാം, സാധാരണ സംഭാഷണങ്ങളില്‍ വായില്‍ നിന്നു 'നല്ല വാചകങ്ങള്‍' മാത്രം വരുന്ന അച്ചനെയാണ് ദൗത്യം ദേവലോകം ഭരണക്കാര്‍ ഏല്‍പിച്ചിരുന്നത്. എന്തായാലും മൈക്കില്‍ കൂടി അദ്ദേഹം 'വികടസരസ്വതി'യൊന്നും എഴുന്നള്ളിച്ചില്ല എന്നതില്‍ പലരും ആശ്വാസം കൊണ്ടു. യൗസേബിയോസ് തിരുമേനിക്ക് വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് അച്ചനോടോ, ശ്രേഷ്ഠ നിയുക്ത കാതോലിക്കായോടോ പറഞ്ഞാല്‍ പരിഹരിക്കപ്പെടുന്ന കാര്യമാണ് അദ്ദേഹം മൈക്കില്‍ കൂടി എഴുന്നള്ളിച്ചത്. വേണമെങ്കില്‍ പ്രവാചക ശബ്ദമായിരുന്നുവെന്നൊക്കെ യൗസേബിയോസ് തിരുമേനിയുടെ ഭക്തന്മാര്‍ക്ക് പറഞ്ഞു സമാധാനിക്കാം.

അംബിയച്ചന്‍ എന്നൊരു പ്രായമുള്ള പുരോഹിതന് വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് അച്ചന്‍ പ്രസംഗിക്കാന്‍ അവസരം കൊടുത്തു. കക്ഷി, മക്കാറിയോസ് തിരുമേനിയുടെ പിന്‍ഗാമിയായി കൊള്ളാവുന്ന ഒരു തിരുമേനിയെ നിയമിക്കണമെന്നാണ് പ്രസംഗിച്ചത്! കൂട്ടത്തില്‍ അഭി. ബര്‍ന്നബാസ് തിരുമേനിക്കിട്ടൊരു കൊട്ടും. കൊള്ളുകേലാത്ത മെത്രാന്മാരെയൊന്നും അമേരിക്കയിലേക്ക് വിടരുതെന്ന്. ബര്‍ണബാസ് തിരുമേനിയും പള്ളിയില്‍ നില്‍ക്കെയാണീ പ്രസംഗം. തിരുമേനിയുടെ പേര് പ്രസംഗകന്‍ പറഞ്ഞില്ലെങ്കിലും ഉന്നം തിരുമേനിയെയാണെന്നുള്ളത് വ്യക്തമായിരുന്നു. പ്രായമാകുന്തോറും നസ്രാണി കത്തനാരന്മാര്‍ക്ക് കുശുമ്പും കുന്നായ്മയും അസൂയയും പിണക്കവും വിദ്വേഷവുമൊക്കെ വര്‍ദ്ധിച്ച് വിവരമില്ലാതെയാകുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. വയസ്സാംകാലത്ത് വേദപുസ്തകവുമൊക്കെ വായിച്ച്, നല്ലത് ചിന്തിച്ച് നല്ലത് പ്രവര്‍ത്തിച്ചിരിക്കുവാന്‍ ഇവര്‍ക്ക് ഉപദേശം കൊടുക്കാന്‍ മെത്രാന്മാര്‍ക്കും ധാര്‍മ്മികമായ ധൈര്യമില്ല. അവരും ഇവരേക്കാള്‍ ഭേദമൊന്നുമല്ലല്ലൊ.

ജോയ്സ് തോട്ടയ്ക്കാട്

കോട്ടയം
മാര്‍ച്ച് 3, 2008

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം