അലക്സിയോസ് മാര്‍ തേവോദോസ്യോസും ചിങ്ങവനം വട്ടമേശ സമ്മേളനവും / ജോയ്സ് തോട്ടയ്ക്കാട്



'ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയുവാനാഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ ഞാന്‍ മരിക്കേണ്ടി വന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടും. മലങ്കരസഭയുടെ സ്വാതന്ത്ര്യം തീറെഴുതാനും അബ്ദല്‍ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാന്‍ തയ്യാറല്ല. എന്‍റെ Conviction-ന് എതിരായി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല."1 ഈ ധീരദൃഢസ്വരം ബഥനി ആശ്രമാചാര്യനും കൊല്ലം ഭദ്രാസനാധിപനുമായിരുന്ന അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടേതായിരുന്നു. മലങ്കരസഭയുടെ സമാധാനത്തിനായി ചിങ്ങവനം അപ്രേം സെമിനാരിയില്‍ കൂടിയിരുന്ന ഇരു വിഭാഗങ്ങളിലെയും മെത്രാപ്പോലീത്തന്മാരും, അവരെ ബന്ധികളാക്കി ഒപ്പിടുവിച്ചാല്‍ സമാധാനം ഉണ്ടാകുമെന്ന് ധരിച്ചുവശായ യുവാക്കളും ആ വാക്കുകള്‍ കേട്ടു ഒരു നിമിഷം സ്തംഭിച്ചു പോയി. ആ ഒരു നിമിഷം കൊണ്ട് കൊടുങ്കാറ്റു പോലെ മാര്‍ തേവോദോസ്യോസ് അവര്‍ക്കിടയിലൂടെ ആ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. നസ്രാണിവീര്യത്താല്‍ ജ്വലിച്ചുനിന്ന ആ മഹാപുരോഹിതനെ നേരിടുവാനും തടയാനുമാവാതെ ക്ഷുഭിത യൗവനം വെറും കാഴ്ചക്കാരായി.

സഭാ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍

1911-ല്‍ ആരംഭിച്ച മലങ്കരസഭയിലെ കക്ഷിവഴക്കുകള്‍ക്ക് അന്ത്യം കുറിച്ച് സഭയില്‍ സമാധാനം കൈവരുത്തുവാന്‍ സഭാംഗങ്ങളും മറ്റ് ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരും നാട്ടിലെയും വിദേശ രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും തുടങ്ങി ഒട്ടനവധിപേര്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തുകയുണ്ടായി. പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഒരു ഘട്ടത്തില്‍ സമാധാനത്തിനായി 1912-ല്‍ മലങ്കരസഭയില്‍ സ്ഥാപിച്ച പൗരസ്ത്യ കാതോലിക്കേറ്റ് പോലും ഉപേക്ഷിക്കുവാന്‍ പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ സമ്മതിച്ചുവെങ്കിലും, തന്‍റെ അരുമ ശിഷ്യനായ മാര്‍ത്തോമ്മാ നട്ട മലങ്കരസഭയെ കരുണാമയനായ ദൈവം കാത്തതിനാല്‍ അതിന് സംഗതിയായില്ല.

പീസ്ലീഗിന്‍റെ സത്യഗ്രഹ സംരംഭം

കെ. സി. മാമ്മന്‍ മാപ്പിളയുടെ സഹോദരനും പ്രാര്‍ത്ഥനാനിരതനും വിശുദ്ധ ജീവിതം നയിച്ചിരുന്ന വ്യക്തിയുമായ കെ. സി. ചാക്കോ, സഭാ സമാധാനത്തിനായി രോഗപീഡകളെ മറന്ന് ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തി. അദ്ദേഹത്തിന്‍റെ അന്ത്യശ്രമങ്ങള്‍ വിഫലമായി തീര്‍ന്നെങ്കിലും സഭയിലെ ഇരുകക്ഷികളിലും സമാധാന യത്നത്തിനു വേണ്ടിയുള്ള ഒരു ആവേശം സൃഷ്ടിക്കുവാന്‍ അതു കാരണമായി ഭവിച്ചു. രണ്ടു കക്ഷികളിലുംപെട്ട യുവാക്കള്‍ 'പീസ് ലീഗ്' എന്ന പേരില്‍ ഒരു സംഘടന രൂപവല്‍ക്കരിച്ചു ചില കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിച്ചു. കോട്ടയം പുത്തനങ്ങാടിയിലുള്ള പ്രസിദ്ധമായ കുരിശുപള്ളിയുടെ അങ്കണം ഒരു ഉപവാസ യജ്ഞത്തിന്‍റെ രംഗമായി അവര്‍ തെരഞ്ഞെടുത്തു. മണര്‍കാട് ഇടവകയില്‍പെട്ട തെങ്ങുംതുരുത്തേല്‍ ടി. എം. ചാക്കോ പ്രസിഡണ്ടായും, മാളിയേക്കല്‍ എം. പി. ഏബ്രഹാം ട്രഷററായും, പി. എം. തോമസ് (പുളിക്കല്‍) സെക്രട്ടറിയായും, ടി. പി. ഫീലിപ്പോസ് (തെക്കെത്തലയ്ക്കല്‍), ചക്കാലപ്പറമ്പില്‍ സി. പി. ജോര്‍ജ് മുതലായി ഒട്ടധികം സഭാസ്നേഹികള്‍ കമ്മിറ്റിയംഗങ്ങളായും സംഘടിപ്പിച്ച പീസ് ലീഗ് സജീവമായി പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. ടി. എം. ചാക്കോ ക്ഷീണിതനായപ്പോള്‍ ജി. ജോണ്‍ (കായംകുളം) പ്രസിഡണ്ട് പദം സ്വീകരിച്ചു. രണ്ടു കക്ഷിയിലുംപെട്ടവരായിരുന്നെങ്കിലും പരസ്പര വിശ്വാസത്തോടും ആത്മാര്‍ത്ഥമായ സഹകരണത്തോടും കൂടി അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലം പ്രകടമായിരുന്നു. കുരിശുപള്ളിയങ്കണം ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി. 

ദിനംപ്രതി നടന്നുപോന്ന ഉപവാസം, പ്രാര്‍ത്ഥന, പ്രസംഗങ്ങള്‍ മുതലായവയില്‍ സംബന്ധിക്കാനെത്തിയ ജനങ്ങള്‍ക്കു കണക്കില്ലായിരുന്നു. സഭയില്‍ സമാധാനം കൈവന്നു കാണാന്‍ ആഗ്രഹിച്ചിരുന്ന അനവധിയാളുകള്‍ പീസ് ലീഗിനു പിന്തുണയും നല്‍കിയിരുന്നു. അവരുടെ ഉദ്ദേശ്യങ്ങളെയും പ്രവര്‍ത്തനരീതികളെയും സംശയദൃഷ്ട്യാ വീക്ഷിച്ചവരും ഇല്ലാതില്ല. സത്യഗ്രഹ പരിപാടികള്‍ സഭാപ്രശ്ന പരിഹാരത്തിനു വേണ്ടി സ്വീകരിക്കുന്നതിനെ മെത്രാപ്പോലീത്തന്മാരും മറ്റും എതിര്‍ത്തു സംസാരിക്കുകയും ചെയ്തിരുന്നു. പീസ് ലീഗിനു പത്രങ്ങള്‍ വേണ്ട പ്രചരണം നല്‍കി. മുന്‍ മന്ത്രി ഇലഞ്ഞിക്കല്‍ ജോണ്‍ ഫീലിപ്പോസ്, പീസ് ലീഗിനു സുശക്തമായ സഹായവും നീട്ടി. അതുപോലെ ഗണനീയന്മാരായ പലരും അവരെ സഹായിച്ചുകൊണ്ടിരുന്നു. സാമ്പത്തികമായി സഹായിച്ചത് പടിഞ്ഞാറേക്കര ഇട്ടി കുര്യന്‍, എം. സി. മാത്യു മുതലായവരായിരുന്നു. ഗ്രീസിലെ പീറ്റര്‍ രാജകുമാരന്‍ കുരിശുപള്ളിയങ്കണത്തില്‍ വന്നു പ്രസംഗം നടത്തിയതും, പാത്രിയര്‍ക്കീസിനെ കണ്ടു സംസാരിക്കാമെന്നു ഭരമേറ്റതും പീസ് ലീഗിന്‍റെ പരിപാടികള്‍ക്കു വലിയ ഉത്തേജനം നല്‍കി.2

പീസ് ലീഗിന്‍റെ ഉപവാസ സമരത്തില്‍ വേദപഠനം നടത്തിയതിനെക്കുറിച്ച് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ഇങ്ങനെ എഴുതിയിരിക്കുന്നു: 

"കോട്ടയം കുരിശുപള്ളിയില്‍ പീസ് ലീഗിന്‍റെ സത്യഗ്രഹം നടക്കുന്ന കാലം. സഭയില്‍ സമാധാനവും  ഐക്യവും കൈവരുത്തുവാന്‍ വേണ്ടി പാത്രിയര്‍ക്കീസ് കക്ഷിയിലുള്ളവരും കാതോലിക്കാ കക്ഷിയിലുള്ളവരുമായ ആറു പേര്‍ ചേര്‍ന്നു ഉപവസിക്കുന്നു. അവരില്‍ എം. കുര്യനും കെ. ഇ. മാമ്മനും എന്‍റെ സുഹൃത്തുക്കളായിരുന്നു. ഞാനന്ന് 32 വയസ്സുള്ള ഒരത്മായക്കാരന്‍, ആലുവാ ഫെലോഷിപ്പ് ഹൗസില്‍ എം. തൊമ്മനോടൊപ്പം അത്മായക്കാരുടെയിടയില്‍ അദ്ധ്യാത്മിക പ്രവര്‍ത്തനം നടത്തുകയായിരുന്നു. അമേരിക്കന്‍ പഠനം കഴിഞ്ഞു നാട്ടില്‍ വന്നിട്ട് അധികം നാളായിട്ടില്ല. ബാവായെ  പോയി കണ്ടിട്ടില്ല. ... തൊമ്മച്ചന്‍റെ നിര്‍ദ്ദേശമനുസരിച്ച്, ഉപവാസം അനുഷ്ഠിക്കുന്ന പീസ് ലീഗുകാര്‍ക്ക് ബൈബിള്‍ ക്ലാസ്സെടുക്കാന്‍ കോട്ടയത്തു വന്നു. ഒരു ദിവസത്തെ ക്ലാസു കഴിഞ്ഞപ്പോള്‍ കുറച്ചു ദിവസം ഇവിടെ തങ്ങി ഞങ്ങള്‍ക്ക് ബൈബിള്‍ ക്ലാസ് എടുത്തു കൂടെ എന്ന് ഉപവാസം അനുഷ്ഠിക്കുന്നവര്‍ ചോദിച്ചു.

'ഇത്തരം ക്ലാസ് ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കു പട്ടിണി കിടക്കാന്‍ ഒരു പാടുമില്ല' എന്ന അവരുടെ വാക്ക് എനിക്കും പ്രചോദനം നല്‍കി. ... ഏതായാലും പീസ് ലീഗിലെ ഉപവാസികളെ കാണാന്‍ വന്ന എനിക്ക് മുപ്പതുദിവസം അവരുടെ കൂടെ താമസിക്കാനും ഉപവാസത്തില്‍ അല്പമൊക്കെ പങ്കെടുക്കുവാനും സാധിച്ചു. രാവിലെയും വൈകുന്നേരവും ഉപവാസികള്‍ക്കുവേണ്ടി വേദപഠനം നടത്തും. കുറെ ദിവസത്തിനു ശേഷം ഉപവാസികളെ കാണാന്‍ വരുന്ന ഭക്തജനങ്ങള്‍ക്കു വേണ്ടിയും വേദപഠനക്ലാസുകള്‍ നടത്താന്‍ തുടങ്ങി.

പീസ് ലീഗിനോടു കല്ലാശേരി ബാവായ്ക്കു വലിയ പ്രതിപത്തിയില്ലായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാതെ സഭാ സമാധാനം എന്നും പറഞ്ഞ് ഓടി നടക്കുന്നവരെപ്പറ്റി ബാവായ്ക്കു വിരോധമായിരുന്നു. അതിന്‍റെ കൂടെ അമേരിക്കയില്‍ നിന്നും പഠിച്ചു വന്നിരിക്കുന്ന പോള്‍ വര്‍ഗീസ് എന്ന ഒരത്മായക്കാരന്‍ വേദപുസ്തകം പഠിപ്പിക്കുന്നു എന്നു കേട്ടപ്പോള്‍ അയാളോടും, അല്പം നീരസമായി. അമേരിക്കന്‍ ബൈബിള്‍ പഠിപ്പിക്കുന്ന പോള്‍ വര്‍ഗീസിനെ പരാമര്‍ശിച്ച് അല്പം പുച്ഛമായി ദേവലോകത്ത് പ്രസംഗിച്ച വിവരം കെ. ഫീലിപ്പോസച്ചന്‍ (ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി) ആണ് എന്നോടു പറഞ്ഞത്. ഞാന്‍ ദേവലോകത്തു പോയി ബാവായെ കാണണമെന്നും തെറ്റിദ്ധാരണ നീക്കണമെന്നും എന്നെ ഉപദേശിച്ചു. അച്ചന്‍ തന്നെ തന്‍റെ കൊച്ചു ബേബി മോറിസ് കാറില്‍ എന്നെ ബാവായുടെ അടുക്കല്‍ കൊണ്ടുപോയി പരിചയപ്പെടുത്തി."3

രണ്ടു പക്ഷത്തെയും തിരുമേനിമാരെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി ചര്‍ച്ച ചെയ്യിക്കാനും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ വ്യവസ്ഥകള്‍ രൂപവല്‍ക്കരിക്കാനും അവസരമുണ്ടാക്കുകയായിരുന്നു പീസ് ലീഗിന്‍റെ പ്രഥമ പരിപാടി. ക്നാനായ ഇടവകയുടെ ഏബ്രഹാം മാര്‍ ക്ലിമീസ് അക്കാര്യത്തില്‍ അവര്‍ക്കു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കി. ചിങ്ങവനം അപ്രേം സെമിനാരിയില്‍ മെത്രാപ്പോലീത്തന്മാരുടെ വട്ടമേശ സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നു. മെത്രാപ്പോലീത്തന്മാരെ എല്ലാവരേയും അതിനു സമ്മതിപ്പിച്ചു തീയതിയും കുറിച്ചു. 1950 ജനുവരി 9-നു സമ്മേളനം നടന്നു. 200 വോളണ്ടിയറന്മാര്‍ സമ്മേളനരംഗം സംരക്ഷിച്ചു നിന്നിരുന്നു. മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും സമ്മേളനത്തില്‍ സംബന്ധിച്ചു. പ. ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെ ഓര്‍ത്തഡോക്സ് സഭയിലെ എല്ലാ മെത്രാന്മാരും സെമിനാരിയില്‍ വന്നുചേര്‍ന്നു. പാത്രിയര്‍ക്കീസ് പക്ഷത്തെ ആലുവായിലെ പൗലോസ് മാര്‍ അത്താനാസ്യോസ് മാത്രം ആരോഗ്യപരമായ കാരണങ്ങളാല്‍ സംബന്ധിച്ചില്ല. 

ചിങ്ങവനം സമ്മേളനം നാലു പൊതു തത്വങ്ങള്‍ അംഗീകരിച്ചു: (1) അന്ത്യോക്യാ പാത്രിയര്‍ക്കീസ് ആകമാന സഭയുടെ തലവനാകുന്നു. (2) ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്ന മലങ്കരസഭയുടെ യോജിപ്പിനായി പാത്രിയര്‍ക്കീസ് മലങ്കരയെ ഒരു കാതോലിക്കേറ്റായി പ്രഖ്യാപനം ചെയ്യുന്നു. (3) ഈ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി പാത്രിയര്‍ക്കീസും കാതോലിക്കോസും എത്രയും വേഗം യോജിച്ചു ചെയ്യുന്ന തീരുമാനം ഇരുപക്ഷത്തെയും മേല്‍പട്ടക്കാര്‍ സ്വീകരിക്കുന്നു. (4) ഈ തീരുമാനങ്ങള്‍ പാത്രിയര്‍ക്കീസിനെ അറിയിക്കാന്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായെ അധികാരപ്പെടുത്തുന്നു.4

പക്ഷേ, മൂന്നാമത്തെ തീരുമാനം സമാധാന ശ്രമങ്ങള്‍ക്കു കാലവിളംബം സൃഷ്ടിക്കാനും, ഫലത്തെപ്പറ്റി അനിശ്ചിതത്വം സംജാതമാക്കാനും മാത്രമേ ഉപകരിക്കൂ എന്നു കണ്ട പീസ് ലീഗ് എക്സിക്യൂട്ടീവ് കമ്മിറ്റി തിരുമേനിമാരെ വ്യക്തമായ പരസ്പര ധാരണയുണ്ടാക്കുന്ന കാര്യത്തില്‍ നിര്‍ബന്ധിച്ചു. വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഒരു സമ്മര്‍ദ്ദത്തിന്‍റെ അന്തരീക്ഷം അവിടെ ഉണ്ടായി. മന്ത്രി ഇ. ജോണ്‍ ഫീലിപ്പോസും 9 നിയമസഭാംഗങ്ങളും ചേര്‍ന്ന കമ്മിറ്റി പത്തു വ്യവസ്ഥകള്‍ അടങ്ങിയ ഒരു കരാര്‍ എഴുതിയുണ്ടാക്കി തിരുമേനിമാര്‍ക്കു സമര്‍പ്പിച്ചു. ബഥനിയിലെ മാര്‍ തേവോദോസ്യോസ് തിരുമേനി പീസ് ലീഗിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയില്ല. അദ്ദേഹം പൊട്ടിത്തെറിച്ചു. വ്യവസ്ഥകള്‍ മലങ്കരയുടെ സ്വാതന്ത്ര്യത്തെയും അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസ് നല്‍കിയ കാതോലിക്കേറ്റിനെയും തിരസ്കരിക്കുന്നതാണെന്നു വിശ്വസിക്കുന്നതിനാല്‍ തനിക്ക് അതില്‍ ഒപ്പുവെയ്ക്കാന്‍ സാദ്ധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹത്തെ തടയാന്‍ സംഘാടകര്‍ക്കു സാധിച്ചില്ല. മറ്റു മെത്രാപ്പോലീത്തന്മാര്‍ അതുപോലെ രക്ഷപ്പെട്ടു പോകാതിരിക്കാന്‍ പീസ്ലീഗ് വോളണ്ടിയര്‍മാര്‍ വാതിലുകള്‍ പൂട്ടി. സമ്മര്‍ദ്ദത്തിനു വഴങ്ങാതെ വന്നതോടെ ക്ഷുഭിതരായ യുവാക്കള്‍ സെമിനാരിയുടെ താഴത്തെ നിലയില്‍ തൊണ്ടുകള്‍ കൂട്ടി കത്തിച്ചു. പുക സഹിക്കാനാവാതെയും ക്ഷുഭിതരായ യുവാക്കളെ ഭയന്നും ഒടുവില്‍ രക്ഷപ്പെടുവാനായി പങ്കെടുത്ത മറ്റു മെത്രാപ്പോലീത്തന്മാര്‍ എല്ലാവരും വ്യവസ്ഥകളില്‍ ഒപ്പു വച്ചു.

പിന്നീട് ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായായിത്തീര്‍ന്ന ജോസഫ് ശെമ്മാശനും പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവായുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡീക്കന്‍ റ്റി. ജി. സഖറിയായും ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികളാണ്.5

ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോന്ന മാര്‍ തേവോദോസ്യോസിന്‍റെ നടപടി തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതും, അത് നീക്കാന്‍ മെത്രാപ്പോലീത്താ തന്നെ നേരിട്ടു പോയി വിശദീകരണം നല്‍കിയതുമായ ഒരു സംഭവം ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് പറഞ്ഞിരിക്കുന്നത് കാണുക:

"പരിപൂര്‍ണ്ണ സ്വതന്ത്രസഭാവാദിയായിരുന്നു മാര്‍ തേവോദോസ്യോസ് തിരുമേനി. മറ്റ് ഓര്‍ത്തഡോക്സ് സഭകളുമായുള്ള സമ്പര്‍ക്കമാണു തിരുമേനിയെ ഇക്കാര്യത്തില്‍ ഉറപ്പിച്ചത്. 'സ്വയംഭരണ നേതൃത്വമുള്ള സഭ' എന്നര്‍ത്ഥം വരുന്ന څഅൗീരേലുവമഹൗെ ഇവൗൃരവچ അഭിവന്ദ്യ തിരുമേനിയാണ് ഇവിടെ ആദ്യം പ്രയോഗത്തില്‍ കൊണ്ടുവന്നത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ ഭാരതത്തിലെ ദേശീയസഭ ആണെന്നും ഈ സഭയുടെ കാര്യങ്ങള്‍ ഈ സഭയ്ക്കുതന്നെ തീരുമാനിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും ഈ സഭ ഒരു വിദേശസഭയുടെയും വിധേയത്വത്തിലല്ലെന്നും അദ്ദേഹം പഠിപ്പിച്ചു. ആലുവാ വട്ടമേശസമ്മേളനം, ചിങ്ങവനം വട്ടമേശസമ്മേളനം എന്നീ സമാധാന സന്ധിയാലോചനകളില്‍ അദ്ദേഹം നിസ്സഹകരണം കാണിച്ചത് ഈ മനോബോദ്ധ്യത്തോടുള്ള കൂറുകൊണ്ടു മാത്രമായിരുന്നു. ചിങ്ങവനം വട്ടമേശസമ്മേളനം നടന്നകാലത്ത് ഡോ. വിസര്‍ട്ട് ഹൂഫ്റ്റ് (അഖില ലോക സഭാ കൗണ്‍സിലിന്‍റെ സ്ഥാപക സെക്രട്ടറി) കേരളം സന്ദര്‍ശിക്കുകയായിരുന്നു. സമ്മേളനത്തില്‍ മാര്‍ തേവോദോസ്യോസ് സ്വീകരിച്ച നിലപാട് അദ്ദേഹത്തില്‍ തെറ്റിദ്ധാരണകളുണ്ടാക്കി. മാര്‍ തേവോദോസ്യോസ് തിരുമേനി എന്നോടൊത്ത് എറണാകുളത്തു ചെന്ന് ഡോ. വിസ്സര്‍ട്ട് ഹൂഫ്റ്റിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണകള്‍ നീക്കി. ചിങ്ങവനം സമ്മേളനം എഴുതിയുണ്ടാക്കിയ സമാധാന വ്യവസ്ഥകളുടെ പഴുതുകളും പോരായ്മകളും മലങ്കരസഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ അതിന്‍റെ അപര്യാപ്തതയും മാര്‍ തേവോദോസ്യോസ് ഡോ. വിസ്സര്‍ട്ട് ഹൂഫ്റ്റിനെ ബോദ്ധ്യപ്പെടുത്തി. അദ്ദേഹം തിരുമേനിയുടെ നിലപാടിനോടു യോജിപ്പു പ്രകടിപ്പിച്ചു."6

മാര്‍ തേവോദോസ്യോസിന് അസ്വീകാര്യമായിത്തീര്‍ന്ന വ്യവസ്ഥകള്‍ താഴെപ്പറയുന്നവയാണ്. സമാധാനത്തിനുവേണ്ടി ആയാലും അതില്‍ അയവു കാട്ടാന്‍ അദ്ദേഹം വിസമ്മതിച്ചു: (1) കാതോലിക്കോസ് പാത്രിയര്‍ക്കീസിനു ശല്‍മൂസ നല്‍കണം. (2) പാത്രിയര്‍ക്കീസ് കൂദാശ ചെയ്ത മൂറോന്‍ മലങ്കരയില്‍ ഉപയോഗിക്കണം. (3) കാതോലിക്കോസിന്‍റെ പേരില്‍ ഏതെങ്കിലും പരാതി ഉണ്ടായാല്‍ അതു പാത്രിയര്‍ക്കീസിന്‍റെ മുമ്പില്‍ മാത്രം സമര്‍പ്പിക്കണം. പാത്രിയര്‍ക്കീസ് അതെപ്പറ്റി അന്വേഷിക്കുന്നു എങ്കില്‍ അതു സുന്നഹദോസ് വഴി നടത്തണം. സുന്നഹദോസിന്‍റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി പാത്രിയര്‍ക്കീസ് തീര്‍പ്പു കല്‍പിക്കണം. അത് അവസാന തീരുമാനം ആയിരിക്കും. മറ്റ് ഏഴു വ്യവസ്ഥകളില്‍ റിശീസ്സാ കൊടുക്കണമെന്നുള്ള വ്യവസ്ഥ ഒരു അധീശത്വം കല്‍പിക്കുന്ന തരത്തിലായിരിക്കരുതെന്നും തിരുമേനിക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ഈ വ്യവസ്ഥകള്‍ തോക്കു ചൂണ്ടി സമ്മതിപ്പിച്ചതായതുകൊണ്ട് താന്‍ അതിനെ നിഷേധിക്കുമെന്നു പ. കാതോലിക്കാ ബാവാ തിരുമേനി പഴയസെമിനാരിയില്‍ എത്തിയ ഉടനെ പ്രസ്താവിക്കുകയുണ്ടായി. പാത്രിയര്‍ക്കീസ് ബാവായും വ്യവസ്ഥകള്‍ അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ മരണംവരെ ഉപവസിക്കുന്ന ഒരു പരിപാടിയിലേക്കു പീസ് ലീഗ് പ്രവേശിച്ചു. പ്രസിഡണ്ട് ടി. എം. ചാക്കോ, കെ. ഇ. മാമ്മന്‍ കണ്ടത്തില്‍, എം. കുര്യന്‍, പന്തളം വറുഗീസ് (ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍), ഫാദര്‍ അലക്സാണ്ടര്‍ കോടിയാട്ട്, ഫാദര്‍ ഗീവറുഗീസ് പാമ്പാടി കണ്ടത്തില്‍ എന്നിവര്‍ ഉപവാസയജ്ഞത്തില്‍ പ്രവേശിച്ചു. ഉല്‍ക്കണ്ഠാകുലമായ ദിവസങ്ങള്‍ കടന്നുപോയി. കാതോലിക്കാ പക്ഷത്തെ തിരുമേനിമാര്‍ ഇവിടെ ഉള്ളവരായതിനാല്‍ അവര്‍ നിലപാടില്‍ മയപ്പെട്ടു. പക്ഷേ, പാത്രിയര്‍ക്കീസിന്‍റെ പക്കല്‍ നിന്നു ഡോ. പി. റ്റി. തോമസ് പാലാമ്പടത്തിന്‍റെ പ്രത്യേക ശ്രമത്തില്‍ വരുത്തിയ കല്‍പന അത്യന്തം നിരാശാജനകമായിരുന്നു. ദൂരെ ഇരിക്കുന്ന പാത്രിയര്‍ക്കീസിനു പരിവര്‍ത്തനമുണ്ടാക്കാന്‍ ഉപവാസം ഒരു മാര്‍ഗ്ഗമല്ലെന്നുള്ള സീനിയര്‍ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് ഉപവാസം അനുഷ്ഠിച്ചവര്‍ അതില്‍ നിന്നു പിന്മാറുകയാണു ചെയ്തത്. പീസ് ലീഗിന്‍റെ പുത്തനങ്ങാടി കുരിശുപള്ളിയിലെ ഉപവാസവേളയില്‍ സമാധാന വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനും മദ്ധ്യസ്ഥത വഹിക്കുന്നതിനും മറ്റും ഡോ. പി. റ്റി. തോമസിന്‍റെ നിര്‍ബന്ധപൂര്‍വ്വമായ അഭ്യര്‍ത്ഥന അനുസരിച്ച് അന്ന് സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവകയുടെ ബിഷപ്പ് ഡോ. സി. കെ. ജേക്കബ് തിരുമേനി വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. ചരിത്രം സൃഷ്ടിച്ച ആ പ്രസ്ഥാനവും സഭാ സമാധാനം കൈവരുത്തിയില്ല.7

സ്വയംഭരണ നേതൃത്വമുള്ള സഭ

മലങ്കര ഓര്‍ത്തഡോക്സ് സഭ 'സ്വയംഭരണ നേതൃത്വമുള്ള ഒരു സഭ'യായിരിക്കണമെന്ന് മാര്‍ തേവോദോസ്യോസിന് നിര്‍ബന്ധമുണ്ടായിരുന്നു. ഭാരതത്തിലെ ദേശീയ സഭയാണ് ഓര്‍ത്തഡോക്സ് സഭ. അതിന് ഉള്‍ഭരണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതിന്‍റെ അസ്തിത്വവും വ്യക്തിത്വവും ഒരു വിദേശസഭയ്ക്കും അടിയറ വയ്ക്കുവാനുള്ളതല്ല. നമ്മുടെ പാരമ്പര്യവും പട്ടത്വവും പരിരക്ഷിക്കണം. ഈ വിധത്തിലാണ് സഭയെക്കുറിച്ച് മെത്രാപ്പോലീത്താ പഠിപ്പിക്കാറുണ്ടായിരുന്നത്. സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്ര്യം ഇവ ചോദ്യം ചെയ്യപ്പെട്ടപ്പോഴൊക്കെ, അതിനെതിരായി ഉറച്ച നിലപാട് അദ്ദേഹം സ്വീകരിച്ചു. മെത്രാപ്പോലീത്തായായി അഭിഷിക്തനായതിനുശേഷം, നടന്ന അനുമോദന സമ്മേളനത്തില്‍ (കര്‍മ്മേല്‍ ദയറാ, മുളന്തുരുത്തി) ചെയ്ത മറുപടി പ്രസംഗത്തില്‍ ഈ ആശയങ്ങളെല്ലാം പ്രതിഫലിക്കുന്നുണ്ട്. ഒരു ഭാഗം കാണുക: 
"പ്രൊട്ടസ്റ്റന്‍റ് സഭകള്‍, അപ്പോസ്തോലികവും കാതോലികവുമായ വിശ്വാസാചാരങ്ങളെ ഒന്നിനു പുറകെ ഒന്നായി വിട്ടുകളയുമ്പോള്‍ കത്തോലിക്കാസഭ ഒന്നിനുമേല്‍ ഒന്നായി പുതിയ വിശ്വാസാചാരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു. പിതാക്കന്മാര്‍ക്ക് ഒരിക്കലായി ഭരമേല്‍പിക്കപ്പെട്ടിട്ടുള്ള സത്യവിശ്വാസത്തേയും പാരമ്പര്യങ്ങളേയും അഭേദ്യമായി ആദിമ ക്രിസ്തീയ കാലം മുതല്‍ ഇന്നോളം പരിരക്ഷിച്ചു വരുന്നത് നാം ഉള്‍പ്പെടെയുള്ള പൗരസ്ത്യ സഭകളാണ്. ഈ ഒറ്റ സംഗതിയാണ് പാശ്ചാത്യ സഭകള്‍ക്കും ഇതര പൗരസ്ത്യ സഭകള്‍ക്കും നമ്മെപ്പറ്റിയുള്ള മതിപ്പിനും ബഹുമാനത്തിനും കാരണമായിത്തീര്‍ന്നിട്ടുള്ളത്. ഈ നിര്‍മ്മലമായ വിശ്വാസാചാരങ്ങളെ പരിരക്ഷിച്ചും യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം സഭയില്‍ പുനരുജ്ജീവിപ്പിച്ചും സുവിശേഷപരമായ കാര്യങ്ങളില്‍ സര്‍വ്വപ്രധാനമായ ശ്രദ്ധ പതിപ്പിച്ചും അനിയന്ത്രിതമായ വിദേശബന്ധം മൂലം നമ്മുടെ സഭയ്ക്കുണ്ടായിട്ടുള്ള അടിമത്തത്തില്‍ നിന്നും അതിനെ സമുദ്ധരിക്കുന്നതിനുള്ള തീവ്രയത്നം ചെയ്തും മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കരസഭയ്ക്കു സ്ഥാപനകാലം മുതലുണ്ടായിരുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിച്ചും ഇന്ത്യാ ജാത്യൈക സഭയായി നാം പുരോഗമിക്കേണ്ടതാണ്. എതിര്‍പക്ഷത്തു നില്‍ക്കുന്നവരായ നമ്മുടെ സഹോദരങ്ങളോടോ, ശീമക്കാരോടോ വ്യക്തിപരമായി യാതൊരു വിദ്വേഷവും നമുക്കില്ല. അവര്‍ നമ്മുടെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവുമാകുന്നു. ദുര്‍വാശിയും ഹ്രസ്വദൃഷ്ടിയും അവരുടെ ദര്‍ശനശക്തിയെ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനോടു നമുക്കു സഹതാപമോ, അനുഭാവമോ ഇല്ല. ശീമക്കാരോടു യഥാര്‍ത്ഥമായ താല്‍പര്യം എതിര്‍പക്ഷത്തു നില്‍ക്കുന്നവരേക്കാള്‍ കൂടുതലായി നമുക്കുണ്ട്. എന്നാല്‍ അവരുടെ ദുര്‍നയങ്ങളേയും, വിക്രിയകളേയും നാം അപലപിക്കുകയും മരണത്തോളം അവയ്ക്കെതിരായി നാം ശക്തിയുക്തം പോരാടുകയും വേണം."8

മറ്റൊരു ഘട്ടത്തില്‍, സഭാകാര്യങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 

"അപൂര്‍വ്വം സഭകള്‍ക്കു ലഭിച്ചിട്ടുള്ള ഒരു പദവിയാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു ലഭിച്ചിട്ടുള്ളത്. അതിന്‍റെ സ്ഥാപകനായ മാര്‍ത്തോമ്മാ ശ്ലീഹാ ഇവിടെത്തന്നെ രക്തസാക്ഷിയായിത്തീര്‍ന്നു എന്നുള്ളതാണ് ആ മഹോന്നതമായ പദവി. 1665 മുതലാണ് നമുക്ക് അന്ത്യോഖ്യാ സഭയുമായി ബന്ധം ഉണ്ടാകുന്നത്. അന്നു മുതല്‍ പാത്രിയര്‍ക്കീസന്മാര്‍ അവരുടെ അധികാരം ഇവിടെ സ്ഥാപിച്ച് മലങ്കരസഭയുടെ ഭരണകര്‍ത്താക്കളാകുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഈ കൈയേറ്റത്തെ ധീരമായി എതിര്‍ത്തു സഭയുടെ ഭരണസ്വാതന്ത്ര്യം സംരക്ഷിച്ചതു വട്ടശ്ശേരില്‍ തിരുമേനിയാണ്. തിരുമേനി സഭയുടെ സ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി സ്വജീവന്‍പോലും കരുതാതെ പോരാടി. 1912-ല്‍ കാനോനിക പൗരസ്ത്യ കാതോലിക്കേറ്റ് ഇന്ത്യയിലെ സുന്നഹദോസിന്‍റെ സഹകരണത്തോടുകൂടി അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ പുനഃസ്ഥാപിച്ചു. അതോടെ സഭ സ്വയംപര്യാപ്തതയില്‍ എത്തി. ഇനിയും സഭയ്ക്കു യാതൊരു ശങ്കയ്ക്കും വകയില്ല. ഒരു പ്രലോഭനത്തിനും കീഴടങ്ങേണ്ട കാര്യവുമില്ല. സഭയ്ക്കു പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയുമുണ്ട്. സഭാഭരണത്തിനു ബാര്‍ എബ്രായയുടെ ഹൂദായ കാനോന്‍ കൂടാതെ, മലങ്കര അസ്സോസിയേഷന്‍ പാസ്സാക്കിയതും, സിനഡ് അംഗീകരിച്ചതുമായ ഭരണഘടനയുണ്ട്. അതനുസരിച്ച് സഭാകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോയാല്‍ മതി. പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ അടിയുറച്ച ഭരണഭീതി, നമുക്കു മാത്രമല്ല, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകള്‍ക്കെല്ലാം ഉള്ളതാണ്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളെല്ലാം ഓരോ രാജ്യത്ത് അതാതു സഭയുടെ മേലദ്ധ്യക്ഷന്‍റെ കീഴില്‍ പൂര്‍ണ്ണ ഭരണസ്വാതന്ത്ര്യത്തിലും സ്വയംപര്യാപ്തതയിലും കഴിഞ്ഞുകൂടുന്ന തനി ദേശീയ സഭകളാണ്. പാത്രിയര്‍ക്കീസ് ബാവായോട് നമുക്ക് സ്നേഹവും ബഹുമാനവുമാണുള്ളത്. അത് ഓര്‍ത്തിരിക്കണം. സ്നേഹബഹുമാനങ്ങള്‍ക്ക് കുറവു വരാന്‍ പാടില്ല. അതു പാലിക്കണം. എന്നാല്‍ ഇവിടുത്തെ ഭരണത്തില്‍ പ്രവേശിപ്പാന്‍ അദ്ദേഹത്തിനു യാതൊരു അധികാരവുമില്ല. ബന്ധം എല്ലാം കാനോനും ഭരണഘടനയ്ക്കും വിധേയമാണ്. കേസ് നടന്നുകൊണ്ടിരിക്കുകയാണല്ലോ. കേസ് അവര്‍ക്ക് അനുകൂലമായി വരുന്നെങ്കില്‍ വരട്ടെ. അതില്‍ ഒട്ടും ക്ലേശിക്കാനില്ല. ജഡ്ജുമെന്‍റ് അനുസരിച്ചു പ്രവര്‍ത്തിക്കണം. വസ്തുവകകള്‍ വിട്ടുകൊടുക്കണമെങ്കില്‍ അങ്ങനെ ചെയ്യണം. സന്തോഷത്തോടെ വിട്ടുകൊടുക്കണം. നമുക്കു സ്വസ്ഥമായി നമ്മുടെ കാര്യം നോക്കാമല്ലോ. മാടത്തില്‍ കിടന്നാലും മതി, സ്വാതന്ത്ര്യത്തിന്‍റെ ശ്വാസം വലിക്കാമല്ലോ. മുടക്കും ഭയപ്പെടുത്തലും എത്രനാള്‍ സഹിക്കും? അഭിമാനമായി ജീവിക്കണം. സനാതനമായ വിശ്വാസത്തിലും ക്രിസ്തീയ ആദര്‍ശത്തിലും അടിയുറച്ചു നില്‍ക്കുന്ന സഭ ഒരിക്കലും ക്ഷീണിച്ചു പോകയില്ല. മുന്നേറുക തന്നെ ചെയ്യും."9
മലങ്കരസഭയുടെ ജന്മസിദ്ധമായ സ്വാതന്ത്ര്യത്തെ മറ്റെന്തിനേക്കാളുപരിയായി മാനിച്ചിരുന്ന മഹിതാശയനായിരുന്നു മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ. ജനനിയോടും ജന്മഭൂമിയോടും ജന്മസഭയോടും പ്രതിബദ്ധതയുള്ള മഹാന്മാരുടെ നിരയിലാണ് മെത്രാപ്പോലീത്തായുടെ സ്ഥാനം.10

1. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 482.
2. രണ്ടായിരം വര്‍ഷം പിന്നിട്ട മലങ്കരസഭ, എഡിറ്റര്‍: കെ. വി. മാമ്മന്‍, കോട്ടയം, 1992, പേജ് 81-84.
3. നന്മയുടെ നീര്‍ച്ചാലുകള്‍, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, സോഫിയാ ബുക്സ്, കോട്ടയം, 2014, പേജ് 31-32, 41.
4. രണ്ടായിരം വര്‍ഷം പിന്നിട്ട മലങ്കരസഭ, എഡിറ്റര്‍: കെ. വി. മാമ്മന്‍, കോട്ടയം, 1992, പേജ് 81-84.
5. സണ്ടേസ്കൂള്‍ പാഠപുസ്തകത്തില്‍ 'അലക്സിയോസ് മാര്‍ തേവോദോസ്യോസ് ചിങ്ങവനം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തില്ല' എന്ന് തെറ്റായി കൊടുത്തിരിക്കുന്ന കാര്യം ഈ ലേഖകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അന്ന് സണ്ടേസ്കൂള്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ ആയിരുന്ന ഫാ. റ്റി. ജി. സഖറിയാ, താനും പക്കോമിയോസ് തിരുമേനിയും അതിന് ദൃക്സാക്ഷികളാണ് എന്ന് മറുപടി പറയുകയുണ്ടായി.
6. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 942.
7. രണ്ടായിരം വര്‍ഷം പിന്നിട്ട മലങ്കരസഭ, എഡിറ്റര്‍: കെ. വി. മാമ്മന്‍, കോട്ടയം, 1992, പേജ് 81-84.
8. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 500.
9. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 500-501.
10. മലങ്കരസഭാപിതാക്കന്മാര്‍ വാല്യം രണ്ട്, ഡോ. സാമുവല്‍ ചന്ദനപ്പള്ളി, സീഡീസ് ബുക്സ്, ചന്ദനപ്പള്ളി, 2012, പേജ് 482.

Comments

Popular posts from this blog

പാത്രിയര്‍ക്കീസ് വിഭാഗവും കൂടി ചേര്‍ന്ന് ഭേദഗതി വരുത്തിയ ഭരണഘടനയെ അവര്‍ക്കെങ്ങനെ തള്ളിപ്പറയാനാകും? / ജോയ്സ് തോട്ടയ്ക്കാട്

സഭയുടെ പേരില്‍ ഓര്‍ത്തഡോക്സ് വന്ന വഴി

പഴയസെമിനാരിയില്‍ നിന്നും വി. കുര്‍ബ്ബാനയുടെ പ്രക്ഷേപണം: ഒരു വിപ്ലവകാരിയുടെ നടക്കാതെ പോയ മോഹം