ആത്മാവില്‍ തീ പിടിപ്പിക്കുന്ന ഒരു ജീവിതം
ഓര്‍ത്തഡോക്സ് വൈദികസെമിനാരിയില്‍ ഇടദിവസം വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ചുമതലവന്ന ഒരു അദ്ധ്യാപകന്‍ വെളുപ്പിനെ എഴുന്നേറ്റ് കുളിയും പ്രാര്‍ത്ഥനയും ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ പുസ്തകം വായിക്കുവാന്‍ ഒരു ഉള്‍വിളി തോന്നി. ഷെല്‍ഫില്‍ നോക്കിയപ്പോള്‍ കണ്ണില്‍പെട്ടത് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ജീവചരിത്രമാണ്. പുസ്തകമെടുത്ത് വെറുതെ തുറന്ന് ഒരു ഭാഗം വായിക്കാനാരംഭിച്ചു. ഫാ. പോള്‍ വര്‍ഗീസ് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചാര്‍ജ്ജ് എടുത്ത ഭാഗമായിരുന്നു അത്. ആ ഭാഗം വളരെ ഹൃദയസ്പര്‍ശിയായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. അച്ചന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു. പ്രസ്തുത ഭാഗം ഇങ്ങനെയായിരുന്നു:
"അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകാറായപ്പോള്‍ വീണ്ടും അഞ്ചു വര്‍ഷം കൂടി സേവനം തുടരുവാന്‍ ഡബ്ലിയു. സി. സി. നേതൃത്വം രേഖാമൂലം ഫാ. പോള്‍ വര്‍ഗീസിനോടാവശ്യപ്പെട്ടു. ആ ക്ഷണം നിരസിച്ചുകൊണ്ട് 1967 ഓഗസ്റ്റില്‍ അദ്ദേഹം അവിടെനിന്നു പിരിഞ്ഞു. 1967 ജനുവരി മൂന്നിനു ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ഫാ. പോള്‍ വര്‍ഗീസിനെ ഓര്‍ത്തഡോക്സ് സെമിനാരിയുടെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. സെമിനാരിയുടെ ചുമതല ഏറ്റെടുത്തു കൊണ്ട് അദ്ദേഹം കേരളത്തിലെത്തി. ...
ഫാ. പോള്‍ വര്‍ഗീസ് സെമിനാരിയുടെ നേതൃത്വം ഏറ്റെടുത്തതി നെക്കുറിച്ച് സീനിയര്‍ അദ്ധ്യാപകനും പിന്നീട് വൈസ് പ്രിന്‍സിപ്പലുമായിരുന്ന ഫാ. റ്റി. ജെ. ജോഷ്വാ ഇപ്രകാരം എഴുതിയിരിക്കുന്നു: "1967-ല്‍ സഭകളുടെ ലോകകൗണ്‍സിലിന്‍റെ അസോസിയേറ്റ് സെക്രട്ടറി സ്ഥാനം വഹിച്ചുകൊണ്ടിരുന്ന ഫാ. പോള്‍ വര്‍ഗീസിനെ സെമിനാരി പ്രിന്‍സിപ്പലായി നിയമിച്ചു. ലോകത്തിലെ അംഗീകൃത ദൈവശാസ്ത്രജ്ഞന്മാരില്‍ ഒരാളും പൗരസ്ത്യ വേദശാസ്ത്രത്തിന്‍റെ മികവുറ്റ വക്താവുമായ അദ്ദേഹത്തിന്‍റെ സേവനവും നേതൃത്വവും സെമിനാരിക്ക് ഒരു വലിയ മുതല്‍ക്കൂട്ടാണ്. ഇതര സഭകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും പല വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്‍റെ കീഴില്‍ ഇവിടെ വന്നു പഠനം നടത്തുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്."
ഫാ. പോള്‍ വര്‍ഗീസ് പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുക്കുമ്പോഴത്തെ സെമിനാരിയുടെ അവസ്ഥയെക്കുറിച്ച് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് ഇങ്ങനെ പറയുന്നു: "അന്ന് സെമിനാരിക്ക് നാലുകെട്ടും, അതിന്‍റെ തെക്കുവശത്ത് പുതിയ ബ്ലോക്കിന്‍റെ പൂര്‍ത്തിയായ ഒരു നിലയുമേ ഉണ്ടായിരുന്നുള്ളൂ. ആ ഒരു നിലയുടെ കൂദാശ നടന്നിരുന്നതുകൊണ്ട് പോള്‍ വര്‍ഗീസ് അച്ചന്‍ അവിടെ ഒരു മുറിയിലാണ് താമസം തുടങ്ങിയത്. പുതിയ ബ്ലോക്കിന്‍റെ പണി 1963-ല്‍ തുടങ്ങിയിരുന്നു. അന്ന് പ്രിന്‍സിപ്പലായിരുന്ന ഫാ. ഡോ. കെ. ഫീലിപ്പോസും ഫാ. പോള്‍ വര്‍ഗീസും ചേര്‍ന്ന് അതിനായി വിദേശത്തു നിന്ന് പണം കണ്ടെത്താന്‍ പരിശ്രമിച്ചിരുന്നു. ഡബ്ലിയു. സി. സി. സ്റ്റാഫില്‍ സേവനമനുഷ്ഠിച്ച സമയത്ത് ഫാ. പോള്‍ വര്‍ഗീസ് ഇതിനായി ജനീവയില്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നു."
സെമിനാരി പ്രിന്‍സിപ്പലെന്ന നിലയിലുള്ള പ്രവര്‍ത്തനം രണ്ടു കാരണങ്ങള്‍ കൊണ്ട് ഫാ. പോള്‍ വര്‍ഗീസിനു സന്തോഷം നല്‍കി. പൂര്‍ണ സമയമോ ഭാഗികമായോ പഠിപ്പിക്കുവാനുള്ള അവസരം ലഭിച്ചതിലും, പൗരോഹിത്യജീവിതം നയിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ ജീവിതത്തിനും ചിന്തകള്‍ക്കും രൂപം നല്‍കുവാനുള്ള അവസരം കിട്ടിയതിലുമായിരുന്നു അദ്ദേഹം സന്തോഷിച്ചത്.
ഫാ. പോള്‍ വര്‍ഗീസ് 1967 നവംബര്‍ 2-ന് നടന്ന പ. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുക്കുവാനായി പരുമലയിലെത്തി. അവിടെയുണ്ടായിരുന്ന വൃദ്ധനായ ഒരു പുരോഹിതന്‍ അദ്ദേഹത്തോട് ചോദിച്ചു: "താന്‍ എവിടെനിന്നു വരുന്നു?"
"കോട്ടയത്തു നിന്ന്."
"തന്‍റെ പേരെന്താണ്?"
"പോള്‍ വര്‍ഗീസ്."
"ഓ, താനാണ് പോള്‍ വര്‍ഗീസ്. എടോ താനൊരു മണ്ടനാണ്. താനല്ലാതെ വേറെ വല്ലവരും അവിടെയുണ്ടായിരുന്നതൊക്കെ കളഞ്ഞിട്ട് ഇവിടെ വരുമോ?"
'ആദായവും ഭൗതികസുഖങ്ങളുമാണിന്ന് പൊതുവെ മനുഷ്യര്‍ക്ക് വേണ്ടത്. വിദേശത്തുണ്ടായിരുന്ന സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് സഭയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വന്ന എന്നെ മണ്ടനായിട്ടാണ് ചിത്രീകരിച്ചത്. അതുപോലൊരു മണ്ടനായി സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയണം' എന്നു പറഞ്ഞുകൊണ്ട് ഈ കഥയും ചൂണ്ടിക്കാണിച്ചാണ് മെത്രാപ്പോലീത്താ പലരേയും സഭാപ്രവര്‍ത്തനത്തിന് അനുഗ്രഹം നല്‍കി അയച്ചിരുന്നത്.
"1967-ല്‍ ഞാന്‍ സെമിനാരിയില്‍ വരുമ്പോള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി എന്നെ ചാര്‍ജ്ജ് ഏല്‍പ്പിച്ചു. ആ സമയത്ത് ബാലന്‍സില്‍ നീക്കിയിരുപ്പ് ഒന്നും ഇല്ലായിരുന്നു എന്നു മാത്രമല്ല, അടുത്ത ആഴ്ച സെമിനാരിയിലുള്ള കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അരി പോലും ഇല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പ്രിന്‍സിപ്പലായശേഷം ആദ്യം ചെയ്തത് പി. സി. ഏബ്രഹാമിനെയും ഉപ്പൂട്ടില്‍ കുഞ്ഞച്ചനെയും കെ. എം. മാത്യുവിനെയും പോലെയുള്ള കുറെ ആളുകളുടെ വീടുകളില്‍ പോയി അരി മേടിച്ചുകൊണ്ടു വരികയായിരുന്നു. ഇവര്‍ മൂന്നുപേരും ധാരാളമായി തന്നതു കൊണ്ടാണ് അടുത്തയാഴ്ച സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചത്. ആ നിലയില്‍ നിന്ന് സെമിനാരി വളരെയധികം വളര്‍ന്നു കഴിഞ്ഞുവെന്നത് ദൈവത്തിന്‍റെ കരുണ കൊണ്ട് മാത്രമാണ്. എനിക്ക് സെമിനാരിയെപ്പറ്റി ഒരു വീക്ഷണമുണ്ടായിരുന്നു. ആ വീക്ഷണം നടപ്പില്‍ വരുത്തുവാന്‍ ഞാന്‍ വളരെയധികം ശ്രമിച്ചു. ഒരു അദ്ധ്യയന ആലയമായിട്ട് സെമിനാരിയെ ഞാന്‍ കണ്ടു. ഇതിനെ ഞാനൊരു കമ്മ്യൂണിറ്റിയാക്കിത്തീര്‍ത്തു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒറ്റ കുടുംബമായി, പരിപൂര്‍ണ്ണമായി പരസ്പരം തുറന്ന മനസ്സോടുകൂടി, പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞ്, എന്നെ വിമര്‍ശിക്കേണ്ടവര്‍ എന്നെ വിമര്‍ശിച്ച്, പരസ്പരം തെറ്റുകള്‍ ഉണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് ക്ഷമിച്ച്, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരു കുടുംബമായി കഴിഞ്ഞുപോന്നു. ഈ രീതിയില്‍ സെമിനാരിയുടെ അടിസ്ഥാനം വളര്‍ത്തിക്കൊണ്ടു വന്നു. 1967 മുതല്‍ 1972 വരെയുള്ള കാലഘട്ടത്തില്‍ അതായിരുന്നു സെമിനാരിയുടെ ഘടന - ഒരു സിംഗിള്‍ കമ്മ്യൂണിറ്റി. ഒരു വഴക്കും ഉണ്ടായിരുന്നില്ല. അദ്ധ്യാപകര്‍ തമ്മിലും, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലും, വിദ്യാര്‍ത്ഥികള്‍ തമ്മിലും വഴക്കുണ്ടായിരുന്നില്ല. ഉണ്ടാവുകയാണെങ്കില്‍ ഞാന്‍ തന്നെ പോയി രണ്ടു വശവും കേട്ട് ഏതെങ്കിലുംവിധത്തില്‍ അത് രമ്യതപ്പെടുത്തി ഒരു സിംഗിള്‍ കമ്മ്യൂണിറ്റിയായി - ആരാധനയിലും പ്രാര്‍ത്ഥനയിലും ഉറ്റിരിക്കുന്ന ഒരു കമ്മ്യൂണിറ്റിയായി - ഇതിനെ വളര്‍ത്തിയെടുത്തു. പക്ഷേ, അതിനുശേഷം 1972 മുതല്‍ സഭയില്‍ അനേക പ്രശ്നങ്ങളും കലഹങ്ങളും വരുവാന്‍ തുടങ്ങി. ആ കലഹങ്ങളുടെ ഫലമായി സെമിനാരിയുടെ സിംഗിള്‍ കമ്മ്യൂണിറ്റിയ്ക്ക് വ്യത്യാസം വന്നപ്പോഴാണ് സെമിനാരിയുടെ ശക്തമായ ഒരു ആദ്ധ്യാത്മിക അടിത്തറ മുഴുവന്‍ നശിച്ചുപോയത്."
അത് വീണ്ടും തിരികെ കൊണ്ടുവന്നാല്‍ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും, മെത്രാപ്പോലീത്താ എഴുപതാം ജന്മദിന സമ്മേളനത്തില്‍ (1992) സെമിനാരിയില്‍ ചെയ്ത മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി."
ഈ അനുഭവ കഥ എന്നോടു പറഞ്ഞപ്പോള്‍ കേട്ട എന്‍റെ കണ്ണിലും കണ്ണുനീര്‍ പൊടിഞ്ഞു. കാരണം ഞാന്‍ എഴുതിയ "പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര" എന്ന ഗ്രന്ഥത്തില്‍ നിന്നുമുള്ള ഉദ്ധരണിയാണിത്. 1997 നവംബറില്‍ പ്രസിദ്ധീകരിക്കുകയും ഒരു വര്‍ഷം കൊണ്ട് സൗജന്യ വിലയ്ക്കും, പലര്‍ക്കും സൗജന്യമായും, വണ്ടിക്കൂലിക്ക് കാശില്ലാതെ കോട്ടയത്തു നില്‍ക്കുമ്പോള്‍ കിട്ടിയ വിലയ്ക്കും, ഒടുവില്‍ ഓര്‍ത്തഡോക്സ് സെമിനാരിയിലെ മാര്‍ ഗ്രീഗോറിയോസ് ഫൗണ്ടേഷനു കൊടുക്കാനുണ്ടായിരുന്ന പതിനായിരത്തില്‍പരം രൂപ കൊടുക്കാനില്ലാഞ്ഞതിനാല്‍ നൂറു കോപ്പി ഫൗണ്ടേഷനും കൊടുത്തതോടെ പുസ്തകം ഔട്ട് ഓഫ് പ്രിന്‍റ് ആകുകയായിരുന്നു. ഗ്രീഗോറിയോസ് തിരുമേനിയുടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ വില്പനയ്ക്കായി വാങ്ങിച്ച വകയില്‍ കൊടുക്കാനുണ്ടായിരുന്നതാണ് ഈ പതിനായിരം രൂപ. ഇതില്‍ ഏറെയും വായിച്ചാല്‍ ഗുണമുണ്ടാകുമെന്ന് തോന്നിയവര്‍ക്ക് സൗജന്യമായി അയച്ചുകൊടുക്കുകയായിരുന്നു. ബഹുമാന്യനായ ഇ. എം. എസ്. നമ്പൂതിരിപ്പാടിന് ഇങ്ങനെ തിരുമേനിയുടെ പുസ്തകങ്ങളുടെ ഒരു സെറ്റ് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ചിന്തയെ സ്വാധീനിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചതായി കാണിച്ചുകൊണ്ട് ഒരു ലേഖനം തന്നെ 'ദേശാഭിമാനി' വാരികയിലെ പംക്തിയില്‍ ഇ. എം. എസ്. എഴുതിയിരുന്നു.
പുസ്തകം വായിച്ചവര്‍ക്കെല്ലാം അത് ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു എന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമായി. തിരുമേനിയെക്കുറിച്ചുള്ള പല ധാരണകളും മാറാനും പുസ്തകം ഇടയാക്കി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഫാ. ഡോ. ഒ. തോമസ് എന്നിവര്‍ ആ സമയത്ത് എല്ലാം പ്രസംഗങ്ങളിലും ഈ പുസ്തകത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
പുസ്തകം വായിച്ചു കഴിഞ്ഞാല്‍ ഗ്രന്ഥകാരനെ ആരും സാധാരണ ഓര്‍ത്തിരിക്കാറില്ല. പക്ഷേ, ഈ ഗ്രന്ഥം വായിച്ചവരില്‍ ഭൂരിപക്ഷവും ഇപ്പോഴും എഴുത്തുകാരനെയും ഓര്‍മ്മിക്കുന്നു.
'ആത്മാവില്‍ തീ പിടിച്ച മനുഷ്യന്‍' എന്ന് "പ്രകാശത്തിലേയ്ക്ക് ഒരു തീര്‍ത്ഥയാത്ര"യില്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ വിശേഷിപ്പിച്ചിട്ടുണ്ട്. പഴയസെമിനാരി ചാപ്പലില്‍ ഒരു വി. കുര്‍ബ്ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മനസ്സില്‍ വീണുകിട്ടിയ ഒരു വിശേഷണമായിരുന്നു അത്. ആത്മാവില്‍ തീ പിടിച്ച മനുഷ്യന്‍റെ ജീവിതം ഇന്നും അനേകരില്‍ തീപ്പൊരിയായി പകരപ്പെടുന്നു എന്നറിയുന്നതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
വാല്‍കഷണം
രണ്ടു വര്‍ഷം മുമ്പ് പ. ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ രോഗബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കാലം. പ. പിതാവിനെ മെത്രാപ്പോലീത്താമാരെപോലും കാണിക്കാതെ ഐ. സി. യു. വില്‍ കിടത്തിയിരിക്കുന്നതിനെക്കുറിച്ച് പരാതി പറയാന്‍ മൂന്‍കൂട്ടി സമയം ക്രമീകരിച്ച് ഓര്‍ത്തഡോക്സ് അല്‍മായവേദിയുടെ പ്രവര്‍ത്തകര്‍ ശ്രേഷ്ഠ നിയുക്ത ബാവായെ ദേവലോകത്ത് സന്ദര്‍ശിച്ചു. നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് അദ്ദേഹത്തിന്‍റെ പേര് ആദ്യമായി ഉയര്‍ത്തിക്കൊണ്ടുവരികയും സ്ഥാനാര്‍ത്ഥിയാകണമെന്ന് പറഞ്ഞ് പുറകെ നടക്കുകയും, പഴുതുകള്‍ അടച്ച് ഒരു നോമിനേഷന്‍ അദ്ദേഹത്തിനു വേണ്ടി കൊടുക്കുകയും ചെയ്ത അല്‍മായവേദി പ്രവര്‍ത്തകരെ കണ്ടിട്ട് ആലുവാ മണപ്പുറത്തു വച്ചു കണ്ട പരിചയം പോലുമില്ലാതെ "പത്രക്കാരോട് ഞാന്‍ ഒന്നും പറയുകില്ല; നിങ്ങള്‍ എന്താണ് എഴുതുന്നതെന്ന് അറിഞ്ഞുകൂടാ" എന്ന് പറഞ്ഞ് ബലം പിടിച്ച് ഇരിക്കുകയാണദ്ദേഹം. അല്‍മായവേദിയുടെ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സെക്രട്ടറിയുമൊക്കെ കാര്യങ്ങള്‍ അവതരിപ്പിച്ചു. നിയുക്ത ബാവാ പ്രതികരിക്കാതെ മൗനം തുടരുകയാണ്. അടുത്തതായി ഏറ്റവും ജൂണിയറായ ഞാനാണ് എഴുന്നേറ്റത്. പഴയ കാര്യങ്ങള്‍ ഞാനൊന്ന് ഓര്‍മ്മിപ്പിക്കാന്‍ നോക്കി. കുറച്ച് ചൂടായി എന്തൊക്കെയോ പറയുകയും ചെയ്തു. മുമ്പ് പരിചയപ്പെട്ടിട്ടുണ്ടെങ്കിലും തിരുമേനി എന്നെ മറന്നുപോയിട്ടുണ്ട് എന്ന ബലത്തിലാണ് ഞാനത്രയും കൂട്ടിപ്പറഞ്ഞത്. എന്നിട്ടും കുലുക്കമൊന്നുമില്ല. അല്‍മായവേദിക്കാരു മടുത്തു. കൂട്ടത്തിലിരുന്ന ആരോ ഒരാള്‍ "ജോയ്സേ" എന്നു വിളിച്ച് എന്നോടെന്തോ പറഞ്ഞു. നിയുക്തബാവാ പെട്ടെന്ന് പ്രസന്നവാനായി. "ജോയ്സായിരുന്നോ... എടോ തന്‍റെ ഗ്രീഗോറിയോസ് തിരുമേനിയെക്കുറിച്ചുള്ള പുസ്തകം ഉഗ്രനായിരുന്നു. ഞങ്ങളൊക്കെ പേടിച്ചിട്ട് തിരുമേനിയുടെ അടുത്ത് അടുക്കുക കൂടിയില്ലായിരുന്നു" എന്ന് എന്നോടായി ഞാന്‍ എഴുതിയ പുസ്തകത്തെ പ്രകീര്‍ത്തിച്ച് പറഞ്ഞു. എന്നെ തിരിച്ചറിഞ്ഞതോടെ ഞാന്‍ ശരിക്കും ചമ്മി. അതുവരെ ബലം പിടിച്ചിരുന്ന തിരുമേനി ഉല്ലാസവാനായി. അദ്ദേഹം തുറന്നു സംസാരിക്കാനാരംഭിച്ചു.
ഈ പുസ്തക രചനയുടെ കാലത്തും അതിനു ശേഷവുമുണ്ടായ ഒട്ടേറെ അനുഭവങ്ങളില്‍ ഒന്നു മാത്രമാണിത്. ഇങ്ങനെയൊരു ഗ്രന്ഥം രചിക്കുവാന്‍ ദൈവം തന്ന അനുഗ്രഹവും എന്നിലേക്കു ചൊരിഞ്ഞ കൃപാപ്രവാഹവും ഓര്‍ത്ത് കാരുണ്യവാനായ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
ജോയ്സ് തോട്ടയ്ക്കാട്
നവംബര്‍ 14, 09
കോട്ടയം
Comments
Post a Comment