അലക്സിയോസ് മാര്‍ തേവോദോസ്യോസും ചിങ്ങവനം വട്ടമേശ സമ്മേളനവും / ജോയ്സ് തോട്ടയ്ക്കാട്
'ഞാന്‍ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തായായി കഴിയുവാനാഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ ഞാന്‍ മരിക്കേണ്ടി വന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടും. മലങ്കരസഭയുടെ സ്വാതന്ത്ര്യം തീറെഴുതാനും അബ്ദല്‍ മ്ശിഹായുടെ പട്ടത്വം പാഴാണെന്നു സമ്മതിക്കാനും ഞാന്‍ തയ്യാറല്ല. എന്‍റെ Conviction -ന് എതിരായി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല."1 ഈ ധീരദൃഢസ്വരം ബഥനി ആശ്രമാചാര്യനും കൊല്ലം ഭദ്രാസനാധിപനുമായിരുന്ന അലക്സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടേതായിരുന്നു. മലങ്കരസഭയുടെ സമാധാനത്തിനായി ചിങ്ങവനം അപ്രേം സെമിനാരിയില്‍ കൂടിയിരുന്ന ഇരു വിഭാഗങ്ങളിലെയും മെത്രാപ്പോലീത്തന്മാരും, അവരെ ബന്ധികളാക്കി ഒപ്പിടുവിച്ചാല്‍ സമാധാനം ഉണ്ടാകുമെന്ന് ധരിച്ചുവശായ യുവാക്കളും ആ വാക്കുകള്‍ കേട്ടു ഒരു നിമിഷം സ്തംഭിച്ചു പോയി. ആ ഒരു നിമിഷം കൊണ്ട് കൊടുങ്കാറ്റു പോലെ മാര്‍ തേവോദോസ്യോസ് അവര്‍ക്കിടയിലൂടെ ആ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. നസ്രാണിവീര്യത്താല്‍ ജ്വലിച്ചുനിന്ന ആ മഹാപുരോഹിതനെ നേരിടുവാനും തടയാനുമാവാതെ ക്ഷുഭിത യൗവനം വെറും കാഴ്ചക്കാരായി. സഭാ സമാധാനത...